തിരുവമ്പാടി (കോഴിക്കോട്): കേന്ദ്ര സർക്കാർ കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം നിഷേധിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവമ്പാടി ആനക്കാംപൊയിലിൽ വയനാട് തുരങ്കപാത പ്രവൃത്തി ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കാൻ കേരളത്തിന് ദേശീയപാത അതോറിറ്റിക്ക് പണം നൽകേണ്ടിവന്നു. മറ്റു സംസ്ഥാനങ്ങൾക്ക് പണം നൽകേണ്ടിവന്നിട്ടില്ല. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന്റെ അർഹമായ വായ്പ പരിധി വെട്ടിക്കുറച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന വികസനത്തിന് ചെലവഴിക്കേണ്ട 12,000 കോടി രൂപയാണ് കേന്ദ്രം നിഷേധിച്ചത്. 50 വർഷം കാത്തിരുന്നാൽപോലും നടക്കാത്ത പദ്ധതികളാണ് സംസ്ഥാന സർക്കാർ ഇടപെടലിൽ യാഥാർഥ്യമാകുന്നത്. വയനാട് തുരങ്കപാത വ്യാപാര, വ്യവസായ, കാർഷിക, ഗതാഗത രംഗത്ത് കുതിപ്പേകും.
ദേശീയപാത വികസനം അന്തിമഘട്ടത്തിലാണ്. മലയോര ഹൈവേ, തീരദേശ ഹൈവേ, ദേശീയ ജലപാത ഇതെല്ലാം നിർമാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. 2016ൽ അഞ്ചുവർഷംകൊണ്ട് 50,000 കോടി രൂപയുടെ പശ്ചാത്തല വികസന പദ്ധതികളാണ് കിഫ്ബി ലക്ഷ്യമിട്ടത്. 2021ൽ കിഫ്ബി പദ്ധതി 62,000 കോടിയായും നിലവിൽ 90,000 കോടി രൂപയുമായും വർധിച്ചുവെന്നും ന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, എ.കെ. ശശീന്ദ്രൻ, ഒ.ആർ. കേളു, ലിന്റോ ജോസഫ് എം.എൽ.എ, അഡ്വ. ടി. സിദ്ദീഖ് എം.എൽ.എ, ജില്ല കലക്ടർ സ്നേഹിൽ കുമാർ സിങ്, ജില്ല പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, താമരശ്ശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിയേൽ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.