കൊച്ചി: പിറവം സെൻറ് മേരീസ് വലിയ പള്ളിയുടെ താക്കോൽ ഒാർത്തഡോക്‌സ് വിഭാഗത്തിന് കൈമാറാൻ ഹൈകോടതി ഉത്തരവ് . പള്ളിയുടെയും സെമിത്തേരിയുടെയും നടത്തിപ്പ് ചുമതല ഓർത്തഡോക്സ് വിഭാഗക്കാരനായ പള്ളി വികാരി ഫാ. സ്കറിയ വട്ടക്കാട്ടിലിനായിരിക്കുമെന്നും അതിനാൽ താക്കോൽ കൈമാറണമെന്നും ഡിവിഷൻ ബെഞ്ച് എറണാകുളം ജില്ല കലക്ടർക്ക് നിർദേശം നൽകി.
സുപ്രീംകോടതി വിധിയെത്തുടർന്ന് പിറവം പള്ളിയിൽ ആരാധന നടത്താൻ പൊലീസ് സംരക്ഷണം തേടി ഒാർത്തഡോക്‌സ് വിഭാഗം നൽകിയ ഹരജിയിലെ ഉപഹരജിയാണ് കോടതി പരിഗണിച്ചത്. മതിയായ സംരക്ഷണം നൽകാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചിരുന്നെങ്കിലും പള്ളിയിൽ പ്രവേശിക്കാൻ എത്തിയപ്പോൾ യാക്കോബായ വിഭാഗം തടയുകയാണെന്നാരോപിച്ച് ഒാർത്തഡോക്സ് വിഭാഗത്തിലെ ട്രസ്റ്റിയാണ് ഉപഹരജി നൽകിയത്.
പള്ളിയിലെ കുർബാനക്കും ശവസംസ്കാരത്തിനും പൊലീസ് സംരക്ഷണം നൽകണമെന്ന് കോടതി നിർദേശിച്ചു. പ്രാർഥനയുൾപ്പെടെ ചടങ്ങുകളിൽ എല്ലാ ഇടവകാംഗങ്ങൾക്കും പങ്കെടുക്കാം. വിധി നടപ്പാക്കുന്നത് തടയുന്നവരെ പിടികൂടി സിവിൽ ജയിലിലടക്കണമെന്നതടക്കമുള്ള മുൻ ഇടക്കാല ഉത്തരവ് നിലനിൽക്കുമെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
പള്ളിയുടെ കീഴിലുള്ള ചാപ്പലുകളുടെ നിയന്ത്രണം സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ രണ്ടാഴ്ചകൂടി വേണമെന്ന സർക്കാറിെൻറ ആവശ്യം കോടതി അനുവദിച്ചു. ഇതുസംബന്ധിച്ച റിപ്പോർട്ടിനൊപ്പം താക്കോൽ കൈമാറിയതിെൻറ റിപ്പോർട്ട് കൂടി നൽകാനും സർക്കാറിനോട് നിർദേശിച്ചു. താക്കോൽ കൈമാറാൻ നിർദേശിക്കരുതെന്ന് യാക്കോബായ വിഭാഗം വാദിച്ചപ്പോൾ, ഇക്കാര്യം സിവിൽ കോടതിയാണ് പരിഗണിക്കേണ്ടതെന്ന് കോടതി വ്യക്തമാക്കി. ഹരജി ഈ മാസം 30ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.