മല്ലപ്പള്ളി (പത്തനംതിട്ട): യൂണിഫോമിന് പിന്നിൽ പേന ഉപയോഗിച്ച് കുത്തിവരച്ചത് ചോദ്യംചെയ്ത പ്ലസ് ടു വിദ്യാർഥിക്ക് സഹപാഠികളുടെ മർദനത്തിൽ സാരമായ പരിക്ക്. എഴുമറ്റൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥി എഴുമറ്റൂർ ഊന്നുകല്ലിൽ വീട്ടിൽ അഭിനവ് ബി. പിള്ളക്കാണ് (17) പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് മൂന്നുമണിയോടെയാണ് സംഭവം. കണ്ണിനും ചെവിക്കും പരിക്കേറ്റ അഭിനവ് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ അഭിനവിന്റെ മാതാവ് പെരുമ്പെട്ടി പൊലീസിൽ പരാതി നൽകി.
സയൻസ് വിഭാഗം വിദ്യാർഥിയായ അഭിനവും ആരോപണവിധേയരായ വിദ്യാർഥികളും ഇംഗ്ലീഷ് ക്ലാസ്സിൽ ഒന്നിച്ചാണ് പഠനം. ക്ലാസിനിടെ അഭിനവിന്റെ ഷർട്ടിന് പിന്നിൽ പേന വെച്ച് വരയ്ക്കുകയായിരുന്നു. ഇന്ന് രാവിലെ അഭിനവ് ഇത് ചോദ്യം ചെയ്തു. തുടർന്ന് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇൻറർവെൽ സമയത്ത് അഞ്ച് വിദ്യാർഥികൾ ചേർന്ന് സ്റ്റാഫ് റൂം പരിസരത്തെ ആളൊഴിഞ്ഞ സ്ഥലത്തേക്ക് വിളിച്ചുകൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്.
ആരോപണ വിധേയരായ വിദ്യാർഥികൾ കുറ്റക്കാരെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ എം. ബിന്ദു പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.