കട്ടപ്പന: പക്ഷാഘാതം വന്ന് തളർന്നു വീണ ഭാര്യയെ പരിചരിക്കാൻ ജോലി രാജിവെച്ച് എസ്.ഐ. വണ്ടൻ മേട് സ്റ്റേഷനിലെ എസ്.ഐ കട്ടപ്പന, വെള്ളയാംകുടി പുത്തൻപുരയ്ക്കൽ അശോകനാണ് (55) സർവീസിൽ നിന്ന് പിരിയാൻ ഒരു വർഷം ബാക്കിനിൽക്കെ സ്വയം വിരമിച്ചത്. കെ.എസ്.എഫ്.ഇ കട്ടപ്പന ശാഖ അസിസ്റ്റന്റ് മാനേജറായിരുന്ന ഭാര്യ ജയന്തിക്ക് മൂന്ന് മാസം മുമ്പാണ് സ്ട്രോക്ക് വന്നത്.
ശരീരത്തിന്റെ വലതുവശം തളർന്നു. ചികിത്സയിലൂടെ ആരോഗ്യസ്ഥിതി വീണ്ടെടുത്തു വരുന്നതിനിടെ ഇടതുവശവും തളർന്നു. തുടർന്ന് വിദഗ്ധ ചികിൽസക്കായി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു. സങ്കീർണ ശസ്ത്രക്രിയക്കുശേഷം ആശുപത്രിയിൽ ഭാര്യയുടെ പരിചരണം സ്വയം ഏറ്റെടുക്കുകയായിരുന്നു. ജോലി അതിനൊരു തടസ്സമാണെന്ന് മനസ്സിലായപ്പോഴാണ് സ്വയം വിരമിക്കാൻ തീരുമാനിച്ചത്.
തന്റെ 32 വർഷത്തെ സർവിസിനിടെ കട്ടപ്പന, കമ്പംമേട്ട്, വണ്ടൻമേട് സ്റ്റേഷനുകളിൽ സബ് ഇൻസ്പെക്ടറായും നെടുങ്കണ്ടം, കട്ടപ്പന ട്രാഫിക്, ഇടുക്കി സ്പെഷൽ ബ്രാഞ്ച് എന്നിവിടങ്ങളിലും സേവനം ചെയ്തു. രോഗശയ്യയിലായ ഭാര്യയുടെ അടുത്തുനിന്നു മാറിനിൽക്കാൻ കഴിയാത്തതിനാൽ യാത്രയയപ്പു ചടങ്ങിനുപോലും വണ്ടൻമേട് സ്റ്റേഷനിൽ പോയില്ല. സഹപ്രവർത്തകർ ആശുപത്രിയിലെത്തി യാത്രയയപ്പ് നൽകുകയായിരുന്നു.
വിവരമറിഞ്ഞ ആശുപത്രി അധികൃതരും അശോകന് എല്ലാ പിന്തുണയും നൽകി. വണ്ടൻമേട് എസ്.എച്ച്.ഒ എ. ഷൈൻകുമാർ, എസ്.ഐ. വിനോദ്കുമാർ, എസ്. ഐ പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ആശുപത്രിയിലെ യാത്രയയപ്പ് ചടങ്ങ്. തിരുവനന്തപുരത്തു സിവിൽ സർവീസ് പഠനം നടത്തുന്ന അഖിൽ അശോകനും അമ്മയെ പരിചരിക്കാൻ വരാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.