കോഴിക്കോട്: പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമി വ്യജരേഖ ചമച്ച് കൈവശപ്പെടുത്തിയതിൽ വകുപ്പുതല അച്ചടക്ക നടപടിക്ക് അന്വേഷണ ഉദ്യോഗസ്ഥനെ നിയമിച്ച് ഉത്തരവ്. കാർസർകോട് ആർ.ആർ.ഡെപ്യൂട്ടികലക്ടർ ഫിറോസ് പി.ജോൺ ആണ് അന്വേഷണ ഉദ്യോഗസ്ഥൻ. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഉത്തരവിലെ നിർദേശം.
കാസർകോട് പ്ലാന്റേഷൻ കോർപറേഷന്റെ ഭൂമി വ്യാജ പട്ടയം ചമച്ച് തട്ടിയെടുത്തുവെന്ന് ആരോപണത്തിൽ നേരത്തെ വിജിലൻസ് അന്വേഷണം നടത്തിയിരുന്നു. എന്നാൽ സേവനത്തിൽ നിന്ന് വിരമിച്ച ഡെപ്യൂട്ടി തഹസിൽദാർ എ.ദേവദാസിനെതിരെ വിജിലൻസ് ട്രൈബ്യൂണൽ അന്വേഷണം സാധ്യമല്ലാത്തതിനാൽ വകുപ്പുതല നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്തു.
മൂളിയാർ വില്ലേജിൽ മുലടുക്കം എന്ന സ്ഥലത്തുള്ള റീ സർവേ നമ്പർ 133/1എ1 ൽപ്പെട്ട 86 സെന്റ് സർക്കാർ ഭൂമി ബി.എ.മുഹമ്മദിന് വ്യാജ പട്ടയം ചമച്ച് തട്ടിയെടുക്കാൻ സഹായം നൽകിയെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. ഭൂരേഖകൾ പരിശോധിക്കാതെ 2012-13, 2013-14 വർഷങ്ങളിൽ ഉദ്യോഗസ്ഥർ ഭൂ നികുതി സ്വീകരിച്ച് രസീത് നൽകി. അതോടൊപ്പം ഭൂമിയുടെ സ്കെച്ചു തയാറാക്കി നൽകി.
വ്യാജ പട്ടയ പ്രകാരമുള്ള ഭൂമി സർവേ ചെയ്ത് പ്ലാന്റേഷൻ ഉദ്യോഗസ്ഥർ ഭൂമികൈയേറ്റക്കാരനായ മുഹമ്മദിനെ സഹായിക്കുന്നതരത്തിൽ പ്രവർത്തിച്ചുവെന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ. രേഖകൾ പരിശോധിച്ചതിൽ ഭൂമി പരാതിക്കാരനായ ബി.എ. മുഹമ്മദിന്റേതാണെന്ന് വില്ലേജ് അധികാരികൾക്ക് ബോധ്യപ്പെട്ടുവെന്നാണ് മിനിട്ട്സിൽ ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. അന്വേഷണത്തിൽ വിരമിച്ച ഡെപ്യൂട്ടി തഹസിൽദാർ എ.ദേവദാസിന് വ്യജരേഖ ചമക്കുന്നതിലുള്ള പങ്ക് വ്യക്തമായി. അതിനലാണ് വകുപ്പ്തല നടപടി സ്വീകരിക്കുന്നതിന് ഔപചാരിക അന്വേഷണത്തിന് ഉത്തരവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.