തിരുവനന്തപുരം: മുൻ ഡി.ജി.പി സുധേഷ് കുമാറിന്‍റെ മകൾ സ്നിഗ്ദ പൊലീസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ അഞ്ച് വർഷത്തിന് ശേഷം കുറ്റപത്രം. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.
പൊലീസ് ഡ്രൈവർ ഗവാസ്കർ മർദനത്തിന് ഇരയായെന്ന് ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ ചൂണ്ടിക്കാട്ടുന്നു. അതേസമയം, പൊലീസ് ഡ്രൈവർ ജാതിയധിക്ഷേപം നടത്തിയെന്ന മുൻ ഡി.ജി.പിയുടെ മകളുടെ പരാതി ക്രൈംബ്രാഞ്ച് തള്ളി. വൈകാതെ കോടതി വിചാരണ നടപടികളിലേക്ക് കടക്കും.
2018ലാണ് ഡ്രൈവർ ഗവാസ്കറെ മുൻ ഡി.ജി.പിയുടെ മകൾ മർദിച്ചത്. ബറ്റാലിയൻ എ.ഡി.ജി.പിയായിരുന്ന സുധേഷ് കുമാറിന്‍റെ ഭാര്യയെയും മകളെയും ഔദ്യോഗിക വാഹനത്തിൽ പ്രഭാത നടത്തത്തിനായി കൊണ്ടു പോകുന്നത് ഡ്രൈവർ ഗവാസ്കറായിരുന്നു.
പ്രഭാത നടത്തത്തിനായി പോകുമ്പോൾ മകളും ഡ്രൈവറും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും മകൾ ഡ്രൈവറെ ചീത്ത വിളിക്കുകയും കൈവശമുണ്ടായിരുന്ന മൊബൈൽ ഫോൺ കൊണ്ട് കഴുത്തിന് പിന്നിൽ അടിക്കുകയും ചെയ്തെന്നാണ് പരാതി. പരാതിക്ക് പിന്നാലെ വിഷയം ഒത്തുതീർക്കാനുള്ള ശ്രമം ഒരു ദിവസം മുഴുവൻ നടക്കുകയും ചെയ്തു.
ഇതിന് പിന്നാലെ മർദനം, അസഭ്യം പറയുക, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുക തുടങ്ങിയ കുറ്റങ്ങളാണ് സ്നിഗ്ദക്കെതിരെ ചുമത്തിയത്. ഗവസ്കർക്കെതിരെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ ഡ്രൈവർക്കെതിരെ സ്നിഗ്ദ പരാതി നൽകി. ഡ്രൈവർ തനിക്കെതിരെ ജാതിയധിക്ഷേപം നടത്തിയെന്നാണ് സ്നിഗ്ദയുടെ പരാതിയിലെ ആരോപണം. ആദ്യം പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.