തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ, യുവതിയുമായി നടത്തിയതെന്ന പേരിൽ ഫോൺ സംഭാഷണം പുറത്ത്. യുവതിയെ ഗർഭഛിദ്രത്തിന് പ്രേരിപ്പിക്കുന്നു എന്ന രീതിയിലാണ് ഫോൺ സംഭാഷണം പ്രചരിക്കുന്നത്.
കുഞ്ഞിന്റെ അച്ഛനായി ആരെ ചൂണ്ടിക്കാണിക്കുമെന്ന് യുവതിയോട് ചോദിക്കുന്നത് കേൾക്കാം. തന്നെ ചൂണ്ടിക്കാണിക്കുമെന്ന് യുവതി മറുപടി പറയുന്നു. എന്നാൽ തനിക്ക് അത് ബുദ്ധിമുട്ടാകുമെന്നാണ് ഇയാളുടെ മറുപടി. ‘അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാകുന്നത്’ എന്ന് യുവതി തിരിച്ച് ചോദിക്കുന്നതും കേൾക്കാം.
?: പിന്നെ എങ്ങനെയാടീ അത് വളരുന്നത്, ആ കൊച്ചിനെ കാണുമ്പോൾ തന്തയില്ലാത്തവൻ എന്ന് വിളിക്കില്ലേ?
യുവതി: തന്തയില്ലാതെ ഒരു കൊച്ച് ഭൂമിയിലേക്ക് പൊട്ടിവീഴുമോ
?: ആ കൊച്ചിനെ ആര് ചൂണ്ടിക്കാണിക്കും നീ ?
യുവതി: അത് ഞാൻ ആ കൊച്ചിനോട് പറഞ്ഞോളാം, മറ്റ് ആരോടും പറയേണ്ട ആവശ്യമില്ല
?: ആ കൊച്ചിനെ ആരെ ചൂണ്ടിക്കാണിക്കും
യുവതി: അത് തന്നെ ചൂണ്ടിക്കാണിക്കും, പിന്നെ അല്ലാണ്ട് വേറെ ആരെ ചൂണ്ടിക്കാണിക്കാനാ
?: അത്തരം ബുദ്ധിമുട്ടുകളാ ഞാൻ പറഞ്ഞോണ്ടിരിക്കുന്നേ.. അതെനിക്ക് ബുദ്ധിമുട്ടാകും.
യുവതി: അയ്യോ അതെങ്ങനെയാ തന്നെ ബുദ്ധിമുട്ടാക്കുന്നത്
?: പിന്നെ അല്ലാതെ ബുദ്ധിമുട്ടാകാതിരിക്കാൻ
അതേസമയം, യുവനേതാവിനെതിരായ ആരോപണത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വ്യക്തമാക്കി. ആർക്കെതിരെ ആരോപണം വന്നാലും ഗൗരവമായി പരിഗണിക്കും. ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല. ആരായാലും, എത്രവലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. ആരോപണമുന്നയിച്ച പെൺകുട്ടി മകളെ പോലെയാണ്. വിഷയം അതീവ ഗൗരവതരമാണ്. പരിശോധിച്ച് നടപടിയെടുക്കും. വ്യക്തിപരമായി ആരും പരാതിയുമായി സമീപിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പാർട്ടിയിലെ ഏതെങ്കിലും നേതാക്കൾക്കെതിരെ ആരോപണം ഉയർന്നാൽ മുഖം നോക്കാതെ നടപടിയെടുക്കും. കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ വിട്ടു വീഴ്ചയുണ്ടാകില്ല. എത്ര വലിയ നേതാവ് ആണെങ്കിലും നടപടിയെടുക്കും. ഒരു മെസേജ് അയച്ചാൽ തൂക്കി കൊല്ലാൻ കഴിയില്ല. വ്യക്തിപരമായി ഒരാളും പരാതി പറഞ്ഞിട്ടില്ല. ഗൗരവമുള്ള പരാതി ഇപ്പോഴാണ് വന്നത്. പരാതി പാർട്ടി പരിശോധിക്കും. നടപടിക്ക് മുൻകൈയെടുക്കും. മുമ്പിൽ വന്ന പരാതിയുടെ ഗൗരവം അനുസരിച്ച് നടപടി സ്വീകരിച്ചു കഴിഞ്ഞു. തന്നെ കൂടി ഇരയാക്കാനാണ് ചില മാധ്യമങ്ങൾ ശ്രമിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു.
അതിനിടെ, ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്തുനിന്ന് രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി വാങ്ങാൻ ഹൈക്കമാൻഡ് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ. അബിൻ വർക്കിയെ പകരം അധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടു വരുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം നടി ഉന്നയിച്ച ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് രാഹുലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കരൻ രാഹുലിന്റെ പേരെടുത്ത് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. യൂത്ത് കോൺഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പിലും രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു.
പ്രമുഖ യുവ നേതാവ് അശ്ലീല സന്ദേശങ്ങള്‍ അയച്ചുവെന്നും ശരിയല്ലെന്ന് പറഞ്ഞിട്ടും വീണ്ടും തുടര്‍ന്നുവെന്നുമാണ് റിനി ആൻ ജോര്‍ജ് ചൊവ്വാഴ്ച വെളിപ്പെടുത്തിയത്. നേതാവിന്‍റെ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ലെന്നും ആ വ്യക്തി ഉൾപ്പെട്ട പ്രസ്ഥാനത്തിലുള്ള പലരുമായും നല്ല ബന്ധമാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. സോഷ്യൽ മീഡിയ വഴിയാണ് ഇയാളുമായി പരിചയമുള്ളത്. തുടക്കം മുതൽ മോശം മെസേജുകൾ അയച്ചു. ഇത് ശരിയല്ലെന്ന് പറഞ്ഞിട്ടും അയാൾ അത് തുടർന്നു.
മൂന്നര വർഷം മുമ്പാണ് ആദ്യമായി മെസേജ് അയച്ചത്. അതിനുശേഷമാണ് അയാൾ ജനപ്രതിനിധിയായത്. അയാൾ കാരണം മറ്റു ബുദ്ധിമുട്ടുകൾ ഇല്ലാത്തത് കൊണ്ടാണ് പരാതിയുമായി മുന്നോട്ട് പോകാത്തത്. പരാതിയുള്ളവർ അതുമായി മുന്നോട്ടു പോകട്ടെയെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നും യുവ നടി വെളിപ്പെടുത്തി. ഇയാളെ പറ്റി പാർട്ടിയിലെ പല നേതാക്കളോടും പറഞ്ഞിരുന്നു. നേതൃത്വത്തോട് പരാതിപ്പെടുമെന്ന് പറഞ്ഞപ്പോൾ പോയി പറയൂവെന്നായിരുന്നു മറുപടി. ഇത്തരത്തിലുള്ള ആളുകളെ ഇനിയും സ്ഥാനങ്ങളിൽ എത്തിക്കരുതെന്ന് മാത്രം പറയുകയാണെന്നും റിനി ആൻ ജോര്‍ജ് ഇന്നലെ പറഞ്ഞു.
നേതാവിന്‍റെ പേരോ ഏത് പ്രസ്ഥാനമാണെന്നോ വെളിപ്പെടുത്താൻ തയാറല്ല. ഇയാളെപ്പറ്റി പരാതിയുള്ളവര്‍ അതുമായി മുന്നോട്ടു പോകട്ടെ. പറയേണ്ട സ്ഥലങ്ങളിൽ എല്ലാം പരാതി അറിയിച്ചിട്ടുണ്ട്. പക്ഷേ അതിനുശേഷവും അയാൾക്ക് സ്ഥാനമാനങ്ങൾ ലഭിച്ചു. പ്രമാദമായ പീഡനകേസുകളിൽ ഉൾപ്പെട്ട നേതാക്കൾക്ക് എന്തു സംഭവിച്ചുവെന്ന് ഈ നേതാവ് തന്നോട് ചോദിച്ചു. ഇയാൾ ഉൾപ്പെട്ട പ്രസ്ഥാനം ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണം. ഹൂ കെയേഴ്സ് എന്ന് തന്നെയാണ് അയാളുടെ ഇപ്പോഴത്തെയും നിലപാടെന്നും പേര് പറഞ്ഞാലും ഒരു നീതിയും കിട്ടില്ലെന്ന് ഉറപ്പാണെന്നും റിനി ആൻ ജോര്‍ജ് പറഞ്ഞു. ഇയാളുടെ പ്രസ്ഥാനത്തിന് ധാർമികതയുണ്ടെങ്കിൽ ഇനിയെങ്കിലും നിയന്ത്രിക്കണമെന്നും ഈ സംഭവത്തോടെ പല വിഗ്രഹങ്ങളും ഉടഞ്ഞുപോയെന്നും യുവനടി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.