‘മൂന്ന് ലക്ഷം എനിക്ക്, രണ്ട് ലക്ഷം പൊലീസിന്’; കസ്റ്റഡി, പണം കൈമാറൽ... അന്ന് പീച്ചിയിൽ നടന്നത്

തൃശൂർ: കേരളത്തെ ഞെട്ടിച്ച പീച്ചി പൊലീസ് സ്റ്റേഷൻ മർദനത്തിലേക്ക് നയിച്ചത് 2023 ജൂലൈ 24ന് ഉച്ചക്ക് ശേഷം നടന്ന ചില സംഭവങ്ങൾ. പട്ടിക്കാട് ലാലീസ് ഹോട്ടലും പീച്ചി പൊലീസ് സ്റ്റേഷനും ഹോട്ടൽ ഉടമ ഔസേപ്പിന്‍റെ വീടുമെല്ലാം 500 മീറ്ററിനുള്ളിലാണ്.

ഉച്ചക്ക് 2.30 ഓടെയാണ് പാലക്കാട് വണ്ടാഴി സ്വദേശി ദിനേശും സഹോദരീപുത്രനും ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയത്. സഹോദരീപുത്രന് ബിരിയാണി ഇഷ്ടപ്പെടാതിരുന്നതോടെ ഇവരും ജീവനക്കാരുമായി തർക്കമുണ്ടായി. ഹോട്ടൽ മാനേജർ റോണി ജോണി ഇടപെട്ടു. തർക്കം തുടർന്നതോടെ ഹോട്ടൽ ജീവനക്കാർ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. അഞ്ച് മിനിറ്റിനകം എത്തുമെന്ന് അറിയിച്ചെങ്കിലും പൊലീസ് എത്തിയില്ലെന്ന് ഔസേപ്പ് പറയുന്നു.

വൈകീട്ട് അഞ്ചോടെ റോണിയും ഡ്രൈവർ ലിതിൻ ഫിലിപ്പും നേരിട്ട് പരാതി നൽകാൻ സ്റ്റേഷനിലെത്തി. ഈ സമയം ദിനേശും സ്റ്റേഷനിലുണ്ടായിരുന്നു. ഹോട്ടൽ ജീവനക്കാർ മർദിച്ചെന്നും ബിരിയാണി ദേഹത്ത് ഇട്ടെന്നുമായിരുന്നു ദിനേശിന്‍റെ പരാതി. ഇതോടെ റോണിയെയും ലിതിനെയും എസ്.ഐ. പി.എം രതീഷ് തടഞ്ഞുവെക്കുകയും ഫ്ലാസ്ക് എടുത്ത് അടിക്കാൻ ഓങ്ങുകയും ചെയ്തതായി ഔസേപ്പ് പറയുന്നു. തുടർന്ന് ഷെഫിനെയും വിളിച്ചുവരുത്തി.

വിവരമറിഞ്ഞ് ഔസേപ്പും മകൻ പോൾ ജോസഫും സ്റ്റേഷനിലെത്തി. എസ്.ഐയുമായി തർക്കമുണ്ടാകുകയും റോണിയെയും പോളിനെയും ലിതിനിനെയും ഷെഫ് പ്രജീഷിനെയും ലോക്കപ്പിൽ അടക്കുകയും ചെയ്തു. ദിനേശിന്‍റെ സഹോദരീ പുത്രന് പ്രായപൂർത്തിയായിട്ടില്ലെന്നും വധശ്രമത്തിനൊപ്പം പോക്സോ കേസുമുണ്ടാകുമെന്നും ഭീഷണിപ്പെടുത്തുകയും ഒത്തുതീർപ്പാക്കാൻ നിർദേശിക്കുകയും ചെയ്തതായി ഔസേപ്പ് പറഞ്ഞു.

പോക്സോ ചുമത്തപ്പെട്ടാൽ മൂന്ന് മാസത്തിന് ശേഷമേ ജാമ്യം ലഭിക്കൂവെന്നും എസ്.ഐ ഭീഷണിപ്പെടുത്തി. ഇതോടെ ദിനേശിനോട് സംസാരിച്ചു. അഞ്ച് ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. വീട്ടിൽ വന്ന ദിനേശിന് ആദ്യം 50,000 രൂപയുടെ എട്ട് കെട്ട് നൽകി. ഈ നാല് ലക്ഷം രൂപയിൽ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ, രണ്ട് ലക്ഷം പൊലീസിനാണെന്നും തനിക്ക് മൂന്ന് ലക്ഷം രൂപ ആവശ്യമുണ്ടെന്നും കുറക്കാനാകില്ലെന്നും ദിനേശ് പറഞ്ഞു. ഇതോടെ 50,000 രൂപയുടെ രണ്ട് കെട്ട് കൂടി നൽകി. ഇതെല്ലാം വീട്ടിലെ സി.സി.ടി.വി കാമറയിൽ പതിഞ്ഞിട്ടുണ്ടെന്നും ഔസേപ്പ് പറയുന്നു.

തുടർന്ന് തിരികെ സ്റ്റേഷനിലെത്തി ദിനേശ് പരാതി പിൻവലിച്ചു. അദ്ദേഹം പോയി അര മണിക്കൂർ കഴിഞ്ഞ ശേഷം മാത്രമാണ് തങ്ങളെ വിട്ടയച്ചത്. ഇനി ആർക്കും ഇത്തരത്തിൽ അനുഭവമുണ്ടാകാതിരിക്കാനാണ് നിയമപോരാട്ടം ആരംഭിച്ചത്- ഔസേപ്പ് വ്യക്തമാക്കുന്നു.

മനുഷ്യാവകാശ കമീഷനെ ദൃശ്യങ്ങൾ കാണിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് പരാതിക്കാരൻ

തൃശൂർ: പീച്ചി സ്റ്റേഷനിലെ മർദനത്തിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ രണ്ട് പ്രാവശ്യം മനുഷ്യാവകാശ കമീഷനിലെ അംഗങ്ങളെ കാണിച്ചിട്ടും നീതി ലഭിച്ചില്ലെന്ന് പരാതിക്കാരനായ പട്ടിക്കാട് ലാലീസ് ഹോട്ടൽ ഉടമ കെ.പി. ഔസേപ്പ്. മനുഷ്യാവകാശ കമീഷനിൽ നൽകിയ പരാതിയെതുടർന്ന് നടന്ന രണ്ട് സിറ്റിങ്ങുകളിൽ പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ച ദൃശ്യങ്ങൾ കാണിച്ചിരുന്നു. കേസെടുത്ത് എസ്.ഐയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നതായും ഔസേപ്പ് പറഞ്ഞു. എന്നാൽ, നടപടിയുണ്ടായില്ല. ഒരു സിറ്റിങ്ങിൽ എസ്.ഐ രതീഷുമുണ്ടായിരുന്നു.

Tags:    
News Summary - Peechi Police Atrocity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.