നിർധന വിദ്യാർഥികളുടെ പ്രൊഫഷണൽ പഠനത്തിന് എം എ യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ചെക്ക്, ലുലുഗ്രൂപ്പ് ഡയറക്ടർ ജോയ് ഷഡാനന്ദൻ കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായ്ക്ക് കൈമാറുന്നു. ലുലു പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ, ലുലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഫിനാൻസ് കൺട്രോളർ അജിത് എന്നിവർ ഒപ്പം

യൂസഫലിയുടെ ഓണസമ്മാനം: ക്ലീമീസ് ബാവായുടെ പദ്ധതിക്ക് ഒരു കോടിയുടെ ചെക്ക് കൈമാറി

തിരുവനന്തപുരം: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർഥികളുടെ ഉന്നതപഠനത്തിനായി, മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ മേജർ ആർച്ചുബിഷപ്പ് കർദിനാള്‍ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന 'സ്നേഹപൂർവം ജൂബിലി വിദ്യാജ്യോതി' പദ്ധതിയിലേക്ക് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പ്രഖ്യാപിച്ച ഒരു കോടി രൂപയുടെ ധനസഹായം കൈമാറി. ലുലു ഗ്രൂപ്പ് പ്രതിനിധികൾ ബിഷപ്പ് ഹൗസിലെത്തി ഓണസമ്മാനമായി തുകയുടെ ചെക്ക് മാർ ക്ലീമീസ് ബാവായ്ക്ക് നേരിട്ട് കൈമാറുകയായിരുന്നു.

കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൽ വെച്ചാണ് പദ്ധതിക്ക് പിന്തുണയുമായി എം.എ. യൂസഫലി ഒരു കോടി രൂപയുടെ ഓണസമ്മാനം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഡയറക്ടർ ജോയി ഷഡാനന്ദൻ തുകയുടെ ചെക്ക് മാർ ക്ലീമീസ് ബാവായ്ക്ക് കൈമാറി. ലുലു പബ്ലിക് റിലേഷൻസ് മാനേജർ സൂരജ് അനന്തകൃഷ്ണൻ, ലുലു ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ഫിനാൻസ് കൺട്രോളർ അജിത് എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

മെഡിക്കൽ, നഴ്സിങ്, എൻജിനീയറിങ്, നിയമപഠനം തുടങ്ങിയ വിവിധ പ്രൊഫഷണൽ കോഴ്സുകളിൽ പ്രവേശനം നേടിയ 25 നിർധന വിദ്യാർത്ഥികളുടെ മുഴുവൻ പഠനച്ചെലവുകളുമാണ് 'സ്നേഹപൂർവം ജൂബിലി വിദ്യാജ്യോതി' പദ്ധതിയിലൂടെ കഴിഞ്ഞ അഞ്ചു വർഷമായി മാർ ക്ലീമീസ് ബാവാ സ്വന്തം നിലയിൽ ഏറ്റെടുത്തു നടത്തുന്നത്. ഈ വിദ്യാർത്ഥികളുടെ പഠനം പൂർത്തിയാക്കാൻ ആവശ്യമായി വരുന്ന രണ്ടു കോടി രൂപയിൽ ഒരു കോടി രൂപ ബാവായുടെ നേതൃത്വത്തിൽ സമാഹരിച്ചിരുന്നു. ബാക്കി തുക കണ്ടെത്തുന്നതിലെ ബുദ്ധിമുട്ട് ശ്രദ്ധയിൽപ്പെട്ടതോടെയാണ് എം.എ. യൂസഫലി ഒരു കോടി രൂപ നൽകുമെന്ന് പ്രഖ്യാപിച്ചത്.

Tags:    
News Summary - Yusuff Ali's Onam gift hands over Rs one crore cheque for Cleemis Bava's project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.