പൊലീസുകാർ തിരിച്ചറിയൽ കാർഡ് കാണിക്കണമെന്ന് ഹൈകോടതി; ‘മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യം ചെയ്താൽ കുറ്റപ്പെടുത്താനാകില്ല’

കൊച്ചി: ഇനി, മഫ്ടിയിൽ ഡ്യൂട്ടിക്കിറങ്ങുന്ന പൊലീസുകാർ ഉന്നത അധികാരികളുടെ പ്രത്യേക ഉത്തരവും തിരിച്ചറിയൽ കർഡും കൈയിൽ കരുതണം. ഹൈകോടതിയുടേതാണീ നിർദേശം. നാട്ടുകാർ ചോദ്യം ചെയ്യുന്നെങ്കിൽ തിരിച്ചറിയിൽ കാർഡ് കാണിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടിരിക്കയാണ്. മഫ്ടിയിലുള്ള പൊലീസുകാർക്കു നേരെ കുരുമുളക് സ്പ്രേ അടിച്ചു രക്ഷപ്പെട്ടെന്ന കേസിൽ കോട്ടയം സ്വദേശി ഷിബിൻ ഷിയാദിനു മുൻകൂർ ജാമ്യം അനുവദിച്ച് കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. മയക്കുമരുന്നു കൈവശം വച്ചെന്നു സംശയിച്ചു മഫ്ടിയിലെത്തിയ പൊലീസ് ചോദ്യം ചെയ്തപ്പോൾ ഇയാൾ കുരുമുളക് സ്പ്രേ അടിച്ചു രക്ഷപ്പെട്ടെന്നാണ് കേസ്.

ഒക്ടോബർ 24നു ലഹരി മുരുന്നു സ്പെഷ്യൽ പരിശോധനക്ക് പോയ വാകത്താനം സ്റ്റേഷനിലെ രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരെ ഹർജിക്കാരനും കൂട്ടരും ആക്രമിച്ചെന്നാണ് പരാതി. ആക്രമണം, ഔദ്യോ​ഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.

മഫ്ടിയിലെത്തുന്ന പൊലീസുകാരെ ജനം ചോദ്യം ചെയ്താൽ കുറ്റപ്പെടുത്താനാകില്ല. പൊലീസിന്റെയും സി.ബി.ഐയുടേയും മാത്രമല്ല ജഡ്ജിയുടെ പോലും വ്യാജ സ്ഥാനമാനങ്ങളും യൂണിഫോമും ദുരുപയോ​ഗം ചെയ്തു പലരും തട്ടിപ്പ് നടത്തുന്നുണ്ട്. പൊലീസുകാരും സ്വന്തം സുരക്ഷ കണക്കിലെടുത്ത് യൂണിഫോം അണിയുന്നതാണ് ഉചിതമെന്നും കോടതി ചൂണ്ടിക്കാട്ടി.

പൊലീസുകാർ യൂണിഫോമിൽ ആയിരുന്നില്ലെന്നും തിരിച്ചറിയൽ കാർഡ് കാണിച്ചില്ലെന്നും പ്രതിഭാ​ഗം പറഞ്ഞു. കൃത്യനിർവഹണം തടസപ്പെടുത്തിയെന്നു പറയാനാകില്ലെന്നും വാദിച്ചു. തുടർന്നാണ് കോടതി വിഷയം വിശദമായി പരിശോധിച്ചത്.

മഫ്ടി ഡ്യൂട്ടിയെക്കുറിച്ച് നാ​ഗരിക സുരക്ഷാ സം​ഹിതയിലോ പൊലീസ് ആക്ടിലോ പറയുന്നില്ല. മേലധികാരിയുടെ ഉത്തരവുണ്ടെങ്കിൽ മാത്രം മഫ്ടിയിൽ ഡ്യൂട്ടി ചെയ്യാമെന്നാണ് മാന്വലിൽ പറയുന്നത്. ഈ കേസിൽ എസ്പിയുടെ പ്രത്യേക ഉത്തരവ് പ്രോസിക്യൂഷൻ ഹാജരാക്കി. ഉത്തരവിൽ മഫ്ടി ഡ്യൂട്ടി നിർദ്ദേശിച്ചിട്ടില്ലെന്നു കോടതി കണ്ടെത്തി. കുരുമുളക് സ്പ്രേ ഉപയോ​ഗിച്ചുവെന്നാണ് ചുമത്തിയ ഏക ജാമ്യമില്ലാ വകുപ്പ്. ഇത് ഇന്വേഷണത്തിൽ തെളിയേണ്ടതാണെന്നു വിലയിരുത്തിയാണ് ഉപാധികളോടെ മുൻകൂർ ജാമ്യം നൽകിയത്. 

Tags:    
News Summary - Police officers must show their identity cards High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.