ഐ.ബി.ഡി.എസ് സംവിധാനം വിനയായി; കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം പ്രതിസന്ധിയിൽ

കൊല്ലം: സർക്കാർ ഫണ്ട് ലഭിച്ചിട്ടും കെ.എസ്.ആർ.ടി.സി പെൻഷൻ വിതരണം കുരുക്കിൽ. സെപ്റ്റംബറിലെ പെൻഷൻ വിതരണം പൂർത്തിയായത് 22നാണ്. ഒക്ടോബറിലെ പെൻഷനുള്ള ഫണ്ട് സെപ്റ്റംബർ 30ന് ധനവകുപ്പ് അനുവദിച്ചിട്ടും പെൻഷൻ നൽകാനുള്ള നടപടികൾ എങ്ങുമെത്തിയിട്ടില്ല. പുതിയ സർക്കാർ കൊണ്ടുവന്ന ഐ.ബി.ഡി.എസ് (ഇന്റഗ്രേറ്റ‍ഡ് ബജറ്റ് ആൻഡ് ഡിസ്ബേഴ്സ്‌മെന്റ് സിസ്റ്റം) സംവിധാനത്തിലെ സാങ്കേതികപ്രശ്നമാണ് ഇപ്പോൾ കുരുക്കായിരിക്കുന്നത്.

കൃത്യസമയത്ത് ലഭിക്കുന്ന ഫണ്ട് പെൻഷൻകാർക്ക് നൽകുന്നതിൽ ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സി മാനേജ്മെന്റും വീഴ്ചവരുത്തുന്നതായി പരാതിയുണ്ട്. ഇതുമൂലം 43,000 വയോധികരായ പെൻഷൻകാരാണ് ദുരിതത്തിലായിരിക്കുന്നത്. ഇവർക്ക് ലഭിക്കുന്നത് 15 വർഷം മുൻപത്തെ തുച്ഛമായ പെൻഷനാണ്. 1,350 രൂപ എക്സ്ഗ്രേഷ്യ പെൻഷനും 4,500 രൂപ മിനിമം പെൻഷനും ലഭിക്കുന്ന ഒട്ടേറെപ്പേരുണ്ട്. പ്രിയദർശിനി സൗജന്യയാത്ര, പെൻഷൻ, ശമ്പളം എന്നിവക്കായുള്ള ഫണ്ട് ഐ.ബി.ഡി.എസ് വഴിയാണ് അനുവദിക്കുന്നത്.

നേരത്തേ ധനവകുപ്പ് സഹകരണവകുപ്പിന് ഫണ്ട് കൈമാറുകയും അവർ കെ.എസ്.ആർ.ടി.സി പെൻഷൻ നൽകിവരുന്ന, സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിന് നൽകുകയുമായിരുന്നു. കൺസോർഷ്യം വഴിയുള്ള പെൻഷൻ വിതരണം അവസാനിക്കുന്ന മുറക്ക് ഡിസംബർ മുതൽ പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ, സെപ്റ്റംബർ മുതൽ പുതിയ രീതിയിലേക്ക് മാറി. ഈ സംവിധാനത്തിൽ എല്ലാ മാസവും ഒന്നിനും 14 നും മാത്രമേ ഫണ്ട് ട്രാൻസ്‌ഫർ നടക്കുകയുള്ളൂ.

ഒന്നിനുതന്നെ ഫണ്ട് ട്രാൻസ്‌ഫർ ചെയ്തു വാങ്ങുന്നതിന് നടപടിയുണ്ടായാൽ അഞ്ചിന് മുമ്പ് പെൻഷൻ ലഭിക്കും. തിരുവനന്തപുരം ജില്ലയിൽ 17നും കാസർകോട്‌ ജില്ലയിൽ 22നുമാണ് പെൻഷൻ നൽകിയത്. പെൻഷൻകാരുടെ പട്ടിക അയച്ചുകൊടുക്കുന്നതല്ലാതെ കെ.എസ്.ആർ.ടി.സി മാനേജ്മെന്റിൽനിന്നും ഗതാഗതവകുപ്പിൽനിന്നും ഇടപെടൽ ഉണ്ടാകുന്നില്ലെന്നാണ് ആരോപണം.

Tags:    
News Summary - IBDS system fails; KSRTC pension distribution in crisis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.