കൊല്ലം: ഫാഷിസത്തിൽ സി.പി.എം വെള്ളം ചേർക്കുന്നെന്ന ആരോപണത്തിന് മറുപടിയുമായി പി.ബി കോഓഡിനേറ്റർ പ്രകാശ് കാരാട്ട്. പാർട്ടി ഫാഷിസത്തോട് മൃദുസമീപനമാണ് സ്വീകരിക്കുന്നതെന്ന് വി.ഡി. സതീശനടക്കമുള്ള കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ആരോപിക്കാൻ കാരണം അവർ പാർട്ടി നയത്തിന്റെ കരട് രേഖപോലും വായിക്കാത്തതിനാലാണെന്ന് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യവേ അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഫാഷിസ്റ്റ് പ്രവണതയുടെ സ്വഭാവം മാറിയെന്നും അത് കുറേക്കൂടി ശക്തമായി നവ ഫാഷിസ്റ്റ് സ്വഭാവം കൈക്കൊണ്ടെന്നുമാണ് പാർട്ടി പറഞ്ഞത്. ഫാഷിസത്തിനെതിരായ തങ്ങളുടെ പോരാട്ടത്തിന് കേരളത്തിലെ കോൺഗ്രസ് നേതാക്കളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും പറഞ്ഞു.
പ്രസംഗത്തിലുടനീളം ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച കാരാട്ട്, കോൺഗ്രസിന്റെ കേന്ദ്ര നേതൃത്വത്തെ വിമർശിക്കാത്തത് ശ്രദ്ധേയമായി. ഹിന്ദുത്വ-കോർപറേറ്റ് സഖ്യത്തിന്റെ ഏകീകരണമാണ് രാജ്യത്ത് കാണുന്നത്. ഹിന്ദുത്വ വർഗീയതയുടെ തള്ളിക്കയറ്റം ആക്രമോത്സുകമായി തുടരുകയാണ്. അമേരിക്കൻ അനുകൂല വിദേശനയം ശക്തമാക്കാൻ മോദി സർക്കാർ ദൃഢനിശ്ചയം ചെയ്തിരിക്കുകയാണ്.
ബി.ജെ.പിയെയും ആർ.എസ്.എസിനെയും അവരെ പിന്തുണക്കുന്ന ഹിന്ദുത്വ കോർപറേറ്റ് കൂട്ടുകെട്ടിനെയും ചെറുത്തുതോൽപിക്കുക എന്നതാവണം പ്രധാന ലക്ഷ്യം. അതിന് ഇടത്-ജനാധിപത്യ പാർട്ടികളുടെ ഐക്യം ശക്തിപ്പെടുത്തണം. കേവല പോരാട്ടംകൊണ്ട് ഫാഷിസത്തെ ചെറുക്കാനാവില്ല. സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിലടക്കം ബാധിച്ച ഫാഷിസത്തെ ആ രംഗത്തും പ്രതിരോധിക്കണം. ബദൽ നയരൂപവത്കരണത്തിൽ പിണറായി വിജയനും ഇടത് സർക്കാറും പ്രശംസ അർഹിക്കുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊല്ലം ടൗൺ ഹാളിൽ കോടിയേരി ബാലകൃഷ്ണൻ നഗറിൽ നടക്കുന്ന സമ്മേളനത്തിൽ 530 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. നേരത്തേ സമ്മേളന നഗരിയിൽ കേന്ദ്ര കമ്മറ്റി അംഗം എ.കെ. ബാലൻ പതാക ഉയർത്തി. പ്രതിനിധി സമ്മേളനത്തിലെ താൽക്കാലിക അധ്യക്ഷനും എ.കെ. ബാലനായിരുന്നു. ടി.പി. രാമകൃഷ്ണൻ രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.