തിരുവനന്തപുരം: പകൽ ജലവൈദ്യുത, സോളാർ പദ്ധതികളിൽ നിന്നടക്കം ആവശ്യാനുസരണം വൈദ്യുതി ലഭ്യമാവുമ്പോൾ വരുംമാസങ്ങളിലെ പീക്ക് സമയത്തെ പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തര നീക്കവുമായി കെ.എസ്.ഇ.ബി. ആഗസ്റ്റിലെ പീക്ക് സമയ ആവശ്യത്തിനായി രണ്ട് കമ്പനികളിൽനിന്ന് 300 മെഗാവാട്ട് വാങ്ങാനാണ് ശ്രമം.
ഇതിനുള്ള കരാറിന് അനുമതി തേടി കെ.എസ്.ഇ.ബി റെഗുലേറ്ററി കമീഷനെ സമീപിച്ചു. ടാറ്റ പവർ ട്രേഡിങ് കമ്പനിയിൽനിന്ന് 8.75 രൂപ നിരക്കിൽ 34 മെഗാവാട്ടും ഗ്രീൻകോ എനർജീസ് പ്രൈവറ്റ് ലിമിറ്റഡിൽനിന്ന് 9.18 രൂപ നിരക്കിൽ 266 മെഗാവാട്ടുമാണ് ആഗസ്റ്റ് ഒന്നു മുതൽ 31 വരെ കാലയളവിൽ വാങ്ങുക. രാത്രി ഏഴുമുതൽ 12 വരെ സമയത്താണ് കമ്പനികൾ വൈദ്യുതി നൽകേണ്ടത്. നിലവിലെ ടെൻഡർ നിരക്കുകൾ താരതമ്യേന ഉയർന്നതാണെങ്കിലും ഈ കാലയളവിൽ മറ്റ് കമ്പനികൾ മുന്നോട്ടുവെച്ച നിരക്കുകളേക്കാൾ കുറവാണെന്നാണ് കെ.എസ്.ഇ.ബി വാദം.
യൂനിറ്റിന് 9.69 രൂപ മുതൽ 9.95 രൂപ വരെയാണ് മറ്റ് കമ്പനികളുടെ നിരക്ക്. ഗ്രീൻകോ എനർജീസ് 9.25 രൂപയാണ് ആദ്യം ആവശ്യപ്പെട്ടതെങ്കിലും ചർച്ചകളുടെ അടിസ്ഥാനത്തിൽ 9.18 രൂപയായി കുറച്ചുവെന്നും റെഗുലേറ്ററി കമീഷനുള്ള അപേക്ഷയിൽ കെ.എസ്.ഇ.ബി വിശദീകരിക്കുന്നു. വടക്കുകിഴക്കൻ മേഖലയിലെ കനത്ത മഴയെത്തുടർന്ന് പല ജനറേറ്റിങ് സ്റ്റേഷനുകളും കേന്ദ്ര നിർദേശങ്ങൾക്കനുസൃതമായി വാർഷിക അറ്റകുറ്റപ്പണി നടത്തുന്നത് പീക്ക് സമയ വൈദ്യുതി ലഭ്യതയിൽ കുറവുണ്ടാക്കിയെന്ന് കെ.എസ്.ഇ.ബി കമീഷനെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.