ഡിവൈ.എസ്.പി സ്പെഷൽ റിക്രൂട്മെന്റ്; മുൻ എസ്.എഫ്.ഐ നേതാവിന് ക്രമവിരുദ്ധമായി ഒന്നാം റാങ്ക്, പരാതിയുമായി സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി
തിരുവനന്തപുരം: പി.എസ്.സി നടത്തുന്ന ഡിവൈ.എസ്.പി (ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ്) സ്പെഷൽ റിക്രൂട്മെന്റിൽ മുൻ എസ്.എഫ്.ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നൽകി നിയമന ശിപാർശ നടത്തിയതായി പരാതി. പൊലീസ് ബറ്റാലിയൻ കോൺസ്റ്റബിൾ റാങ്ക് പട്ടികയിൽ പ്രധാന ലിസ്റ്റിൽ പോലും ഉൾപ്പെടാതിരുന്ന മുൻ എസ്.എഫ്.ഐ നേതാവ് കെ.ജെ. ജിതിനെതിരെയാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാംപയിൻ കമ്മിറ്റി മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും പരാതി നൽകിയത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ജിതിന് നൽകിയ ട്രെയിനിങ്ങിനുള്ള അനുമതിയും നിയമന ഉത്തരവും തടയണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. സബ് ഇൻസ്‌പെക്ടർ, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, ഹൈകോടതി അസിസ്റ്റന്റ്, ഗവ. ഓഡിറ്റർ തുടങ്ങിയ തസ്തികകളിൽ ജോലി ചെയ്യുന്ന, മത്സര പരീക്ഷ എഴുതിയ ഉയർന്ന യോഗ്യതയുള്ളവരെ പിന്തള്ളി ഒന്നാം റാങ്ക് നേടിയതെന്ന് പരാതിയിൽ പറയുന്നു. എറണാകുളം ജില്ലയിലെ വിവിധ കോളജ് പ്രിൻസിപ്പൽമാരെ കൈയേറ്റം ചെയ്തതിനും മദ്യപിച്ച് വാഹനമോടിച്ചതിനും ഉൾപ്പെടെ നിരവധി എഫ്.ഐ.ആറുകൾ ജിതിന്റെ പേരിലുണ്ടെന്നും പരാതിയിൽ പറയുന്നു.
2025 സെപ്റ്റംബറിലാണ് ഡിവൈ.എസ്.പി തസ്തികയിലേക്ക് 17,000ത്തോളം പേരിൽനിന്ന് അപേക്ഷ ക്ഷണിച്ചത്. ഡിസംബർ 25ന് എഴുത്തുപരീക്ഷ നടത്തി. 2026 മാർച്ച് 26ന് ഫിസിക്കൽ ടെസ്റ്റും ഏപ്രിൽ 26ന് 35 പേരുടെ അഭിമുഖവും പൂർത്തിയാക്കി. മേയ് 6ന് അന്തിമ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. പി.എസ്.സി ചെയർമാൻ എം.ആർ. ബൈജു നേരിട്ട് പങ്കെടുത്ത അഭിമുഖത്തിൽ, എഴുത്തുപരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയവരെ പിന്നിലാക്കാൻ ക്രമവിരുദ്ധമായി ഉയർന്ന മാർക്ക് നൽകിയെന്നും പരാതിയിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.