കോഴിക്കോട്: കേരളം നേരിടുന്ന ഏറ്റവും പ്രധാന രാഷ്ട്രീയ ഭീഷണി ക്രൈസ്തവ, ഹൈന്ദവ സമൂഹങ്ങളിൽ ബി.ജെ.പി നേടുന്ന വളർച്ചയാണെന്നും ഇല്ലാത്ത ന്യൂനപക്ഷ വർഗീയതയെ കുറിച്ച് നെടുങ്കൻ പ്രസ്താവനകൾ നിരത്തി ബി.ജെ.പിക്ക് വഴിയൊരുക്കാൻ ചിലർ ക്വട്ടേഷൻ എടുത്തിരിക്കുകയാണെന്നും കാന്തപുരം യുവജന വിഭാഗം മുൻ നേതാവ് മുഹമ്മദലി കിനാലൂർ.
ന്യൂനപക്ഷ വർഗീയതക്കെതിരായ പ്രതിപ്രവർത്തനം ഏറ്റവും കൂടുതൽ നടക്കുന്നത് ന്യൂനപക്ഷ സമുദായങ്ങളിൽ നിന്ന് തന്നെയാണെന്നും എന്നാൽ, ഭൂരിപക്ഷ വർഗീയതക്കെതിരെ ചെറുവിരലനക്കം പോലും ഭൂരിപക്ഷ സമുദായത്തിൽ നിന്നൊരാൾ വരുന്നില്ലെന്നും മുഹമ്മദലി കിനാലൂർ ഫേസ്ബുക്ക് പോസ്റ്റിൽ കുറ്റപ്പെടുത്തി.
2024 ലെ ലോക്‌സഭ തെരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിലാണ് ബി.ജെ.പി ഒന്നാം സ്ഥാനത്ത് വന്നതെന്നും കേരള നിയമസഭയിലേക്ക് 11 എം എൽ എമാരെ സംഭാവന ചെയ്യാനുള്ള രാഷ്ട്രീയ വളർച്ച ബി.ജെ.പി കൈവരിച്ചിരിക്കുന്നുവെന്നാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറയുന്നു.
നിലമ്പൂരിൽ ആർ.എസ്.എസും കാസയുമൊന്നും ചർച്ച ആകുന്നില്ലെന്നും എന്തുകൊണ്ടാണ് കാസയെ പേരെടുത്തു വിമർശിക്കാൻ ആരും ധൈര്യം കാണിക്കാത്തതെന്നും മുഹമ്മദലി കിനാലൂർ ചോദിക്കുന്നു.
മുഹമ്മദലി കിനാലൂരിന്റെ ഫേസ്ബുക്ക് പോസ്റ്റ്
" മതനിരപേക്ഷ കേരളം നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയ ഭീഷണി എന്താണ്?
ആർ എസ് എസിന്റെ വളർച്ചയാണ്. ആ വളർച്ച ബിജെപിയുടെ വോട്ടായി മാറുന്നതാണ്.
കേരളത്തിൽ ആർ എസ് എസ് വളരുന്നോ എന്ന് സംശയിക്കേണ്ട. കഴിഞ്ഞ ഏതാനും വർഷങ്ങളിൽ അവർക്കുണ്ടായ വളർച്ച പലരും പ്രതീക്ഷിക്കുന്നതിനപ്പുറമാണ്. 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 11 നിയമസഭാ മണ്ഡലങ്ങളിലാണ് ബിജെപി ഒന്നാം സ്ഥാനത്ത് വന്നത്. അഥവാ കേരള നിയമസഭയിലേക്ക് 11 എം എൽ എമാരെ സംഭാവന ചെയ്യാനുള്ള രാഷ്ട്രീയ വളർച്ച ബിജെപി കൈവരിച്ചിരിക്കുന്നു എന്നുതന്നെ.
ചേലക്കരയിൽ 2021-ലെ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി നേടിയത് 24,045 വോട്ടുകൾ. 2024 ൽ കെ രാധാകൃഷ്ണൻ എം പി ആയതിനെ തുടർന്ന് രാജി വെച്ചപ്പോഴുണ്ടായ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വോട്ട് 33,609. അഥവാ മൂന്ന് വർഷം കൊണ്ട് അവർ 9564 വോട്ട് വർധിപ്പിച്ചു. ചേലക്കരയെ ഒരു സൂചകമായി കണ്ട് ഓരോ മണ്ഡലത്തെയും വിലയിരുത്തി നോക്കൂ. 140 മണ്ഡലങ്ങളിൽ അവർ എത്ര വോട്ട് വർധിപ്പിച്ചിട്ടുണ്ടാകും. മലബാറിലെ മുസ്‌ലിം ഭൂരിപക്ഷ മണ്ഡലങ്ങളിൽ പോലും അവർ വോട്ട് വിഹിതം വർധിപ്പിച്ചിട്ടുണ്ട്. ആരാണ് ബിജെപിക്ക് ഇവ്വിധം വളർച്ച സാധ്യമാക്കിയത്. ചേലക്കരയിലും നേരത്തെ പറഞ്ഞ 11 മണ്ഡലങ്ങളിലും ഏത് പാർട്ടിക്കാണ് വോട്ട് കുറഞ്ഞത് എന്ന് പരിശോധിച്ചാൽ മതി. ആ പാർട്ടിയുടെ നേതാക്കൾ നടത്തിയ വർഗീയ ധ്രുവീകരണ സ്വഭാവമുള്ള ഇടപെടലുകൾ, പ്രസ്താവനകൾ നേട്ടമായി മാറിയത് ആ പാർട്ടിക്കല്ല, ബിജെപിക്കാണ്.
കേരളം നേരിടുന്ന ഏറ്റവും പ്രധാന രാഷ്ട്രീയ ഭീഷണി ക്രൈസ്തവ, ഹൈന്ദവ സമൂഹങ്ങളിൽ ബി.ജെ.പി നേടുന്ന വളർച്ചയാണ്. ആ വളർച്ച തനിയെ ഉണ്ടായതല്ല, ഉണ്ടാക്കി കൊടുത്തതാണ്. എന്തുകൊണ്ട് നിലമ്പൂരിൽ ആർ എസ് എസും കാസയുമൊന്നും ചർച്ച ആകുന്നില്ല? കേരളത്തിൽ കൊടിയ വർഗീയ വിദ്വേഷ പ്രചാരണം കെട്ടഴിച്ചുവിടുന്ന കാസക്കെതിരെ എന്തുകൊണ്ട് നിലമ്പൂരിൽ ഒരു ശബ്ദവും ഉണ്ടാകുന്നില്ല. അവരുടെ പേരെടുത്തു വിമർശിക്കാൻ ധൈര്യം കാണിക്കാത്തതെന്ത്?
ഒരു കാര്യം വ്യക്തതയോടെ പറയാം. ന്യൂനപക്ഷ വർഗീയതക്ക് ഒരു കാലത്തും ഇന്ത്യയിൽ അധികാരത്തിൽ വരാൻ കഴിയില്ല. കേരളത്തിൽ ഒരു എം എൽ എയെ പോലും അവർക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കില്ല. കാരണം ന്യൂനപക്ഷ വർഗീയതക്കെതിരായ പ്രതിപ്രവർത്തനം ഏറ്റവും കൂടുതൽ നടക്കുന്നത് ന്യൂനപക്ഷ സമുദായങ്ങളിൽ തന്നെയാണ്. അവരുടെ വളർച്ചയെ മുരടിപ്പിക്കുന്ന പ്രധാന ഘടകം സ്വന്തം സമുദായത്തിൽ നിന്നുണ്ടാകുന്ന എതിർപ്പാണ്. ഭൂരിപക്ഷ വർഗീയത അങ്ങനെ അല്ല. അവർ അധികാരം നേടിയിട്ടുണ്ട്. അധികാരം മറയാക്കി ഹിംസ ശക്തിപ്പെട്ടിട്ടുമുണ്ട്. അവർക്കെതിരെ ചെറുവിരലനക്കം പോലും ഭൂരിപക്ഷ സമുദായത്തിൽ നിന്നുണ്ടാകുന്നില്ല.
വെള്ളാപ്പള്ളിയോ സുകുമാരൻ നായരോ ഭൂരിപക്ഷ വർഗീയതയെ തള്ളിപ്പറഞ്ഞത് നിങ്ങൾ കേട്ടിട്ടുണ്ടോ? എന്നിട്ടും എന്തുകൊണ്ട് ഭൂരിപക്ഷ വർഗീയത ചർച്ച ആകാതിരിക്കുകയും ഇല്ലാത്ത ന്യൂനപക്ഷ വർഗീയതയെ കുറിച്ച് നെടുങ്കൻ പ്രസ്താവനകൾ പാർട്ടി നേതാക്കളിൽ നിന്നുണ്ടാവുകയും ചെയ്യുന്നു? അതിന്റെ ഉത്തരമാണ് മുകളിൽ പറഞ്ഞത്, ബിജെപിക്ക് വഴിയൊരുക്കാൻ ചിലർ ക്വട്ടേഷൻ എടുത്തിരിക്കുകയാണ്. കേരളത്തിൽ 11 എം എൽ എമാർ എന്ന സ്വപ്നത്തിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ഫിനിഷ് ചെയ്തത്. അത്ര പോരാ എന്നാണ് ഭൂരിപക്ഷ വർഗീയതയുടെ പുതിയ രക്ഷിതാക്കൾ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് മലബാറിലെ മണ്ഡലങ്ങളിൽ ഉൾപ്പെടെ വരും തിരഞ്ഞെടുപ്പിലും ന്യൂനപക്ഷ വർഗീയത തന്നെ ആകും പ്രധാന പ്രചാരണായുധം."
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.