നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫി​ന്‍റെ ക​ന​ത്ത പ​രാ​ജ​യ​ത്തി​നു​ശേ​ഷം ക​ണ്ണൂ​രി​ൽ​നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ മു​ഖ്യ​മ​​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക്​ വ​രു​ന്നു ഫോട്ടോ: പി.​ബി. ബി​ജു

അധികാര അലങ്കാരങ്ങൾ അഴിച്ച്, മൗനംതുടർന്ന് പിണറായി

തിരുവനന്തപുരം: ജനങ്ങളേൽപ്പിച്ച കനത്ത പരാജയത്തിന്‍റെ പിറ്റേന്ന് അധികാരത്തിന്‍റെ അലങ്കാരങ്ങൾ അഴിച്ചും, തിരിച്ചടിയുടെ പ്രഹരം മുഖത്ത് നിന്ന് മറച്ചും പ്രതികരണത്തിന് തയാറാകാതെ മുഖ്യമന്ത്രി പിണറായി വിജയൻ തലസ്ഥാനത്തെത്തി. ഔദ്യോഗിക വാഹനമോ പതിവ് സുരക്ഷാ സന്നാഹമോ ഒന്നും ഇല്ലാതെ എ.കെ.ജി. സെന്‍ററിൽ നിന്നുള്ള വാഹനത്തിലായിരുന്നു അദ്ദേഹം വിമാനത്താവളത്തിൽനിന്ന് ക്ലിഫ്ഹൗസിലേക്ക് പോയത്.

നിയമസഭാ തെ‍രഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ അതിവേഗം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് രാജിക്കത്ത് പ്രത്യേക ദൂതൻ വഴി ലോക്ഭവനിലെത്തിച്ച പിണറായി വിജയൻ ചൊവ്വാഴ്ച രാവിലെയാണ് തിരുവനന്തപുരത്ത് എത്തിയത്. സാധാരണ ഗതിയിൽ മുഖ്യമന്ത്രി എത്തുമ്പോൾ വിമാനത്താവളത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കാറുള്ളത്. സുരക്ഷാ ഉദ്യോഗസ്ഥരടക്കം വൻ വാഹനവ്യൂഹമായിരുന്നു കഴിഞ്ഞ പത്ത് വർഷവും അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാൽ ഇന്നലെ അതൊന്നും കണ്ടില്ല. എ.കെ.ജി സെന്‍ററിൽ നിന്നുള്ള കാറും പൊലീസ് എന്ന് എഴുതി ഒട്ടിച്ച എസ്കോർട്ട് വാഹനവും മാത്രം. രാവിലെ 10.40നാണ് കണ്ണൂരിൽനിന്ന് വിമാനമാർഗം പിണറായി എത്തിയത്. കണ്ണൂരിൽ മാധ്യമങ്ങളോട് പ്രതികരിക്കാത്ത അദ്ദേഹം തലസ്ഥാനത്ത് പ്രതികരിച്ചേക്കുമെന്ന പ്രതീക്ഷയിൽ വൻ മാധ്യമസംഘമാണ് വിമാനത്താവളത്തിൽ എത്തിയത്. എന്നാൽ, സ്വീകരിക്കാനെത്തിയ സി.പി.എം നേതാക്കളായ വി. ശിവന്‍കുട്ടി, വി. ജോയ്, എ.എ. റഹീം എന്നിവര്‍ക്കൊപ്പം പുറത്തിറങ്ങിയ പിണറായി മാധ്യമപ്രവർത്തകരോട് പ്രതികരിക്കാതെ കൈയുയർത്തി അഭിവാദ്യം ചെയ്ത് ചെറുപുഞ്ചിരിയോടെ വാഹനത്തിൽ കയറി പോയി.

കാവൽ മുഖ്യമന്ത്രിയെന്ന നിലയിൽ എല്ലാ സൗകര്യങ്ങളും ഉപയോഗിക്കാമെങ്കിലും അതെല്ലാം ഒഴിവാക്കിയ പിണറായിയെയാണ് ഇന്നലെ കണ്ടത്. നേരെ ക്ലിഫ് ഹൗസിലെത്തിയ പിണറായിക്കൊപ്പം കുടുംബവുമുണ്ടായിരുന്നു. ഉച്ചക്ക് അദ്ദേഹം എ.കെ.ജി സെന്‍ററിൽ എത്തി. അവിടെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെ നേതാക്കളുമായി ആശയവിനിമയം നടത്തിയെന്നാണ് വിവരം. തുടർന്ന് ക്ലിഫ് ഹൗസിലേക്ക് മടങ്ങി. ഇന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ പങ്കെടുത്ത ശേഷം കണ്ണൂരിലേക്ക് മടങ്ങിയേക്കും.

ക്ലിഫ്ഹൗസ് ഉടൻ ഒഴിയും;‘ചിന്ത’ ഫ്ലാറ്റിൽ മുറി ഒരുങ്ങി

മുഖ്യമന്ത്രി സ്ഥാനം രാജിവച്ച സാഹചര്യത്തിൽ പിണറായി വിജയൻ ഉടൻ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസ് ഒഴിയും. പിണറായി സര്‍ക്കാറിന്‍റെ പത്ത് വര്‍ഷത്തിനിടെ, പലപ്പോഴായി ലക്ഷങ്ങൾ ചെലവാക്കിയുള്ള മോടിപിടിപ്പിക്കലിന്‍റെ ഉൾപ്പെടെ പേരിൽ വിവാദങ്ങളില്‍ ഉയര്‍ന്ന് കേട്ട ഇടമാണ് ക്ലിഫ്ഹൗസ്. ഔദ്യോഗിക വസതി ഒഴിയുന്ന പിണറായി വിജയന് വേണ്ടി എ.കെ.ജി സെന്‍ററിന് സമീപമുള്ള പാർട്ടിയുടെ ചിന്ത ഫ്ലാറ്റിൽ മുറി ഒരുങ്ങുകയാണ്. പോളിറ്റ് ബ്യൂറോ അംഗങ്ങൾക്കായി അനുവദിക്കുന്ന ഫ്ലാറ്റിന്‍റെ മൂന്നാം നിലയിലെ 3 എ, 3 ബി മുറികളാണ് സജ്ജീകരിക്കുന്നത്.

Tags:    
News Summary - Pinarayi removes the trappings of power and remains silent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.