പ്രതാപചന്ദ്രൻ നായരുടെ മരണം പൊലീസ് അന്വേഷിക്കും

തിരുവനന്തപുരം: കെ.പി.സി.സി ട്രഷററായിരുന്ന പ്രതാപചന്ദ്രൻ നായരുടെ മരണം ശംഖുമുഖം അസി. കമീഷണർ അന്വേഷിക്കും. കോണ്‍ഗ്രസ് നേതാക്കളുടെ മാനസിക പീഡനം മൂലമാണ് പ്രതാപചന്ദ്രന്‍റെ മരണമെന്ന് മക്കൾ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ആരോപിച്ചിരുന്നു. കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലിനെ തുടര്‍ന്ന് പരാതി പിന്നീട് പിന്‍വലിക്കുകയും ചെയ്തു. എന്നാല്‍ കെ.പി.സി.സി പ്രസിഡന്‍റ് വാക്കുപാലിച്ചില്ലെന്നും പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായും വ്യക്തമാക്കി പ്രതാപചന്ദ്രൻ നായരുടെ മക്കള്‍ രംഗത്തുവന്നതോടെയാണ് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടത്. മക്കളായ പ്രജിത്തും പ്രീതിയും ഡി.ജി.പിക്ക് നല്‍കിയ പരാതിയിലാണ് അന്വേഷണം. 

കെ.പി.സി.സി യുടെ ഫണ്ട് കട്ടുമുടിക്കുന്നു എന്ന തരത്തിൽ ചില മാധ്യമങ്ങളിലും സാമൂഹിക മാധ്യമങ്ങളിലും പ്രചരിച്ച വാർത്ത പ്രതാപചന്ദ്രന് അപകീർത്തിയും മാനസികാഘാതവും ഉണ്ടാക്കിയെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. ഈ അപവാദ പ്രചാരണത്തിന് പിന്നിലുള്ളവരെന്ന് സംശയിക്കുന്ന കോഴിക്കോട് സ്വദേശികളായ നേതാക്കള്‍ക്ക് എതിരെ പൊലീസിൽ പരാതി നൽകാൻ പ്രതാപചന്ദ്രൻ മരിക്കുന്നതിന് മുമ്പ് തീരുമാനിച്ചിരുന്നതായി മക്കൾ പറഞ്ഞു. ഇതിനായി തലസ്ഥാനത്തെ ഒരു വക്കീലിനെ ചുമതലപ്പെടുത്തിയിരുന്നു. പരാതി നൽകുന്ന കാര്യം കെ.പി.സി.സി അധ്യക്ഷനെ അറിയിച്ചിരുന്നതായും ഡി.ജി.പിക്ക് നൽകിയ പരാതിയിൽ സൂചിപ്പിക്കുന്നു. ഡിസംബര്‍ 21നാണ് കെ.പി.സി.സി ട്രഷററും മുന്‍ മന്ത്രിയും കെ.പി.സി.സി പ്രസിഡന്‍റുമായ എസ്. വരദരാജന്‍ നായരുടെ മകനുമായ വി. പ്രതാപചന്ദ്രന്‍റെ മരണം. 

Tags:    
News Summary - police will investigate the death of Pratapachandran Nair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.