പെരിന്തൽമണ്ണയിലെ തെരഞ്ഞെടുപ്പ്​ ഫലം: എൽ.ഡി.എഫ് കോടതിയിലേക്ക്

പെരിന്തൽമണ്ണ: സംസ്ഥാനത്തെ​ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമായ 38 വോട്ടിന്​ യു.ഡി.എഫ്​ സ്ഥാനാർഥി നജീബ്​ കാന്തപുരം വിജയിച്ച പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിൽ സ്പെഷൽ തപാൽ വോട്ട്​ സംബന്ധിച്ച തർക്കം കോടതിയിലേക്ക്. പോളിങ് ഒാഫിസർമാരുടെ ഡിക്ലറേഷൻ ഒപ്പില്ലാതെയും സീരിയൽ നമ്പറില്ലാതെയും സ്പെഷൽ തപാൽ വോട്ടിൽ 347 എണ്ണം അസാധുവാക്കിയിരുന്നു. ഈ കാരണങ്ങൾകൊണ്ട് വോട്ടുകൾ അസാധുവാക്കിയത് ഇടത് സ്ഥാനാർഥിയുടെ ചീഫ് ഏജൻറ് ചോദ്യം െചയ്തെങ്കിലും റിട്ടേണിങ് ഒാഫിസർ ഇത് അസാധുവായ വോട്ടുകളായിത്തന്നെ പരിഗണിക്കുകയായിരുന്നു. അസാധുവാക്കിയ വോട്ടിൽ ഇടത് സ്ഥാനാർഥിക്ക് മാത്രമല്ല, വിവിധ ചിഹ്നങ്ങളിൽ വീണ വോട്ടുണ്ടെന്നും അവ എണ്ണണമെന്നേ തങ്ങൾ പറഞ്ഞിട്ടുള്ളൂ എന്നും സ്ഥാനാർഥി കെ.പി.എം. മുസ്തഫ പറഞ്ഞു.

80 വയസ്സ്​ കഴിഞ്ഞവരുടെ വീടുകളിൽ പോയി ബാലറ്റ് നൽകി വോട്ടു ചെയ്യിച്ച പോളിങ് ഒാഫിസർമാരുടെ അനാസ്ഥയാണിതെന്നും ഇത് വോട്ടറുടെ അപാകതകൊണ്ടല്ല സംഭവിച്ചതെന്നും എൽ.ഡി.എഫ് ചൂണ്ടിക്കാട്ടിയെങ്കിലും റി​ട്ടേണിങ്​ ഓഫിസറായ പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്. അഞ്ജു സ്വീകരിച്ചില്ല. ഈ വസ്തുതകൾ ചൂണ്ടിക്കാട്ടി കോടതിയെ സമീപിക്കാനാണ് തീരുമാനം. ഇതിനുവേണ്ടി രേഖകൾ തരപ്പെടുത്തുകയാണെന്നും ബുധനാഴ്ച കേസ് ഫയൽ ചെയ്യുമെന്നും കെ.പി.എം മുസ്തഫ അറിയിച്ചു.

പെരിന്തൽമണ്ണയിൽ സർവിസ് വോട്ടും സ്പെഷൽ തപാൽ വോട്ടുമടക്കം 3487 ആയിരുന്നു. 80 കഴിഞ്ഞവരുടെ സ്പെഷൽ തപാൽ വോട്ട് മാത്രം 1900 ആണ്. ഇതിൽനിന്നാണ് 347 വോട്ട് അസാധുവായി മാറ്റിയിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.