സർക്കാർ ഓഫിസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കൽ: 17ന് ജീവനക്കാരുടെ യോഗം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫിസുകളുടെ പ്രവൃത്തി ദിവസം അഞ്ചാക്കുന്നത് സംബന്ധിച്ച ചർച്ചക്ക് ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചു. ഈ മാസം 17ന് ഓൺലൈനായി യോഗം ചേരുമെന്ന് കാണിച്ച് സർവിസ് സംഘടനകൾക്ക് സർക്കാർ കത്ത് നൽകി.

ജീവനക്കാരുടെ പ്രവൃത്തിദിവസം അഞ്ചാക്കി ചുരുക്കുന്നത് കഴിഞ്ഞ എൽ.ഡി.എഫ് സർക്കാറിന്‍റെ കാലത്താണ് പരിഗണിച്ചത്. അതിന്‍റെ ഭാഗമായി അന്ന് ചീഫ് സെക്രട്ടറി സർവിസ് സംഘടനകളുടെ യോഗം വിളിച്ചിരുന്നു. എന്നാൽ, പിന്നീട് തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടന്നതിനാൽ കാര്യമായ ചർച്ച നടന്നില്ല. പ്രവൃത്തി ദിവസം ചുരുക്കുന്നതിനെ അന്ന് സംഘടനകളെല്ലാം അനുകൂലിച്ചെങ്കിലും ഓഫിസ് സമയം ദീര്‍ഘിപ്പിക്കുന്നതിലും അവധികളില്‍ കുറവ് വരുത്തുന്നതിലും വ്യക്തത വരുത്താൻ സാധിച്ചിരുന്നില്ല. കഴിഞ്ഞ സർക്കാർ സ്വീകരിച്ചതുപാലെ അനുകൂല നിലപാടാണ് യു.ഡി.എഫ് സർക്കാറിനുമുള്ളതെന്നാണ് വിവരം.

അതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ജീവനക്കാരുടെ സംഘടനകളുടെ യോഗം വിളിച്ചത്. ബാങ്കുകളുടെ പ്രവൃത്തി ദിവസം അഞ്ച് ദിവസമാക്കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ സമരം ചെയ്തിരുന്നു. സംസ്ഥാന സർക്കാർ ജീവനക്കാരും കാലങ്ങളായി ഇതേ ആവശ്യം ഉന്നയിക്കുകയാണ്. പ്രവൃത്തി ദിവസം ആറിൽനിന്ന് അഞ്ച് ആക്കണമെന്ന് ഭരണ പരിഷ്കാര കമീഷനും ശമ്പള കമീഷനും ശിപാർശ സമർപ്പിച്ചിരുന്നു. ഒരു ദിവസം അവധി നൽകുന്നതിന് പകരമായി മറ്റു പ്രവൃത്തി ദിവസങ്ങളിൽ ഒരുമണിക്കൂർ ജോലി സമയം കൂട്ടണമെന്നായിരുന്നു നിർദേശം. ഒരുമണിക്കൂർ ജോലി വർധിപ്പിക്കുന്നതിനോട് ജീവനക്കാരുടെ സംഘടനകൾക്ക് എതിർപ്പില്ല.

പക്ഷെ, മറ്റു പൊതു അവധി ദിവസങ്ങൾ കുറക്കണമെന്ന നിർദേശത്തെയാണ് അവർ എതിർക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ സർക്കാർ വിളിച്ച യോഗത്തിൽ എന്തു നിർദേശങ്ങളാകും മുന്നോട്ടുവെക്കുകയെന്നതും നിർണായകമാണ്.

Tags:    
News Summary - Government office working days to five: Employees meeting on the 17th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.