പി.കെ. കുഞ്ഞാലിക്കുട്ടി
മലപ്പുറം: പി.എം ശ്രീയിൽ സി.പി.എം ആശയം അടിയറവെച്ച് സാഷ്ടാംഗം പ്രണമിച്ചെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വമ്പൻ ബഡായി പറഞ്ഞശേഷം കേന്ദ്ര സർക്കാറിന്‍റെ കാലിൽവീണ് പ്രണമിച്ചു. ഐഡിയോളജിക്കൊപ്പം നിൽക്കാനുള്ള കരുത്തുണ്ടാകണം. സ്റ്റാലിനും മമതയും അത് കാണിച്ചു. കേരള സർക്കാറിന് അത് സാധിച്ചില്ല. ഇത് വലിയ വീഴ്ചയായിപ്പോയി. സി.പി.ഐ ഉൾപ്പെടെ ബാക്കിയുള്ളവർ ഐഡിയോളജി പറഞ്ഞ് നിൽക്കുന്നുണ്ട്. സി.പി.ഐ നിലപാട് വ്യക്തമാക്കിയ ശേഷം യു.ഡി.എഫിന് കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
“അവനവന്‍റെ ഐഡിയോളജി പണയംവെച്ച് ആരൊക്കെ ഇതുമായി ഒത്തുപോകുമെന്ന് നമുക്ക് നോക്കാം. സാഷ്ടാംഗം പ്രണമിക്കുന്ന പരിപാടിക്ക് ഞങ്ങളില്ല. ഐഡിയോളജിക്കൊപ്പം നിൽക്കാനുള്ള കരുത്തുണ്ടാകണം. സ്റ്റാലിനും മമതയും അത് കാണിച്ചു. കേരള സർക്കാറിന് അത് സാധിച്ചില്ല. ഞങ്ങൾ അടുപ്പിക്കില്ല എന്നൊക്കെ ആദ്യം വലിയ ബഡായി അടിച്ചു. അവസാനം ഒറ്റ പ്രണാമമാണ്. ഇത് വലിയ വീഴ്ചയായിപ്പോയി. സി.പി.ഐ ഉൾപ്പെടെ ബാക്കിയുള്ളവർ ഐഡിയോളജി പറഞ്ഞ് നിൽക്കുന്നുണ്ട്. അവരിനി ചെയ്യാൻ പോകുന്നത് എന്താണെന്ന് നോക്കണം. 27ന് നിലപാട് വ്യക്തമാക്കാമെന്ന് അവർ പറഞ്ഞിട്ടുണ്ട്. അതുവരെ കാത്തിരിക്കാം” -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അതിനിടെ സി.പി.ഐയുടെ കടുത്ത എതിര്‍പ്പ് അവഗണിച്ച് പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ചത് മുന്നണിയുടെ പ്രവര്‍ത്തനത്തിനുപോലും ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്രനേതൃത്വത്തിന് കത്തയച്ചു. പദ്ധതിയിൽ സർക്കാർ ഒപ്പുവെച്ചതില്‍ ഗൂഢാലോചനയുണ്ട്. മതേതരവിദ്യാഭ്യാസത്തിലും ഫെഡറല്‍ ഘടനയിലും പ്രത്യാഘാതങ്ങളുണ്ടാക്കുന്ന വിഷയമാണിത്. ദേശീയതലത്തില്‍പ്പോലും ഇടതുപാര്‍ട്ടികളുടെ നിലപാടിനെ ദുര്‍ബലപ്പെടുത്തുന്നതാണിത്. അതിനാല്‍, ഇക്കാര്യം സി.പി.എം ജനറല്‍ സെക്രട്ടറിയുമായടക്കം ചര്‍ച്ചചെയ്ത് അടിയന്തര ഇടപെടലുണ്ടാകണമെന്നാണ് കത്തിലെ ആവശ്യം.
സി.പി.ഐയും സി.പി.എമ്മും ഉള്‍പ്പെട്ട മുന്നണിയുടെ തത്ത്വങ്ങളുടെയും മാനദണ്ഡങ്ങളുടെയും വ്യക്തമായ ലംഘനമാണിത്. എല്‍.ഡി.എഫിനെയും സി.പി.ഐ ഉള്‍പ്പെടെയുള്ള അതിന്റെ ഘടകകക്ഷികളെയും വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ജനാധിപത്യ പ്രസ്ഥാനത്തെയും ഇരുട്ടില്‍നിര്‍ത്തിയുള്ള നടപടിയാണ് സര്‍ക്കാരില്‍നിന്നുണ്ടായത്. ബി.ജെ.പി സര്‍ക്കാരുമായി തത്ത്വാധിഷ്ഠിതമല്ലാത്ത രീതിയില്‍ ധാരണാപത്രത്തില്‍ ഒപ്പിടാന്‍ തിടുക്കംകൂട്ടുന്നവര്‍ മതേതരവിദ്യാഭ്യാസത്തിന്റെയും ഫെഡറല്‍ തത്ത്വങ്ങളുടെയും പ്രതിരോധത്തിനായുള്ള നമ്മുടെ ദേശീയപോരാട്ടത്തെ ദുര്‍ബലപ്പെടുത്തും.
ആര്‍.എസ്.എസ് അജന്‍ഡ അടിച്ചേല്‍പ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ് ദേശീയവിദ്യാഭ്യാസ നയം. ഇത്രയും ഗുരുതര വിഷയത്തില്‍ വിദ്യാഭ്യാസമന്ത്രി ഏകപക്ഷീയ നിലപാട് സ്വീകരിക്കുന്നതിന് ഒരു ന്യായീകരണവുമില്ല. ഇന്ത്യയിലെ ഇടതുപക്ഷത്തിനുമുന്നില്‍ വളരെ ഗൗരവമുള്ള ഒരു വിഷയമാണിത്. കാരണം രാജ്യത്ത് ഇടതുപക്ഷം നയിക്കുന്ന ഏക സര്‍ക്കാറാണ് കേരളത്തിലേതെന്നും കത്തില്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.