പയ്യന്നൂർ: തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും തങ്ങൾ ലക്ഷ്യമിട്ട രാഷ്ട്രീയ ദൗത്യം പയ്യന്നൂരിൽ വിജയിച്ചു കഴിഞ്ഞുവെന്ന് യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി വി. കുഞ്ഞികൃഷ്ണൻ. പയ്യന്നൂരിലെ പാർട്ടിയിൽ നടന്ന അഴിമതികൾക്കെതിരെ താൻ തുടങ്ങിവെച്ച പോരാട്ടങ്ങളുടെ തുടർച്ചയായാണ് മത്സരരംഗത്തിറങ്ങിയതെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിൽ മത്സരിക്കുക എന്നത് ഒരിക്കലും തന്റെ ആഗ്രഹമായിരുന്നില്ല. എന്നാൽ പാർട്ടിയിലെ അഴിമതികളെ ചോദ്യം ചെയ്തപ്പോൾ, ആരോപണവിധേയനെ തന്നെ സ്ഥാനാർഥിയാക്കി ജനങ്ങളെ വെല്ലുവിളിച്ചതിലുള്ള പ്രതിഷേധമാണ് തന്റെ സ്ഥാനാർഥിത്വമെന്ന് അദ്ദേഹം പറയുന്നു. അഴിമതിക്കാരെ തെളിവ് സഹിതം ജനങ്ങൾക്ക് മുന്നിൽ പ്രദർശിപ്പിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. ആ പോരാട്ടത്തിൽ താൻ ഇതിനോടകം വിജയിച്ചു കഴിഞ്ഞുവെന്നും കുഞ്ഞികൃഷ്ണൻ അവകാശപ്പെടുന്നു.
ഞാൻ അന്നും ഇന്നും പാർട്ടിക്കെതിരല്ല. എന്നാൽ പാർട്ടിയെ മറയാക്കി അഴിമതിയും സാമ്പത്തിക വെട്ടിപ്പും നടത്തുന്ന കൊള്ളക്കാർക്കും കൊട്ടേഷൻ മാഫിയകൾക്കും അവർക്ക് സംരക്ഷണമൊരുക്കുന്നവർക്കും എതിരാണ്.
പര്യടനത്തിനിടയിൽ പലരും പാർട്ടിയോടുള്ള സ്നേഹം പ്രകടിപ്പിച്ചപ്പോഴും, ഉള്ളിലുള്ള സത്യം തിരിച്ചറിഞ്ഞതായി തന്നോട് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പയ്യന്നൂർ നിയോജക മണ്ഡലം രൂപവത്കരിച്ചതിന് ശേഷം ഇന്നുവരെ ഉണ്ടാകാത്ത വിധം രാഷ്ട്രീയ തരംഗം സൃഷ്ടിക്കാൻ വളരെ ചെറിയൊരു കൂട്ടം മനുഷ്യർക്ക് സാധിച്ചുവെന്നത് ചരിത്രപരമായ നേട്ടമാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.
പയ്യന്നൂരിന്റെ ഇക്കാലമത്രയുമുള്ള രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് കൃത്യമായ അറിവും ബോധ്യങ്ങളുമുള്ള ഞങ്ങൾക്കറിയാം വോട്ടെണ്ണലിന് ശേഷം ഞങ്ങൾ ജയിച്ചാലും തോറ്റാലും എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന്. എന്ത് തന്നെ സംഭവിച്ചാലും ഭയമില്ല. എത്ര തന്നെ നഷ്ടങ്ങൾ ഉണ്ടായാലും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിൽ ഇന്നോളം നടന്നിട്ടില്ലാത്ത വിധം പയ്യന്നൂരിൽ തരംഗമുണ്ടാക്കാൻ ഞങ്ങൾ വളരെ ചെറിയ കൂട്ടം മനുഷ്യർക്ക് സാധിച്ചിട്ടുണ്ട്. അതായിരുന്നു ഞങ്ങളുടെ ആദ്യത്തേയും പ്രധാനപ്പെട്ടതുമായ ലക്ഷ്യം. അതിൽ ഞങ്ങൾ വിജയിച്ചത് കൊണ്ട് തന്നെ മറ്റ് ജയ പരാജയങ്ങൾ അലട്ടുന്ന വിഷയമല്ല.
ഫാസിസ്റ്റ് തന്ത്രങ്ങൾ ഉപയോഗിച്ച് ഭയപ്പെടുത്തി പിന്തിരിപ്പിക്കാൻ നോക്കിയവർക്ക് മുന്നിൽ കൂടെയുള്ളവർ ഉറച്ചുനിന്നു. അക്രമണങ്ങളിൽ നിന്നും ഭീഷണികളിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ടാണ് മുന്നോട്ട് പോയത്. ഈ പോരാട്ടം ഇവിടെ അവസാനിക്കില്ലെന്നും അതിന്റെ തുടർച്ച വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നും കുഞ്ഞികൃഷ്ണൻ മുന്നറിയിപ്പ് നൽകുന്നു. വോട്ടെണ്ണുമ്പോൾ പയ്യന്നൂരിലെ കണക്കുകൾ എങ്ങനെയൊക്കെ മാറിയാലും, അത് കേരള രാഷ്ട്രീയത്തിൽ പുതിയൊരു ചർച്ചക്ക് വഴിവെക്കുമെന്ന സൂചനയാണ് വി. കുഞ്ഞികൃഷ്ണൻ നൽകുന്നത്.
പയ്യന്നൂരിലെ പാർട്ടി ഫണ്ട് വിവാദത്തിൽ നേതൃത്വത്തെ ചോദ്യം ചെയ്തതിനെത്തുടർന്ന് വി. കുഞ്ഞികൃഷ്ണനെ സി.പി.എം പുറത്താക്കിയിരുന്നു. തുടർന്ന് അദ്ദേഹം അഴിമതിക്കെതിരായ നിലപാടുമായി തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.