പോവാനൊരിടമില്ല; മൈമൂനക്കും മക്കൾക്കുമിത് നൊമ്പര പെരുന്നാൾ

കോഴിക്കോട്: ഇന്ന് ലോകം മുഴുവൻ തക്ബീർ വിളികളുമായി ബലി പെരുന്നാൾ ആഘോഷിക്കുമ്പോൾ വെള്ളയിൽ ഹ്യുമാനിറ്റി ലൈഫ് കെയർ ഹോമിൽ തൻറെ രണ്ട് മക്കളെയും ചേർത്തുപിടിച്ചൊരു ഉമ്മ കഴിയുന്നുണ്ട്. മഴവെള്ളപ്പാച്ചിലിൽ വീടുതകർന്നതിനാൽ പെരുന്നാളാഘോഷം പോയിട്ട് കയറികിടക്കാൻ ഒരിടം പോലുമില്ലാതെ നെടുവീർപ്പിടുന്ന താമരശ്ശേരിക്കടുത്ത് ചമൽ സ്വദേശിയായ പുത്തൻപുരക്കൽ മൈമൂനയാണ് ആ ഹതഭാഗ്യ. 70 ശതമാനം ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന 22കാരൻ ഷഫീഖിനെയും പത്താംക്ലാസ് കഴിഞ്ഞയുടൻ വീടു നോക്കാൻ കൂലിപ്പണിക്കിറങ്ങിയ ഇളയമകൻ ഷരീഫിനെയും കൊണ്ട് എങ്ങോട്ടുപോവണമെന്നറിയാതെ ഈ വലിയ സ്ഥാപനത്തിൽ അവർ പെരുന്നാൾ ദിനം കഴിച്ചുകൂട്ടും. 

കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെയാണ് വീടിനടുത്തുള്ള തോട്ടിൽ നിന്ന് വെള്ളം ഇരച്ചെത്തിയും തൊടിയിലെ മരം കട പുഴകി വീണും മൈമൂനയും കുടുംബവും താമസിച്ച വീട് തകർന്നുപോയത്. മൂത്തമകൻ സലീമിൻറെ ഭാര്യ ജിസ്നയുടെ പിതാവ് അവർക്കുതാമസിക്കാനായി നിർമിച്ചുകൊടുത്ത വീടായിരുന്നു അത്. 'തലേന്ന് സലീമും മക്കളും ജിസ്നൻറെ വീട്ടില് പോയി. ഞങ്ങളെ അയൽവീട്ടേരും കൊണ്ടോയി. ഇല്ലെങ്കി, ബാക്കിയുണ്ടാവൂല്ലാരുന്നു'' ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ട ആ രാത്രിയെക്കുറിച്ച് മൈമൂനയുടെ വാക്കുകൾ. രാവിലെ വന്നുനോക്കുമ്പോൾ മൺകട്ട കൊണ്ടൊരുക്കിയ ആ ചെറിയ വീടിനെയൊന്നാകെ മലവെള്ളം നാമാവശേഷമാക്കിയിരുന്നു. ഭിന്നശേഷിക്കാരായ ആളുകളെ ക്യാമ്പുകളിൽ പുനരധിവസിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ട് മനസിലാക്കി ജില്ല കലക്ടർ ഇവരെ പ്രത്യേക സ്ഥലത്തേക്ക് മാറ്റാൻ നിർദേശം നൽകി. അങ്ങനെയാണ് ജില്ല സാമൂഹ്യ നീതി ഓഫിസർ നേരിട്ടിടപെട്ട് ഹ്യൂമാനിറ്റി ചാരിറ്റബ്ൾ ട്രസ്റ്റിനു കീഴിൽ വെള്ളയിൽ തേർവീട് റോഡിലുള്ള ലൈഫ് കെയർ ഹോമിലെത്തിച്ചത്. പെരുന്നാൾ^ഓണം അവധി പ്രമാണിച്ച് അന്തേവാസികളും ജീവനക്കാരുമെല്ലാം വീടുകളിലേക്ക് മടങ്ങുമ്പോൾ വിഷമത്തോടെ ഇവിടെ കഴിച്ചുകൂട്ടുകയായിരുന്നു മൈമൂനയും മക്കളും. പെരുന്നാളുടുപ്പ് കിട്ടിയതോടെ ചെറിയൊരു സന്തോഷം അവരുടെ മുഖത്തു തെളിഞ്ഞു. 

വർഷങ്ങൾക്കുമുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ വീട്ടുജോലി ചെയ്താണ് 54കാരിയായ മൈമൂന കുടുംബം പുലർത്തിയത്. എന്നാൽ കാലിനെ അലട്ടുന്ന കടുത്ത വേദനയും മകൻറെ വിഷമതകളും ഇവരുടെ തീരാനൊമ്പരമാണ്. അതിനിടക്കാണ് മരുമകളുടേതാണെങ്കിലും അടച്ചുറപ്പോടെ കഴിഞ്ഞിരുന്ന വീടി​​​െൻറ പതനം. സുമനസുകൾ സഹായിച്ച് ഇത്തിരി സ്ഥലവും അതിലൊരു വീടും കിട്ടിയിരുന്നെങ്കിൽ എന്നാണ് ഇവരുടെ ആഗ്രഹം. സഹായിക്കാനാഗ്രഹിക്കുന്നവർക്ക് മൈമൂനയുടെയും ഷഫീഖി​​​െൻറയും പേരിൽ താമരശ്ശേരി എസ്.ബി.ഐ ശാഖയിലുള്ള 67355084729 (IFSC: SBIN0070225) എന്ന അക്കൗണ്ടിൽ പണമടക്കാം. ഫോൺ: 7034771415.

 

Tags:    
News Summary - Perunnal In Havoc - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.