പി.എം. ഫൗണ്ടേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: ജീവിതത്തിൽ വിജയവും തിരിച്ചടിയും ഒരുപോലെ കൈകാര്യം ചെയ്യാനാകണമെന്ന് മന്ത്രി എം.ബി. രാജേഷ്. പി.എം. ഫൗണ്ടേഷൻ ‘മാധ്യമ’വുമായി സഹകരിച്ച് സംഘടിപ്പിച്ച അക്കാദമിക് എക്സലൻസ് അവാർഡ്ദാന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിജയം മാത്രമല്ല, ജീവിതത്തിൽ പരാജയവും ഉണ്ടാകും. വിജയത്തിൽ മതിമറക്കാതിരിക്കുകയും പരാജയത്തിൽ തളരാതിരിക്കുകയും വേണം. എന്നാൽ, ഇന്ന് ഇവ രണ്ടും സംഭവിക്കുന്നു. രക്ഷിതാക്കൾ തങ്ങളുടെ സ്വപ്നങ്ങൾ കുട്ടികളിൽ അടിച്ചേൽപ്പിക്കാതെ അവരുടെ വഴിക്കുവിടണമെന്നും മന്ത്രി പറഞ്ഞു.
മുൻകാലത്ത് കേരളത്തിലെ വിദ്യാഭ്യാസരംഗം ഗണപരമായി മുന്നിലായിരുന്നെങ്കിലും ഗുണപരമായി മുന്നിലായിരുന്നില്ല. എന്നാലിന്ന് കേരളം വിദ്യാഭ്യാസമേഖലയിൽ ഒന്നാം സ്ഥാനത്താണ്. രാജ്യത്ത് ഏറ്റവും കൂടുതൽ സ്മാർട്ട് ക്ലാസ് റൂമുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ഡിജിറ്റൽ സംവിധാനങ്ങളുമുള്ള സംസ്ഥാനമാണ്. ഉന്നതവിദ്യാഭ്യാസവും മികവിന്റെ പാതയിലാണ്. കേരളത്തിലെ സർവകലാശാലകൾ അന്താരാഷ്ട്ര തലത്തിൽ ഉൾപ്പെടെ നേട്ടങ്ങൾ സ്വന്തമാക്കുകയാണെന്ന് എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.
പി.എം. ഫൗണ്ടേഷൻ വിദ്യാഭ്യാസ അവാർഡ് വിതരണ ചടങ്ങ് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
മേഘാലയയുടെ നിയുക്ത ചീഫ് സെക്രട്ടറിയും കണ്ണൂർ സ്വദേശിയുമായ ഡോ. ഷക്കീൽ പി. അഹമ്മദ് മുഖ്യാതിഥിയായി. ചൊവ്വാഴ്ചയാണ് ഇദ്ദേഹം ചുമതലയേൽക്കുന്നത്. നമ്മുടെ ചുറ്റുപാടിനപ്പുറത്തുള്ളവരുടെ സുഖദു:ഖങ്ങൾ അറിയാനും മനസ്സിലാക്കാനും കഴിയണമെന്നും അതിലൂടെ ലോകത്തെ കുറിച്ചുള്ള കാഴ്ചപ്പാട് മാറുമെന്നും അദ്ദേഹം പറഞ്ഞു.
ചെറിയ പ്രായത്തിൽ നിരവധി വാഹനങ്ങളോടിച്ച് ലോക റെക്കോഡ് നേടിയ മൈസൂരിൽനിന്നുള്ള വിദ്യാർഥിനി തസ്കീന് പ്രത്യേക പുരസ്കാരം നൽകി ആദരിച്ചു. മികച്ച സ്കൂളിനുള്ള പ്രഫ. കെ.എ. ജലീൽ സ്മാരക പുരസ്കാരം (മൂന്ന് ലക്ഷം രൂപയും ഫലകവും) മലപ്പുറം വാഴക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. രണ്ടാംസ്ഥാനക്കാരായ വയനാട് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ടീമും (രണ്ട് ലക്ഷം രൂപയും ഫലകവും) അവാർഡ് ഏറ്റുവാങ്ങി.
ടാലന്റ് സെർച്ച് പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ 306 വിദ്യാർഥികൾ, ഫൗണ്ടേഷൻ സ്കോളർഷിപ് ജേതാക്കൾ എന്നിവരെ ആദരിച്ചു. ഫൗണ്ടേഷൻ സ്ഥാപകൻ ഡോ. ഗൾഫാർ പി. മുഹമ്മദാലി ആമുഖപ്രഭാഷണം നടത്തി. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ നടന്ന ചടങ്ങിൽ ചെയർമാൻ എ.പി.എം മുഹമ്മദ് ഹനീഷ് അധ്യക്ഷത വഹിച്ചു. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ഫൗണ്ടേഷൻ ട്രസ്റ്റിമാരായ ഡോ. എൻ.എം. ഷറഫുദ്ദീൻ, ഡോ. അഷ്റഫ് കടക്കൽ എന്നിവർ സംസാരിച്ചു. ട്രസ്റ്റി ഖദീജ മുഹമ്മദാലി സ്വാഗതവും സി.എച്ച്.എ. റഹീം നന്ദിയും പറഞ്ഞു. എറണാകുളം ജില്ല കലക്ടർ ജി. പ്രിയങ്ക, ഷാരിഖ് ഷംസുദ്ദീൻ, ഒ.എ. മുഹമ്മദ് ഷഫീഖ് എന്നിവർ ക്ലാസുകൾ നയിച്ചു. റസിയ മുഹമ്മദാലി, എം.എം അബ്ദുൽ ബഷീർ, സി. മുഹമ്മദ് അജ്മൽ, ഡോ. കെ.ടി. അർഷിയ അഹമ്മദ് അയ്യൂബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.