തിരുവനന്തപുരം: കോവിഡ് കാലത്തെ പി.പി.ഇ കിറ്റ് വാങ്ങൽ ക്രമക്കേടിൽ സർക്കാർ വാദങ്ങളുടെ വായടപ്പിച്ച് രേഖകൾ പുറത്ത്. കിറ്റ് കിട്ടാനില്ലാതിരുന്നതു കൊണ്ടാണ് കൂടിയ വിലക്ക് വാങ്ങേണ്ടിവന്നതെന്ന മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ വാദത്തെ ഖണ്ഡിക്കുംവിധം ആരോഗ്യമന്ത്രി വീണ ജോർജ് നൽകിയ നിയമസഭ മറുപടിയാണ് ഇതിലൊന്ന്.
സർക്കാർ കൂടിയ വിലക്ക് കിറ്റ് വാങ്ങിയതിന്‍റെ തലേന്ന് 550 രൂപ നിരക്കില്‍ 25,000 പി.പി.ഇ കിറ്റുകള്‍ നല്‍കാമെന്നു കാട്ടി അനിത ടെക്സ്റ്റിക്കോട്ട് എന്ന സ്ഥാപനം സർക്കാറിന് നൽകിയ കത്തും പ്രതിപക്ഷ നേതാവ് പരസ്യപ്പെടുത്തി. ഇതോടെ നിയമസഭക്കകത്തും പുറത്തും സർക്കാർ പ്രതിരോധത്തിലാവുകയാണ്. 2024 ജനുവരി 29ന് നിയമസഭയിൽ സനീഷ് കുമാർ ജോസഫ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അനിത ടെക്സ്റ്റിക്കോട്ട് 2020 മാർച്ച് 28ന് 550 രൂപ നിരക്കിൽ 25000 കിറ്റുകൾ നൽകാൻ സന്നദ്ധതയറിയിച്ച് കെ.എം.എസ്.സി.എല്ലിന് കത്തുനൽകിയതെന്ന് വീണ ജോർജ് സ്ഥിരീകരിച്ചത്. എന്നാൽ ഇവരിൽ നിന്ന് 10,000 കിറ്റുകൾ മാത്രമാണ് വാങ്ങിയതെന്നും മറുപടിയിലുണ്ട്.
പിറ്റേന്നാണ് മൂന്നിരട്ടി വിലക്ക് സാൻ ഫാർമക്ക് ഓർഡർ നൽകിയത്. 450 രൂപക്കും 500 രൂപക്കും പി.പി.ഇ കിറ്റ് ലഭിക്കുന്ന സമയത്താണ് 1,550 രൂപ നല്‍കി മഹാരാഷ്ട്ര ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സാന്‍ ഫാര്‍മയില്‍നിന്നു വാങ്ങിയെന്നതായിരുന്നു പ്രതിപക്ഷത്തിന്‍റെ പ്രധാന ആരോപണം. 550 രൂപക്ക് കിറ്റ് നല്‍കിയിരുന്ന കമ്പനികളൊക്കെ പത്ത് ദിവസം കൊണ്ട് കിറ്റ് എത്തിച്ചപ്പോള്‍ 100 ശതമാനം പണവും നല്‍കിയ സാന്‍ഫാര്‍മ വൈകിയാണ് സപ്ലെ ചെയ്തത്. ഇതിലും നടപടിയുണ്ടായില്ല. കോവിഡിനെ നേരിടാൻ ആരോഗ്യ സംവിധാനങ്ങൾ സജ്ജമാക്കുന്നതിന്‍റെ ഭാഗമായി പി.പി.ഇ കിറ്റുകളും എൻ 95 മാസ്കുകളും വാങ്ങാൻ കെ.എം.എസ്.സി.എല്ലിന് സർക്കാർ 2020 മാർച്ചിൽ പ്രത്യേക ഉത്തരവ് നൽകിയിരുന്നു. ക്വട്ടേഷൻ, ടെൻഡർ ഔപചാരികതകളിൽ ഇളവും നൽകി. ഇതിന്‍റെ മറവിലായിരുന്നു പരിധിവിട്ട വാങ്ങൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.