നടൻ പൂജപ്പുര രവിക്ക് മറയൂർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ
ആദരാഞ്ജലി അർപ്പിക്കാനെത്തിയവർ
തിരുവനന്തപുരം: ‘ഇവിടം വിടുന്നത് ഇഷ്ടമായിട്ടല്ല. മകൻ പോയിക്കഴിയുമ്പോൾ ഒറ്റക്ക് കഴിയാൻ പ്രയാസമാണ്. ഇനി പൂജപ്പുരയിലേക്ക് മടങ്ങിവരാനാകുമോ എന്നറിയില്ല. ഇവിടുന്ന് പോയാലും ഈ നാട് എനിക്കൊപ്പമുണ്ട്. മരിച്ചാലും ഇവർ എന്നെ മറക്കില്ല’ -ഇക്കഴിഞ്ഞ ഡിസംബർ 21ന് പൂജപ്പുര കൈലാസ് നഗറിലെ കുടുംബ വീടിന്റെ പടികളിറങ്ങി മകൾ ലക്ഷ്മിക്കൊപ്പം കാറിലേക്ക് കയറുമ്പോൾ രവീന്ദ്രൻ നായർ എന്ന പൂജപ്പുര രവിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അത്രത്തോളം അദ്ദേഹം നാടിനെയും നാട്ടാരെയും നെഞ്ചോട് ചേർത്തിരുന്നു.
40 വർഷം താമസിച്ച വീട്ടിൽനിന്ന് മൂന്നാർ മറയൂരിലെ മകളുടെ വീട്ടിലേക്കുള്ള പറിച്ചുനടലിൽ രവി ഒരിക്കലും സന്തോഷവാനായിരുന്നില്ല. മകൻ ഹരികുമാറും ഭാര്യ വൃന്ദയും മക്കളുമായി ഇംഗ്ലണ്ടിലേക്ക് പോകുന്നതിന്റെ ഭാഗമായിരുന്നു ഈ കൂടുമാറ്റം. നാടിനെയും ചെങ്കള്ളൂർ മഹാദേവരെയും എണ്ണമറ്റ സുഹൃത്ത് ബന്ധങ്ങളെയും വിട്ട് മറയൂരിന്റെ തണുത്ത കാറ്റിലേക്ക് പോകേണ്ടിവന്നതിന്റെ ദുഃഖം തന്നെ കാണാനെത്തിയ മന്ത്രിമാരോടും ചലച്ചിത്ര പ്രവർത്തകരോടും രവി പരസ്യമാക്കിരുന്നു.
ട്രാവൻകൂർ ഇൻഫൻട്രിയിലും സൈനിക സ്കൂളിലും ഉദ്യോഗസ്ഥനായിരുന്ന മാധവൻപിള്ളയുടെയും ഭവാനിയമ്മയുടെയും നാലുമക്കളിൽ മൂത്തയാളായിരുന്നു രവി. ചിന്നമ്മ മെമ്മോറിയൽ ഗേൾസ് സ്കൂൾ, തിരുമല ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിലൂടെയാണ് കലാരംഗത്തേക്ക് കടക്കുന്നത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്ദസാന്നിധ്യമായി. പതിനൊന്നാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എൽ. പുരം സദാനന്ദന്റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.
അധ്യാപകരിൽനിന്നുൾപ്പെടെ മികച്ച പ്രതികരണം ലഭിച്ചതോടെ അഭിനയം തന്റെ വഴിയായി തെരഞ്ഞെടുത്തു.നാടക നടൻ ആയിരിക്കെ കലാനിലയം കൃഷ്ണൻ നായരാണ് പേര് മാറ്റിയത്. നാടകമേഖലയിൽ ധാരാളം രവിമാർ ഉള്ളതിനാൽ പൂജപ്പുര എന്ന സ്ഥലപ്പേരുകൂടി ചേർത്തു. പിന്നീട് പൂജപ്പുര രവി എന്നത് ഒരു നാടിന്റെ അടയാളമായി. നാടകങ്ങളിൽ ശ്രദ്ധേയനായതോടെ സിനിമ ലക്ഷ്യമാക്കി അദ്ദേഹം മദ്രാസിലേക്ക് വണ്ടി കയറി. വേലുത്തമ്പി ദളവ ഉൾപ്പെടെ ഏതാനും സിനിമകളിൽ മുഖം കാണിച്ചു. എന്നാൽ ക്ലിക്കായില്ല.
സിനിമകളിൽ അവസരങ്ങൾ ഇല്ലാതായതോടെ ഗണേഷ് ഇലക്ട്രിക്കൽസ് കമ്പനി ജോലിക്കാരനായി. പിന്നീട് ജഗതി എൻ.കെ. ആചാരിയുടെ നിർദേശപ്രകാരം തിരുവനന്തപുരം കലാനിലയത്തിലെത്തി. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. 10 വർഷത്തോളം അവിടെ തുടർന്നു. കലാനിലയത്തിലെ അഭിനേത്രി തങ്കമ്മയെ ജീവിത സഖിയുമാക്കി. ആറ് വർഷം മുമ്പ് അവർ വിട പറഞ്ഞു.
1976ൽ ഹരിഹരൻ സംവിധാനം ചെയ്ത ‘അമ്മിണി അമ്മാവൻ’ എന്ന സിനിമയിലെ വേഷം ശ്രദ്ധേയമായതോടെയാണ് രവിയുടെ തലവര മാറുന്നത്. പിന്നീട് വലതും ചെറുതുമായ നിരവധി വേഷങ്ങൾ. അദ്ദേഹത്തിന്റെ ശബ്ദവും സവിശേഷമായിരുന്നു. സത്യൻ, നസീർ, മധു, ജയൻ തുടങ്ങി മമ്മൂട്ടിയും മോഹൻലാലും കഴിഞ്ഞ് പ്രിഥ്വിരാജും ടൊവീനോ തോമസും ഉൾപ്പെടെയുള്ളവർക്കൊപ്പം അഞ്ചു പതിറ്റാണ്ടോളം 800ഓളം സിനിമകളിൽ അഭിനേതാവായി.
അവതരിപ്പിച്ചവയിൽ പകുതിയിലധികവും ‘പട്ടർ’ കഥാപാത്രങ്ങളായിരുന്നു എന്നത് രവിക്ക് മാത്രം അവകാശപ്പെടാവുന്ന സവിശേഷതയാണ്. സിനിമയിൽ അവസരങ്ങൾ കുറഞ്ഞതോടെ മിനി സ്ക്രീനിലേക്ക് ചുവടുമാറി. 2016ല്‍ ‘ഗപ്പി’ എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്. അതിന് ശേഷവും അവസരങ്ങള്‍ തേടി വന്നെങ്കിലും ആരോഗ്യം അനുവദിക്കാത്തതിനാല്‍ വേണ്ടെന്നുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.