പിണറായി വിജയൻ
എത്ര പരിഹാസ്യമാണ് അവരുടെ കണ്ടെത്തൽ; മാസപ്പടിയിലെ ഇഡി നടപടിയിൽ പ്രതികരിച്ച് പിണറായി വിജയൻ
ആലപ്പുഴ: തനിക്കെതിരെയുള്ള വേട്ടയാടൽ തുടങ്ങിയിട്ട് ഏറെക്കാലമായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ഏതെങ്കിലും താരത്തിൽ തന്നെ പഴിചാരുകയാണ് ഇ.ഡിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാസപ്പടി കേസിൽ കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് ഇ.ഡി കത്ത് നൽകിയതുമായി ബന്ധപ്പെട്ട് ആദ്യമായാണ് പിണറായി വിജയൻ പ്രതികരിക്കുന്നത്. തന്നെ തകർക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയ ശക്തികൾ ഉദ്ദേശിച്ച നിലയിലേക്ക് എത്തിയിട്ടില്ല. തന്നെ പഴിചാരാൻ തക്കതായ ഒന്നും അവർക്ക് കണ്ടെത്താൻ കഴിയുന്നില്ല. ആ സാഹചര്യത്തിൽ, തങ്ങളെ നിയന്ത്രിക്കുന്നവർ പറയുന്നതിനനുസരിച്ച് കാര്യങ്ങൾ നീക്കുകയാണ് അവർ ചെയ്യുന്നതെന്നും പിണറായി പറഞ്ഞു. സി.പി.എം മാന്നാർ ഏരിയ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇഡിയുടെ നടപടി എത്രത്തോളം പരിഹാസ്യമാണ്. തന്‍റെ മകൾ പഠനം കഴിഞ്ഞ് ആദ്യം ജോലി ചെയ്തത് ‘ഒറാക്കിൾ’ എന്ന പ്രമുഖ സ്ഥാപനത്തിലാണ്. പിന്നീട് വിവാഹ ശേഷം ആ ജോലി ഉപേക്ഷിക്കേണ്ടി വന്നു. അതിനുശേഷം വിദേശരാജ്യങ്ങളിലടക്കം പോയി ജോലി ചെയ്തു. അവിടെത്തന്നെ തുടർന്നിരുന്നെങ്കിൽ വലിയ ശമ്പള നിലവാരത്തിലേക്ക് വീണ എത്തുമായിരുന്നു. പിന്നീട് മറ്റൊരു കമ്പനിയിൽ ജോലി ചെയ്ത ശേഷം സ്വന്തമായി ഒരു ഐടി കമ്പനി ആരംഭിക്കുകയായിരുന്നു. സ്വന്തം കമ്പനി വഴി നിരവധി വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ഐടി സേവനങ്ങൾ നൽകിവന്നു. മകളുടെ കമ്പനി നൽകിയ സേവനങ്ങളുടെ കൂട്ടത്തിലുള്ളതാണ് സി.എം.ആർ.എൽ. കമ്പനിക്ക് നൽകിയ സേവനങ്ങൾക്ക് കൃത്യമായി ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. അതിനുള്ള എല്ലാ നികുതികളും അടച്ചിട്ടുണ്ട്. ഇതെല്ലാം വ്യക്തമായ രേഖയിലുള്ള കാര്യങ്ങളാണ്. അതിൽ പറയുന്ന ഘട്ടത്തിലൊന്നും മുഹമ്മദ് റിയാസ് വീണയുടെ ഭർത്താവായിരുന്നിട്ടു പോലുമില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കു വേണ്ടി വീണ പണം വാങ്ങിയെന്നും ആ പണം റിയാസ് മുഖേന വിദേശത്തേക്ക് കടത്തിയെന്നുമാണ് ഇപ്പോൾ ഇ.ഡി കണ്ടെത്തിയിരിക്കുന്നത്. ഇത്രയും ലജ്ജാകരമായ ആരോപണങ്ങൾ ഇഡിയെ പോലുള്ള ഒരു ഏജൻസി ഉന്നയിക്കുമ്പോൾ, പിണറായി വിജയൻ മൂന്നു കോടി രൂപ കൈക്കൂലി വാങ്ങി എന്ന് വലിയ അക്ഷരങ്ങളിൽ നിരത്തുകയാണ് ഇവിടെ ചില മാധ്യമങ്ങൾ. അത് വലിയ അച്ചിൽ കൊടുത്തത് കൊണ്ട് മാത്രം ജനങ്ങൾ അത് വിശ്വസിക്കുമോ? മാധ്യമങ്ങളുടെ രോഷവും പകയും കൊണ്ട് വലിയ അക്ഷരത്തിൽ വാർത്തകൾ കൊടുത്താൽ തീരുന്നതല്ല തന്‍റെ ജീവിതമെന്നും അത് ജനങ്ങൾക്ക് മുന്നിൽ എന്നും തുറന്ന ഒരു പുസ്തകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമത്തിലെ 66 (2) വകുപ്പ് പ്രകാരം കേസിൽ ഇതുവരെ ഇ.ഡി ശേഖരിച്ച തെളിവുകളും മൊഴികളും ഉൾപ്പെടുത്തി ഡി.ജി.പിക്ക് സമർപ്പിച്ച 25 പേജ് റിപ്പോർട്ടിൽ ഗുരുതര കണ്ടെത്തലുകളാണുള്ളത്. സി.എം.ആർ.എൽ മുൻ സി.എഫ്.ഒയും സി.ജി.എമ്മുമായിരുന്ന പി. സുരേഷ് കുമാർ നടത്തിയ കുറ്റസമ്മത പ്രകാരം, പിണറായി വിജയൻ സി.എം.ആർ.എല്ലിൽനിന്ന് വീണ വഴി കൈക്കൂലിയായി 3.28 കോടി കൈപ്പറ്റിയെന്ന് പറയുന്നു.
മുഹമ്മദ് റിയാസ് കൈക്കൂലി വാങ്ങി ഈ പണം വീണയും ചില സുഹൃത്തുക്കളും വഴി ദുബൈയിലേക്ക് അയച്ചു. കൈക്കൂലി വാങ്ങാനും മറ്റിടങ്ങളിലേക്ക് അയക്കാനും പിണറായിയെും മുഹമ്മദ് റിയാസിനെയും സഹായിച്ചത് വീണ ആണെന്നാണ് റിപ്പോർട്ടിലെ പരാമർശം. കൈക്കൂലി ഇടപാട് നടന്നതായി കണ്ടെത്തിയ സാഹചര്യത്തിൽ മൂന്ന് പേർക്കെതിരെയും അഴിമതി നിരോധന നിയമപ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നാണ് റിപ്പോർട്ടിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.