വൈദ്യുതി പ്രതിസന്ധി: കെ.എസ്.ഇ.ബിക്ക് ഗുരുതര വീഴ്ച, ട്രാൻസ്ഫോമറുകളുടെ ശേഷി വർധിപ്പിക്കാത്തതും പ്രശ്നം രൂക്ഷമാക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകാൻ കാരണം കെ.എസ്.ഇ.ബിയുടെ വീഴ്ചയെന്ന് സൂചന. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള മൂന്ന് കരാറുകൾ അവസാനിച്ചിട്ടും പുതിയ കരാറുകൾ തയാറാക്കിയില്ല. പവർ എക്സ്ചേഞ്ചിൽ വൈദ്യുതി ബുക്ക് ചെയ്യാത്തതിലും വീഴ്ച സംഭവിച്ചു. ട്രാൻസ്ഫോമറുകളുടെ ശേഷി വർധിപ്പിക്കാത്തതും പ്രതിസന്ധി രൂക്ഷമാക്കി. പീക്ക് ലോഡിൽ വൈദ്യുതി നിയന്ത്രണം പലയിടത്തും ഒരു മണിക്കൂറിന് മുകളിലാണ്. സമയം വർധിപ്പിക്കുന്ന കാര്യത്തിലടക്കമുള്ള തീരുമാനങ്ങൾ ഇന്നത്തെ ഉന്നതതല യോഗത്തിലുണ്ടാകും.
വൈദ്യുത പ്രതിസന്ധി രൂക്ഷമാകിയത് ബോർഡിന്റെ ഭാഗത്തുവന്ന ഗുരുതര വീഴ്ചയാണ്. പുറത്തുനിന്ന് വൈദ്യുതി വാങ്ങാനുള്ള മൂന്നു കരാറുകളുടെ കാലാവധിയും ഈ മാസം അവസാനിച്ചിട്ടുണ്ട്. ഇത് മുൻകൂട്ടി കണ്ട് പുതിയ കരാർ ഉണ്ടാക്കുന്നതിൽ കെ.എസ്.ഇ.ബി ഗുരുതര വീഴ്ച വരുത്തി. പവർ എക്സ്ചേഞ്ച് വഴി 90 ദിവസം മുമ്പ് വൈദ്യുതിക്കായി ബുക്കിങ് നടത്താമായിരുന്നിട്ടും ചെയ്തില്ല. ട്രാൻസ്ഫോമറുകളുടെ ശേഷി വർധിപ്പിക്കാത്തതും പീക്ക് സമയത്തെ വൈദ്യുതി നിയന്ത്രണത്തിന് കാരണമായി. ഓരോ കരാറും 200 മെഗാ വാട്ടിന്റേതാണ്. പുതിയ കരാർ ഉണ്ടാക്കുന്നതിൽ വീഴ്ച വരുത്തിയതോടെ 600 മെഗാ വാട്ട് വൈദ്യുതിയാണ് ഇല്ലാതായത്.
വൈദ്യുതി മിച്ചമുള്ളപ്പോൾ വിൽക്കുകയും ആവശ്യ സമയത്ത് തിരികെ വാങ്ങുകയും ചെയ്യുന്ന കരാറാണിത്. പണം ഇടപാടില്ലാതെ ബാർട്ടർ സമ്പ്രദായ പ്രകാരമുള്ള ഇടപാടാണിത്. 250 മെഗാ വാട്ട് വാങ്ങാൻ റെഗുലേറ്ററി കമീഷന് പെറ്റീഷൻ നൽകിയത് കഴിഞ്ഞ എട്ടിനാണ്. വേനൽക്കാലത്തെ വർധിച്ച ആവശ്യം മുൻനിർത്തി നേരത്തെ നടപടി സ്വീകരിച്ചില്ല. കുറഞ്ഞ വിലക്ക് 25 വര്‍ഷത്തേക്കാണ് 465 മെഗാവാട്ട് വൈദ്യുതി ലഭിക്കുന്ന നാലു കരാറുകൾ റഗുലേറ്ററി കമീഷൻ 2023ൽ റദ്ദാക്കിയതും തിരിച്ചടിയായി. യൂണിറ്റിന് 4.29 രൂപക്ക് വൈദ്യുതി ലഭിക്കുന്ന കരാര്‍ നടപടികളിലെ ക്രമക്കേടിന്‍റെ പേരിലാണ് റദ്ദാക്കിയത്. പിന്നീട് പുനഃസ്ഥാപിച്ചെങ്കിലും കമ്പനികള്‍ കരാര്‍ തുടരാൻ തയാറായില്ല.
സോളാര്‍ വൈദ്യുതി ഉത്പാദനവും ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജ്ജിങ്ങും കൂടിയത് അനുസരിച്ച് ട്രാൻസ്ഫോമര്‍ ശേഷി വർധിപ്പിച്ചിട്ടില്ല. ചൂടിൽ വൈദ്യുതി ആവശ്യകത കുത്തനെ ഉയര്‍ന്നതോടെ ട്രാന്‍സ്ഫോമറുകള്‍ക്ക് ഓവര്‍ ലോഡായി. രണ്ടു മാസത്തിനുള്ളിൽ 222 ട്രാൻസ്ഫോമറുകളാണ് കത്തിയത്. പീക്ക് സമയത്ത് വൈദ്യുതി നിയന്ത്രണം വേണ്ടി വന്നതും ഇതുമൂലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.