ഇരയായ പെൺകുട്ടിയോട് അശ്ലീല ഭാഷ പ്രയോഗിച്ചു: സി.ഡബ്ല്യു.സി ചെയർമാനെതിരെ പോക്സോ കേസ്

തലശ്ശേരി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയോട് അശ്ലീല ഭാഷയിൽ സംസാരിച്ചതിന് ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഇ.ഡി ജോസഫിനെതിരെ തലശ്ശേരി പൊലീസ് കേസെടുത്തു. ഇയാൾക്കെതിരെ പൊലീസ് അന്വേഷണം ആരംഭിച്ചു. പീഡനക്കേസിൽ ഇരയായ പെൺകുട്ടി രഹസ്യമൊഴി നൽകാൻ എത്തിയപ്പോഴാണ് ചെയർമാനിൽ നിന്നും മോശമായ പെരുമാറ്റമുണ്ടായത്.

കുടിയാന്മല പൊലീസ് പരിധിയിലെ പീഡനക്കേസിൽ ഇരയായ പെൺകുട്ടിക്കാണ് ചെയർമാനിൽ നിന്നും മോശം അനുഭവം നേരിടേണ്ടിവന്നത്. മട്ടന്നൂർ മജിസ്ട്രേറ്റ് മുൻപാകെ 164 വകുപ്പിൽ മൊഴി നൽകുന്നതിനിടയിലാണ് ചെയർമാനിൽ നിന്നും കൗൺസിലിങ്ങിനിടയിൽ അപമര്യാദയായ പെരുമാറ്റം ഉണ്ടായ വിവരം പെൺകുട്ടി പറഞ്ഞത്. സംഭവത്തെപ്പറ്റി പെൺകുട്ടി പരാതിപ്പെട്ടതിനെ തുടർന്ന് അന്വേഷിക്കാൻ കുടിയാന്മല പൊലീസിനോട് മട്ടന്നൂർ മജിസ്ട്രേറ്റ് ഉത്തരവിട്ടിരുന്നു. പെൺകുട്ടിയുടെ അടുത്തേക്ക് വനിതാപൊലീസിനെ പറഞ്ഞയക്കാനാണ് മജിസ്ട്രേറ്റ് ഉത്തരവിട്ടത്.

ഇപ്പോൾ ശിവപുരത്തെ സർക്കാർ നിയന്ത്രിത കേന്ദ്രത്തിൽ കഴിയുന്ന പെൺകുട്ടിയിൽ നിന്നും കുടിയാന്മല പൊലീസ് മൊഴിയെടുത്തു. കൗൺസിലിങ്ങ് നടന്നത് തലശ്ശേരി പൊലീസ് പരിധിയിലെ എരഞ്ഞോളി ആഫ്റ്റർ കെയർ ഹോമിലായതിനാൽ കുടിയാന്മല പൊലീസ് കേസെടുത്ത ശേഷം എഫ്.ഐ.ആർ തലശ്ശേരി പൊലീസിന് കൈമാറുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി ഇ.ഡി ജോസഫിനെതിരെ കേസെടുത്തെങ്കിലും ഇയാൾക്കെതിരെ സർക്കാർ ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.