തിരുവനന്തപുരം: പഹല്‍ഗാം ഭീകരാക്രമണ കേസിലെ മുഖ്യസൂത്രധാരന്‍ സജാദ് ഗുല്‍ കേരളത്തില്‍ പഠിച്ചെന്ന വിവരം പരിശോധിക്കാന്‍ കേരള പൊലീസ്. ഇക്കാര്യത്തില്‍ ഇന്റലിജന്‍സ് വിവരശേഖരണം നടത്തും. സജാദ് ഗുല്‍ കേരളത്തില്‍ ലാബ് ടെക്നീഷ്യന് കോഴ്സ് ചെയ്തെന്നാണ് അന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തത്.
ലഷ്കറെ ത്വയ്ബക്ക് കീഴിലുള്ള ദി റസിസ്റ്റന്റ് ഫ്രണ്ടെന്ന ഭീകര സംഘടനയുടെ തലവനായ സജാദ് ഗുലിന്റെ തലക്ക് പത്ത് ലക്ഷം രൂപയാണ് ഇന്ത്യ വിലയിട്ടിരിക്കുന്നത്. 1999ല്‍ സജാദ് ഗുല്‍ ബംഗളൂരുവില്‍നിന്ന് എം.ബി.എ നേടിയിരുന്നു. 2002ല്‍ സ്ഫോടക വസ്തുക്കളുമായി സജാദ് ഡല്‍ഹി പൊലീസിന്റെ പിടിയിലായി. ഇതിനിടയിലായിരിക്കും കേരളത്തിലെ പഠനമെന്നാണ് സൂചന. ഇക്കാര്യം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. എങ്കിലും മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
കേരളത്തില്‍ എവിടെയാണ് സജാദ് ഗുല്‍ പഠിച്ചത്, എത്രകാലം തങ്ങി, എവിടെയാണ് താമസിച്ചത്, കേരളത്തില്‍ ബന്ധങ്ങളുണ്ടോ തുടങ്ങിയ വിവരങ്ങളാണ് ശേഖരിക്കുക. എന്‍.ഐ.എ കേസായതിനാല്‍ നേരിട്ട് അന്വേഷണം നടത്താന്‍ കേരള പൊലീസിന് പരിമിതിയുണ്ട്. എങ്കിലും എന്‍.ഐ.എ ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ അന്വേഷണത്തിന് തയാറാണെന്ന് ഉന്നത പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.