ശ്യാം പ്രസാദ്
ഏറ്റുമാനൂർ (കോട്ടയം): തട്ടുകടയിലെ സംഘർഷത്തിൽ ഇടപെട്ട പൊലീസ് ഡ്രൈവറെ ക്രിമിനൽ കേസ് പ്രതി ചവിട്ടിക്കൊന്നു. കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ പൊലീസ് കോൺസ്റ്റബിൾ ഡ്രൈവർ മാഞ്ഞൂര്‍ തട്ടാംപറമ്പില്‍ (ചിറയില്‍) ശ്യാംപ്രസാദാണ് (44) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഗുണ്ട ലിസ്റ്റിൽ ഉൾപ്പെട്ട കോട്ടയം പെരുമ്പായിക്കാട് ആനിക്കല്‍ ജിബിന്‍ ജോർജിനെ (27) ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു.
തിങ്കളാഴ്ച അര്‍ധരാത്രി എം.സി റോഡില്‍ കോട്ടയം തെള്ളകത്തെ ബാര്‍ ഹോട്ടലിന് സമീപത്തെ തട്ടുകടയിലായിരുന്നു ആക്രമണം. ഇവിടെ അടുത്തടുത്തുള്ള രണ്ട് തട്ടുകട ഉടമകള്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതിലൊന്ന് സാലിയെന്ന സ്ത്രീ നടത്തുന്നതാണ്. അർധരാത്രി മറ്റ് രണ്ടുപേർക്കൊപ്പം ബൈക്കിലെത്തിയ ജിബിന്‍ ജോർജ് സാലിയെ ഭീഷണിപ്പെടുത്തി. ഇതിനിടെ, കുടമാളൂര്‍ പള്ളിയിലെ പെരുന്നാൾ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന ശ്യാംപ്രസാദ് കടയിൽ കയറി. ശ്യാമിനെ പരിചയമുള്ള കടയുടമ സാലി, പൊലീസ് എത്തിയെന്നും പ്രശ്നമുണ്ടാക്കിയാല്‍ ഏറ്റുമാനൂരിൽനിന്ന് കൂടുതൽ പൊലീസുകാർ വരുമെന്നും പറഞ്ഞു. ഇതിൽ പ്രകോപിതനായ ജിബിന്‍ കടയുടമയെയും സഹോദരനെയും മർദിച്ചു. ഇത് തടയാനെത്തിയ ശ്യാംപ്രസാദിനെ തള്ളിവീഴ്ത്തിയശേഷം നെഞ്ചില്‍ ആവര്‍ത്തിച്ച് ചവിട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതേസമയത്ത് രാത്രി പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന കുമരകം എസ്.എച്ച്.ഒ കെ.എസ്. ഷിജിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. ഇതോടെ ജിബിന്‍ ഓടിയെങ്കിലും പൊലീസ് പിന്തുടർന്ന് കീഴ്പ്പെടുത്തി. തുടര്‍ന്ന് ശ്യാമിനെ പൊലീസ് ജീപ്പിൽ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. വാഹനത്തില്‍ കയറുംമുമ്പ് സംസാരിച്ചിരുന്ന ശ്യാം ആശുപത്രിയിലെത്തുംമുമ്പ് വാഹനത്തിൽ കുഴഞ്ഞുവീണു. തുടര്‍ന്ന് തീവ്രപരിചരണം നല്‍കിയെങ്കിലും തിങ്കളാഴ്ച പുലർച്ച മൂന്നോടെ മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ സ്റ്റേഷന് ഹൗസ് ഓഫിസറുടെ ഡ്രൈവറായിരുന്ന ശ്യാം പരേതനായ കൃഷ്ണന്‍കുട്ടിയുടെയും ജാനകിയുടെയും മകനാണ്.
ഭാര്യ അമ്പിളി, മാഞ്ഞൂരിലെ സ്വകാര്യ ഹോട്ടൽ ജീവനക്കാരിയാണ്. മക്കള്‍: ശ്രീലക്ഷ്മി, ശ്രീഹരി (ഇമ്മാനുവല്‍ എച്ച്.എസ്, കോതനല്ലൂര്‍), സേതുലക്ഷ്മി (എല്‍.പി.എസ്, മാഞ്ഞൂര്‍).
പോസ്റ്റ്മോർട്ടത്തിനുശേഷം ശ്യാമിന്റെ മൃതദേഹം കോട്ടയം പൊലീസ് ക്ലബിലും വെസ്റ്റ് പൊലീസ് സ്റ്റേഷനിലും പൊതുദർശനത്തിനുവെച്ചു. തിങ്കളാഴ്ച രാത്രി 7.30ഓടെ കുറുപ്പന്തറ മാഞ്ഞൂരിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു. സഹപ്രവർത്തകരടക്കം നൂറുകണക്കിനുപേർ അന്തിമോപചാരം അർപ്പിച്ചു.
പ്രതി ജിബിൻ ജോർജിനെ വൈകീട്ടോടെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഏഴ് കേസുകളിലെ പ്രതിയായ ജിബിൻ കഞ്ചാവ് ഉപയോഗിച്ച കേസിലും നേരത്തേ പിടിയിലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.