ലൈംഗികാതിക്രമ കേസ്: അന്വേഷണത്തോട് സഹകരിക്കുന്നില്ല; രഞ്‌ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വേണമെന്ന് പൊലീസ്

കൊച്ചി: ലൈംഗികാതിക്രമ കേസിൽ റിമാൻഡിൽ കഴിയുന്ന സംവിധായകനും മുൻ ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്‌ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വിടണമെന്ന് ആവശ്യവുമായി പൊലീസ് കോടതിയിൽ. നേരത്തെ മൂന്ന് ദിവസം കസ്റ്റഡിയിൽ വിട്ടിരുന്നെങ്കിലും ചോദ്യം ചെയ്യലിൽ രഞ്ജിത്ത് സഹകരിക്കുന്നില്ലായെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് കോടതിയിലേക്ക് പോകുന്നത്. യുവനടിയുടെ പരാതിയെത്തുടർന്ന് മാർച്ച് 31ന് അർധരാത്രിയോടെ തൊടുപുഴക്കടുത്തുള്ള മുട്ടത്ത് വെച്ചാണ് രഞ്ജിത്തിനെ പൊലീസ് പിടികൂടിയത്.

പരാതി ലഭിച്ചതിനെത്തുടർന്ന് മുൻ‌കൂർ ജാമ്യത്തിന് ശ്രമിച്ച രഞ്‌ജിത്തിനെ അറസ്റ്റ് ചെയ്യാൻ നീക്കം നടക്കുന്നുണ്ടെന്ന അഭിഭാഷകൻ പറഞ്ഞതിനെത്തുടർന്ന് സംസ്ഥാനം വിട്ടുപോകാനായിരുന്നു സംവിധായകന്റെ പദ്ധതി. ഇതിനായി കോട്ടയം വഴി തൊടുപുഴയിലേക്ക് പോയ രഞ്‌ജിത്ത്‌ സ്വന്തം വാഹനം ഉപേക്ഷിച്ച് സുഹൃത്തിന്റെ വാഹനത്തിലാണ് രക്ഷപെടാൻ ശ്രമിച്ചത്. ഇടുക്കി എസ്.പിയുടെ നിർദേശ പ്രകാരം കസ്റ്റഡിയിലെടുത്ത രഞ്‌ജിത്തിനെ രാത്രി തന്നെ കൊച്ചിയിൽ എത്തിച്ചെങ്കിലും ആരോഗ്യനില മോശമായതിനെത്തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പിന്നീട് ആരോഗ്യനില മെച്ചപ്പെട്ടതിനെത്തുടർന്ന് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്‌ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിരുന്നു.

റിമാൻഡിൽ വിട്ട ശേഷവും രഞ്‌ജിത്തിന്റെ അഭിഭാഷകൻ ജാമ്യത്തിന് ശ്രമിച്ചെങ്കിലും പ്രോസിക്യൂഷനും പൊലീസും അതിനെ എതിർത്തു. രഞ്‌ജിത്തിന് ജാമ്യം അനുവദിച്ചാൽ സാക്ഷികളെ സ്വാധിനിക്കാനും തെളിവുകൾ നശിപ്പിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ കേസിൽ വാദംകേട്ട കോടതി രഞ്ജിത്തിനെ ജയിലേക്ക് അയക്കുകയായിരുന്നു. നിലവിൽ കാക്കനാടുള്ള സബ് ജയിലിലാണ് രഞ്‌ജിത്ത്. അതേസമയം കസ്റ്റഡി അപേക്ഷയിലും രഞ്‌ജിത്തിൻ്റെ ജാമ്യ ഹർജിയിലും സി.ജെ.എം കോടതിയിൽ ഇന്നും വാദം തുടരും.

Tags:    
News Summary - Police want Ranjith back in custody for not cooperating with investigation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.