സമ്പൂര്‍ണ ഭവനനിര്‍മാണ ദൗത്യം മുന്‍ഗണന ക്രമത്തില്‍ നടപ്പാക്കും –പിണറായി

തിരുവനന്തപുരം: മാനസിക വെല്ലുവിളി നേരിടുന്നവര്‍, അന്ധര്‍, ശാരീരിക തളര്‍ച്ച ബാധിച്ചവര്‍, അഗതികള്‍, അംഗവൈകല്യമുള്ളവര്‍, ഭിന്നലിംഗക്കാര്‍, ഗുരുതരരോഗമുള്ളവര്‍, അവിവാഹിത അമ്മമാര്‍ എന്നീ ഗണത്തില്‍പെട്ട ഭവനരഹിതര്‍ക്ക് മുന്‍ഗണന നല്‍കി സമ്പൂര്‍ണ ഭവനനിര്‍മാണ പദ്ധതി (ലൈഫ്) നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലൈഫ് പദ്ധതി അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. അഞ്ചു വര്‍ഷത്തിനുള്ളില്‍ കേരളത്തിലെ എല്ലാ ഭവനരഹിതര്‍ക്കും വീടു നല്‍കുന്നതാണ് പദ്ധതി.

ഭവനനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാത്തവര്‍ക്കും വാസയോഗ്യമല്ലാത്ത ഭവനങ്ങളില്‍ താമസിക്കുന്നവര്‍ക്കും പുറമ്പോക്കിലോ തീരദേശമേഖലയിലോ തോട്ടം മേഖലയിലോ താല്‍ക്കാലിക ഭവനമുള്ളവര്‍ക്കും പദ്ധതിയുടെ ഗുണഭോക്താക്കളാവാം. തദ്ദേശ ഭരണ സ്ഥാപന പരിധിയിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ മുഖേന സര്‍വേ നടത്തി വാര്‍ഡ് അടിസ്ഥാനത്തില്‍ തരംതിരിച്ച് പട്ടിക പ്രസിദ്ധീകരിച്ച് ആക്ഷേപങ്ങള്‍ സ്വീകരിച്ച ശേഷമാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക.
അഞ്ച് വര്‍ഷത്തിനുള്ളില്‍ 4,32,000 വീടുകള്‍ നിര്‍മിച്ചുനല്‍കാന്‍ 16,700 കോടി ആവശ്യമായിവരും. ഇതില്‍ 8000 കോടി അഞ്ചുവര്‍ഷം കൊണ്ട് സമാഹരിക്കാവുന്നതാണ്. അധികം വരുന്ന 8,700 കോടി കണ്ടെത്തേണ്ടിവരും.

പദ്ധതി പ്രകാരം നിര്‍മിക്കുന്ന വീടുകളുടെ വിസ്തീര്‍ണം 600 സ്ക്വയര്‍ഫീറ്റില്‍ അധികമാകരുത്. പൊതുവിഭാഗക്കാര്‍ക്ക് മൂന്നുലക്ഷവും പട്ടികജാതിക്കാര്‍ക്ക് മൂന്നര ലക്ഷം രൂപയുമാണ് ധനസഹായത്തുക. പട്ടികവര്‍ഗക്കാര്‍ക്ക് ജില്ല സമിതി അനുയോജ്യമായ നിരക്ക് നിശ്ചയിക്കും. പട്ടികജാതി വിഭാഗത്തില്‍പെട്ടവര്‍ക്ക് അനുവദിച്ചുവരുന്ന തുക നിര്‍മാണം പൂര്‍ത്തിയാക്കാന്‍ അപര്യാപ്തമാണെന്നും ഈ തുക ഉയര്‍ത്തണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഭൂരഹിത-ഭവനരഹിതരായ 1.58 ലക്ഷം പേരാണുള്ളത്. ആകാവുന്നത്ര കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിച്ച് ഇവരെ പുനരധിവസിപ്പിക്കും. ആദ്യഘട്ടം ആറു സ്ഥലങ്ങളില്‍ 600 പേര്‍ക്ക് ഭവനസമുച്ചയം നിര്‍മിച്ചുനല്‍കും.

പാര്‍പ്പിട സമുച്ചയത്തിലേക്ക് മാറ്റുന്നവരുടെ കുടുംബങ്ങളിലെ ഒരാള്‍ക്കെങ്കിലും മികച്ച വരുമാനം ലഭ്യമാകുന്ന തൊഴില്‍ ഉറപ്പാക്കും. കുട്ടികള്‍ക്ക് വിദ്യാഭ്യാസത്തിനും വിനോദത്തിനും ആരോഗ്യപരിപാലനത്തിനും ആവശ്യമായ സൗകര്യങ്ങള്‍ ഈ സമുച്ചയങ്ങള്‍ക്ക് സമീപം ഉറപ്പാക്കും. പദ്ധതിക്ക് ആവശ്യമായ ഭൂമി കണ്ടത്തൊനുള്ള ചുമതല അതത് ജില്ല കലക്ടര്‍മാര്‍ക്കാണ്. ഫെബ്രുവരി 15നകം ഇതുസംബന്ധമായ സര്‍വേ നടപടി പൂര്‍ത്തിയാക്കണമെന്ന് മുഖ്യമന്ത്രി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടു.

Tags:    
News Summary - pinarayi vijayan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.