തിരുവനന്തപുരം: സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതിക്ക് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കുന്നതിലെ വിലക്ക് ശരിവെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും ശ്രീമതിക്ക് പങ്കെടുക്കാനാകില്ലെന്നും എന്നാൽ, സംസ്ഥാന സമിതി യോഗത്തിന്‍റെ ഭാഗമായി സെക്രട്ടേറിയറ്റ് യോഗം നടക്കുമ്പോൾ പങ്കെടുക്കാമെന്നും വാർത്തസമ്മേളനത്തിൽ അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ 19ന് നടന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത പി.കെ. ശ്രീമതിയെ മുഖ്യമന്ത്രി വിലക്കിയ വിവരം പുറത്തുവന്നിരുന്നു.
പി.കെ. ശ്രീമതിയെ ആരും വിലക്കിയിട്ടില്ലെന്നും സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കാമെന്നുമാണ് ജനറൽ സെക്രട്ടറി എം.എ. ബേബി, സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ എന്നിവർ വിശദീകരിച്ചത്. കേരളത്തിലുള്ളപ്പോൾ സെക്രട്ടേറിയറ്റ് യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ശ്രീമതിയും വിശദീകരിച്ചു. എന്നാൽ, എല്ലാ സെക്രട്ടേറിയറ്റ് യോഗങ്ങളിലും ശ്രീമതിക്ക് പങ്കെടുക്കാനാകില്ലെന്നാണ് പിണറായി വ്യക്തമാക്കിയത്. മൂവരുടെയും നിലപാടുകൾ വ്യത്യസ്തമാണ്.
വിഷയത്തിൽ പിണറായി വിജയന്‍റെ വിശദീകരണം ഇങ്ങനെ: പ്രായപരിധി കർശനമായി നടപ്പാക്കിയതിനാലാണ് പി.കെ. ശ്രീമതിയെ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയത്. മഹിള അസോസിയേഷൻ നേതാവെന്ന നിലയിൽ ഇതര സംസ്ഥാനങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന പി.കെ. ശ്രീമതിക്ക് കേന്ദ്ര കമ്മിറ്റിയിൽ തുടരാൻ ഇളവ് നൽകണമെന്ന് പാർട്ടി കോൺഗ്രസിൽ അഭിപ്രായം വന്നു. അതനുസരിച്ച് കേന്ദ്ര ക്വോട്ടയിൽ ഉൾപ്പെടുത്തി ഇളവ് നൽകി.
ഇതനുസരിച്ച് നിലവിൽ കേന്ദ്ര കമ്മിറ്റിയംഗമെന്ന നിലയിൽ സംസ്ഥാന സമിതി യോഗത്തിൽ പി.കെ. ശ്രീമതിക്ക് പങ്കെടുക്കാം. എന്നാൽ, നേരത്തേയുണ്ടായിരുന്നതുപോലെ ശ്രീമതിക്ക് സംസ്ഥാനത്ത് സംഘടന ചുമതലയില്ല. അതുകൊണ്ടുതന്നെ എല്ലാ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗങ്ങളിലും പങ്കെടുക്കേണ്ടതില്ല. സംസ്ഥാന സമിതിയുടെ ഭാഗമായുള്ള സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുക്കാവുന്നതാണെന്നും പിണറായി തുടർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.