കണ്ണൂർ എളയാവൂർ സൗത്തിൽ ദേശീയപാതയുടെ ഭാഗമായി നിർമിച്ച സംരക്ഷണഭിത്തിക്ക് മുകളിലെ മൺതിട്ട ഇടിഞ്ഞു താണ പ്രദേശം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിക്കുന്നു
കണ്ണൂർ: എളയാവൂർ സൗത്തിൽ ദേശീയപാതയുടെ ഭാഗമായി നിർമിച്ച സംരക്ഷണഭിത്തിക്ക് മുകളിലെ മൺതിട്ട ഇടിഞ്ഞു താണ സംഭവത്തിൽ ദേശീയപാത അതോറിറ്റിക്കെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കേരളത്തിന്റെ ഭൂപ്രകൃതിയോട് ഇണങ്ങിയ രീതിയില്‍ ദേശീയപാത നിര്‍മാണം നടത്താമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നല്‍കിയിരുന്നുവെന്ന്, മണ്ണിടിച്ചിൽ ഉണ്ടായ പ്രദേശം സന്ദർശിച്ച ശേഷം അദ്ദേഹം പറഞ്ഞു.
റോഡ് നിര്‍മാണത്തിന് ആവശ്യമായ പഠനങ്ങള്‍ നടത്തിയ ശേഷമാണ് പ്രവൃത്തി നടത്തിയതെന്നാണ് കരാര്‍ കമ്പനി അവകാശപ്പെടുന്നത്. എന്നാല്‍, ദേശീയപാതയുടെ ഡിസൈനില്‍ പിശക് സംഭവിച്ചെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി നേരത്തെ തന്നെ സമ്മതിച്ചിട്ടുണ്ടെന്ന് പിണറായി ചൂണ്ടിക്കാട്ടി.
2023ല്‍ മണ്ണിടിച്ചില്‍ ഉണ്ടായിട്ടും ദേശീയപാത അതോറിറ്റി ഫലപ്രദമായി ഇടപെട്ടില്ല. റോഡ് നിർമാണം നടത്തിയത് കൃത്യമായ പഠനം നടത്തിയാണെന്നാണ് കരാര്‍ കമ്പനി അവകാശപ്പെടുന്നത്. ഇനിയൊരു അപകടം ഉണ്ടാകാതിരിക്കാന്‍ ആവശ്യമായ നടപടികളാണ് ഉടനടി സ്വീകരിക്കേണ്ടതെന്നും അതിനായി കേരളത്തിന്റെ ഭൂപ്രകൃതിയുമായി ബന്ധപ്പെട്ട് വിശദമായ പഠനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങളിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞ് പിണറായി സ്ഥിതിഗതികൾ വിലയിരുത്തി.
എളയാവൂർ സൗത്ത് വട്ടപ്പറമ്പിൽ ചൊവ്വാഴ്ച പുലർച്ചെയാണ് നിർമാണത്തിലുള്ള ദേശീയപാതയുടെ 16 മീറ്ററോളം ഉയരത്തിലുള്ള സംരക്ഷണഭിത്തി ഇടിഞ്ഞത്. സംഭവത്തിൽ കലക്ടർ പി. വിഷ്ണുരാജ് ദേശീയപാത അധികൃതരോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. വീണ്ടും ഇടിഞ്ഞതിനു കാരണം അടിഭാഗത്തെ മണ്ണിന്റെ ബലക്കുറവാണെന്ന് പ്രദേശവാസികൾ പറയുന്നു. മണ്ണിന്റെ ഘടനയെപ്പറ്റി ശാസ്ത്രീയമായ പഠനം നടത്താതെയാണ് സ്ഥലത്തടക്കം റോഡ് നിർമാണം നടക്കുന്നതെന്നാണ് ആരോപണം.
സർവിസ് റോഡിനായി സ്ഥലം ഏറ്റെടുത്തിട്ടുണ്ടെങ്കിലും നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ല. റോഡിനിരുവശങ്ങളിലുമായി ഇരുപതോളം വീടുകളും സ്ഥാപനങ്ങളുമുണ്ട്. തുടർച്ചയായി മണ്ണിടിയുന്നത് വീടുകളുടെ സുരക്ഷയെ ബാധിക്കുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.