തിരുവനന്തപുരം: മുതിർന്ന സി.പി.എം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വിട വാങ്ങി. പട്ടം എസ്.യു.ടി ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. ഇന്ന് ഉച്ചക്കുശേഷമാണ് ആരോഗ്യ നില വഷളായത്.
അദ്ദേഹത്തെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ആശുപത്രിയിലെത്തിയിരുന്നു. ചീഫ് സെക്രട്ടറിയും ആരോഗ്യമന്ത്രിയും ആശുപത്രിയിലുണ്ട്. മുഖ്യമന്ത്രി മെഡിക്കൽ ബോർഡുമായി ചർച്ച നടത്തി. ജനറൽ സെക്രട്ടി എം.എ.ബേബി കൊല്ലത്തുനിന്ന് ആശുപത്രിയിലേക്കു പുറപ്പെട്ടു. വിവരമറിഞ്ഞ് നിരവധി പേർ ആശുപത്രിയിലേക്ക് തിരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ബാർട്ടൺഹില്ലിൽ മകൻ വി.എ അരുൺ കുമാറിന്റെ വീട്ടിലായിരിക്കവെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞ മാസം വി.എസിനെ പട്ടം എസ്.യു.ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇടക്ക് ആശ്വാസ വാർത്തകൾ വന്നിരുന്നുവെങ്കിലും ഇന്ന് വൈകീട്ട് 3.20 ഓടെ മരണപ്പെടുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് വെന്‍റിലേറ്റർ സഹായത്തിലായിരുന്നു കഴിഞ്ഞിരുന്നത്.
2006 മുതൽ 2011 വരെ കേരളത്തിന്‍റെ 20ാം മുഖ്യമന്ത്രിയായിരുന്നു. 1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതൽ 2016 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ മുൻ അംഗമായിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന സമിതി സ്ഥിരംക്ഷണിതാവാണ്. 1980 മുതൽ 1992 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 2001 മുതൽ 2021 വരെ മലമ്പുഴയിൽ നിന്നും, 1991 മുതൽ 1996 വരെ മലമ്പുഴയിൽ നിന്നും 1967 മുതൽ 1977 വരെ അമ്പലപ്പുഴയിൽ നിന്നും നിയമസഭാംഗമായി. ഭാര്യ: കെ. വസുമതി. മക്കൾ: അരുൺകുമാർ, ആശ.
1923 ഒക്‌ടോബര്‍ 20ന് പുന്നപ്ര വേലിക്കകത്ത് ശങ്കരെൻറയും അക്കമ്മയുടെയും മകനായാണ് ജനനം. നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്‌ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സില്‍ പഠനം നിർത്തേണ്ടിവന്നു. തുടര്‍ന്ന് മൂത്ത സഹോദരനെ സഹായിക്കാന്‍ ഗ്രാമത്തിലെ തുന്നല്‍ക്കടയില്‍ ജോലിക്കു നിന്നു. അതിനുശേഷം കയര്‍ ഫാക്‌ടറിയിലും തൊഴിലാളിയായി പ്രവര്‍ത്തിച്ചു.
കുട്ടനാട്ടില്‍ കര്‍ഷകത്തൊഴിലാളികളെ സംഘടിപ്പിച്ചുകൊണ്ടാണ് വി.എസ് രാഷ്ട്രീയപ്രവര്ത്തനത്തിെൻറ ആദ്യഘട്ടം പിന്നിട്ടത്. പി. കൃഷ്‌ണപിള്ളയുടെ ഉപദേശമനുസരിച്ചായിരുന്നു അത്. തുടര്‍ന്ന് സ്വാതന്ത്ര്യപ്രസ്ഥാനത്തിലേക്കും അവിടെനിന്ന് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്കും എത്തിച്ചേരുകയായിരുന്നു. അമേരിക്കന്‍ മോഡലിനുവേണ്ടിയുള്ള സര്‍ സി.പി. രാമസ്വാമി അയ്യരുടെ കാഴ്‌ചപ്പാടിനെതിരായി ആലപ്പുഴയില്‍ നടന്ന പുന്നപ്ര-വയലാര്‍ പ്രക്ഷോഭത്തിെൻറ മുന്‍നിരയില്‍ വി.എസ് ഉണ്ടായിരുന്നു. ഇതിനെത്തുടര്‍ന്ന് 1946 ഒക്‌ടോബര്‍ 28-ാം തീയതി പൊലീസ് പിടിയിലായി. പൂഞ്ഞാര്‍ ലോക്കപ്പില്‍ വെച്ച് ഭീകരമായ മര്‍ദ്ദനം ഏല്‍ക്കേണ്ടിവന്നു. മര്‍ദ്ദനത്തിനിടെ തോക്കിെൻറ ബയണറ്റ് കാല്‍വെള്ളയില്‍ ആണ്ടിറങ്ങി. ഇത്തരം കൊടിയ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടിവന്നിട്ടുണ്ട്. അഞ്ചുവര്‍ഷവും ആറുമാസവും ജയില്‍ ജീവിതവും നാലരവര്‍ഷം ഒളിവുജീവിതവും നയിച്ചിട്ടുണ്ട്.
1967ലെ സര്‍ക്കാര്‍ പാസ്സാക്കിയ ഭൂപരിഷ്‌കരണ നിയമം നടപ്പിലാക്കാന്‍ വമ്പിച്ച പ്രക്ഷോഭം ഉയര്‍ത്തേണ്ടിവന്നു. 1970 ല്‍ സുപ്രസിദ്ധമായ ആലപ്പുഴ പ്രഖ്യാപനത്തിലൂടെ ഈ നിയമം പാസ്സാക്കാനുള്ള പോരാട്ടം പ്രഖ്യാപിക്കപ്പെട്ടു. ആ സമരത്തിന്റെ നേതൃത്വ നിരയില്‍ നിന്ന സഖാവായിരുന്നു വി.എസ്. എണ്ണമറ്റ സമരങ്ങള്‍ക്ക് ഈ കാലഘട്ടത്തില്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചവയായിരുന്നു.
1940ലാണ് വി.എസ് കമ്യൂണിസ്റ്റ് പാര്‍ടി അംഗമാകുന്നത്. 1957ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടിയുടെ സ്റ്റേറ്റ് സെക്രട്ടേറിയറ്റ് മെമ്പറായി. 1964ല്‍ സി.പി.ഐ നാഷണല്‍ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിപ്പോന്ന് സി.പി.എമ്മിന് രൂപംനൽകിയ 32 അംഗങ്ങളില്‍ ഒരാളാണ് വി.എസ്. 1985ല്‍ പൊളിറ്റ്‌ബ്യൂറോ അംഗമായി. 2009 വരെ പൊളിറ്റ്‌ബ്യൂറോ അംഗമായിരുന്നു. ദേശാഭിമാനി പത്രത്തിന്റെയും ചിന്ത വാരികയുടെയും ചീഫ് എഡിറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.