തിരുവനന്തപുരം: യു.എ.ഇയിൽ ജോലി തേടുന്നവർക്ക് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേഗത്തിൽ നൽകാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. അപേക്ഷകരുടെ ബുദ്ധിമുട്ട് ഒഴിവാക്കുന്നതിന് മുഖ്യമന്ത്രിയുടെ നിർദേശ പ്രകാരം ചീഫ് സെക്രട്ടറി വിളിച്ച യോഗത്തിലെ തീരുമാന പ്രകാരമാണ് നടപടി.
പുതിയ തൊഴിൽ വിസ അനുവദിക്കുന്നതിന് ഈമാസം മുതൽ പൊലീസ് ക്ലിയറൻസ് നിർബന്ധമാക്കാൻ യു.എ.ഇ തീരുമാനിച്ചിരിക്കുകയാണ്. അപേക്ഷകരുടെ സത്യവാങ്മൂലത്തിലെ വിവരങ്ങളും നിലവിലെ രേഖകളും പരിശോധിച്ച് ജില്ലാ പൊലീസ് മേധാവിയാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകുക. ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൻെറ സഹായം ഇതിനുണ്ടാകും.
സംസ്ഥാനത്തെ ഏത് പൊലീസ് സ്റേറഷനുകളുമായും സ്പെഷ്യൽ ബ്രാഞ്ചിന് ഇക്കാര്യത്തിൽ ബന്ധപ്പെടാവുന്നതാണ്. സാധാരണ അപേക്ഷകളിൽ പതിനാല് ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകും. ഇനി മുതൽ പുതുക്കിയ അപേക്ഷാ ഫോമിലാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാഫീസായ 1000 രൂപ ടി.ആർ 15 ഫോം മുഖേന ട്രഷറിയിലോ ഒാൺലൈനായോ അടക്കണം. അപേക്ഷയുടെ കോപ്പിയും ഉദ്യോഗാർഥിയുടെ സത്യവാങ്മൂലവും ക്ലിയറൻസിനൊപ്പം ചേർത്തിരിക്കണം.
പുതിയ നിയമത്തിൽ ഇളവ് ലഭിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.