രഞ്‌ജിത്ത്
കൊച്ചി: സംവിധായകൻ രഞ്‌ജിത്ത് സമർപ്പിച്ച ജാമ്യാപേക്ഷയെ എതിർത്ത് പൊലീസ്. ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രഞ്‌ജിത്തിനെ 14 ദിവസത്തെ റിമാൻഡിൽ വിട്ടിരുന്നു. ഇതിനെതിരെ സംവിധായകന്റെ അഭിഭാഷകൻ സമർപ്പിച്ച ജാമ്യാപേക്ഷയെയാണ് പൊലീസ് എതിർത്തത്. കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നും സംഭവം നടന്ന കാരവൻ തിരിച്ചറിയേണ്ടതുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.
ഇന്ന് രാവിലെ അറസ്റ്റ് ചെയ്ത രഞ്‌ജിത്തിന്റ ജാമ്യാപേക്ഷ അൽപ്പം മുമ്പാണ് കോടതി പരിഗണിച്ചത്. പ്രതിയുടെ സാന്നിധ്യത്തിൽ അതിക്രമം നടന്ന കാരവൻ കണ്ടെത്തേണ്ടതുണ്ട്. അല്ലാത്തപക്ഷം അത് തെളിവ് നശിപ്പിക്കാൻ സ്വാധിനിക്കുമെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. എന്നാൽ രഞ്‌ജിത്തിനെ ചോദ്യം ചെയ്യാൻ ആവശ്യമുണ്ടെങ്കിൽ അതിനുള്ള അപേക്ഷ എത്രയും വേഗം കോടതിയിൽ സമർപ്പിക്കണമെന്ന് പ്രതിയുടെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. ഈ ആവശ്യം മജിസ്‌ട്രേറ്റ് പ്രോസിക്യൂഷനെ അറിയിച്ചപ്പോൾ ഇന്ന് തന്നെ അപേക്ഷ സമർപ്പിക്കുമെന്നാണ് പ്രോസിക്യൂഷൻ അറിയിച്ചത്. ഇന്ന് ഉച്ചക്ക് ശേഷവും രഞ്‌ജിത്തിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നുണ്ട്. പ്രോസിക്യൂഷൻ സമർപ്പിക്കുന്ന അപേക്ഷ കോടതി അംഗീകരിച്ചാൽ റിമാൻഡ് കാലാവധി കഴിഞ്ഞശേഷം മാത്രമാകും രഞ്‌ജിത്തിന് ജാമ്യം ലഭിക്കുക.
യുവനടിയുടെ ലൈംഗികാതിക്രമ പരാതിയെ തുടർന്ന് ഇന്നലെയാണ് ഇടുക്കി എസ്.പിയുടെ ഉത്തരവ് പ്രകാരം തൊടുപുഴ മുട്ടത്ത് നിന്നും രഞ്‌ജിത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചിയിലെത്തിച്ച രഞ്‌ജിത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടതിനെതുടർന്ന് ഇന്ന് രാവിലെ മജിസ്‌ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുകയും 14 ദിവസത്തെ റിമാൻഡിന് വിധിക്കുകയും ചെയ്തു. ഇതിനിടയിലാണ് രഞ്‌ജിത്തിന്റെ അഭിഭാഷകൻ ജാമ്യാപേക്ഷ സമർപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.