ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പി.എഫ്.ഐ) നിരോധിക്കാന്‍ കേരളം ആവശ്യപ്പെട്ടുവെന്ന കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജൂവിന്‍റെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനുവരിയില്‍ മധ്യപ്രദേശില്‍ ചേര്‍ന്ന ഡി.ജി.പിമാരുടെ യോഗത്തില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം സമ്മര്‍ദം ചെലുത്തിയെന്നും ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കുന്നുണ്ടെന്നുമാണ് ഒരു പ്രമുഖ മാധ്യമത്തില്‍ കിരണ്‍ റിജിജൂവിന്‍റെതായി വന്ന പ്രതികരണം. എന്നാല്‍ പ്രസ്തുത യോഗത്തിലോ മറ്റേതെങ്കിലും സന്ദര്‍ഭത്തിലോ കേരളം അങ്ങനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ല.

വര്‍ഗീയ സംഘടനകളെയോ തീവ്രവാദ പ്രസ്ഥാനങ്ങളെയോ നിരോധിക്കുക എന്നത് സര്‍ക്കാരിന്‍റെ നയമല്ല. സമൂഹത്തില്‍ വര്‍ഗീയ ചേരിതിരിവും കലാപവുമുണ്ടാക്കുന്നതിന്‍റെ  അടിസ്ഥാനത്തില്‍ ഏതെങ്കിലും സംഘടനയെ നിരോധിക്കുന്നുണ്ടെങ്കില്‍ ആദ്യം നിരോധിക്കേണ്ടത് ആർ.എസ്.എസിനെയാണ്. നിരോധനം കൊണ്ട് ഇത്തരം പ്രസ്ഥാനങ്ങളെ നേരിടാന്‍ കഴിയില്ല. മുന്‍കാല അനുഭവം അതാണ് തെളിയിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെ കാര്യത്തിലും ഈ നിലപാട് തന്നെയാണുളളത്. വര്‍ഗീയ-തീവ്രവാദ പ്രസ്ഥാനങ്ങള്‍ ഉയര്‍ത്തുന്ന ഭീഷണിയോ അവരുടെ പ്രത്യയശാസ്ത്രമോ നിരോധനം കൊണ്ട് ഇല്ലാതാക്കാനാവില്ല.  ജനങ്ങളെ അണിനിരത്തിയും കര്‍ക്കശമായ നിയമ നടപടികള്‍ സ്വീകരിച്ചുമാണ് ഇത്തരം വര്‍ഗീയതയേയും തീവ്രവാദത്തേയും നേരിടേണ്ടത്.

വര്‍ഗീയതക്കും തീവ്രവാദത്തിനും എതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടികളാണ് സ്വീകരിച്ചുവരുന്നത്. അതിന്‍റെ ഫലം ക്രമസമാധാനപാലന രംഗത്ത് പ്രകടമാണ്. മതസ്പര്‍ധ ഇളക്കിവിടുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് എന്‍.ഡി.എഫ് - പി.എഫ്.ഐ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ട 104 കേസുകള്‍ 2005 മുതല്‍ 2012 വരെയുളള കാലയളവില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ 2013 മുതല്‍ 2017 വരെ കേവലം 14 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതിന് കേരളം ഏറെ മുന്നിലാണെന്നാണ് വസ്തുതകള്‍ തെളിയിക്കുന്നത്. നാഷണല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയുടെ രേഖകളും ഇക്കാര്യം സ്ഥിരീകരിക്കുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags:    
News Summary - Pinarayi vijayan on Popular Front ban-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.