ദാസ്യപ്പണി: ഡെപ്യൂട്ടി കമാൻഡന്‍റ് രാജുവിനെ രക്ഷിക്കാൻ നീക്കമെന്ന് 

തിരുവന്തപുരം: ദാസ്യപ്പണി ആരോപണത്തിൽ നിന്ന് പേരൂർക്കട എസ്.എ.പി ക്യാമ്പ് ഡെപ്യൂട്ടി കമാൻഡന്‍റ് പി.വി. രാജുവിനെ രക്ഷിക്കാൻ നീക്കം നടക്കുന്നതായി റിപ്പോർട്ട്. രാജുവിനെതിരെ നടപടി വേണമെന്ന ഡി.ജി.പിയുടെ ശിപാർശ അട്ടിമറിച്ചെന്നാണ് ലഭിക്കുന്ന വിവരം. 

ഒരാഴ്ചയോളം കുടപ്പനകുന്നിലെ വീട്ടിൽ ടൈൽസ് പണിക്കായി എസ്.എ.പി ക്യാമ്പിലെ ദിവസ വേതനക്കാരായ ക്യാമ്പ് ഫോളവേഴ്സിനെ പി.വി. രാജു ഉപയോഗിച്ചെന്നായിരുന്നു ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ദൃശ്യങ്ങൾ സഹിതം ക്യാമ്പ് ഫോളവേഴ്സ് ഡി.ജി.പിക്ക് പരാതി നൽകി. തുടർന്ന് രാജുവിനെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്ന് ഡി.ജി.പി ശിപാർശ ചെയ്തു. എന്നാൽ, ആദ്യം അന്വേഷണം നടക്കട്ടെ എന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്. 

ബറ്റാലിയൻ ഐ.ജി. ജയരാജ് നടത്തിയ അന്വേഷണത്തിൽ ആരോപണം ശരിയാണെന്നും മുമ്പും സമാന രീതിയിൽ ക്യാമ്പ് ഫോളവേഴ്സിനെ ഡെപ്യൂട്ടി കമാൻഡന്‍റ്  ഉപയോഗിച്ചിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകി. വിഷയത്തിൽ വകുപ്പുതല അന്വേഷണം വേണമെന്നും ശിപാർശ ചെയ്തു. തുടർന്ന് രാജുവിനെ മാറ്റി നിർത്തി അന്വേഷണം പ്രഖ്യാപിക്കണമെന്ന് ഡി.ജി.പി ആഭ്യന്തര സെക്രട്ടറിക്ക് ശിപാർശ ചെയ്തു. ശനിയാഴ്ച നൽകിയ റിപ്പോർട്ടിൽ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. 

തനിക്കെതിരായ ആരോപണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വീണ്ടും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് പി.വി. രാജു അപേക്ഷ നൽകിയെന്നാണ് പുതിയ വാർത്ത. മുഖ്യമന്ത്രിക്ക് നൽകിയ പരാതി ആഭ്യന്തര സെക്രട്ടറിക്ക് കൈമാറിയിട്ടുണ്ട്.

Tags:    
News Summary - Police Slavery in SAP Deputy Commandant PV Raju -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.