ഏക സിവില്‍കോഡ്, കണ്ണൂര്‍ കൊലപാതകം: പ്രതിപക്ഷം മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: ഏക സിവില്‍കോഡിന് കേന്ദ്രം നടത്തുന്ന നീക്കത്തില്‍ പ്രതിഷേധമറിയിക്കണമെന്നും കണ്ണൂരില്‍ സമാധാനം പുന$സ്ഥാപിക്കാന്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്നും ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിനിധിസംഘം മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തിങ്കളാഴ്ചത്തെ യു.ഡി.എഫ് യോഗ തീരുമാനപ്രകാരം പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ ചാണ്ടി, പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, എ.എ. അസീസ്, സി.പി. ജോണ്‍ എന്നിവരാണ് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് നിവേദനം നല്‍കിയത്.

കണ്ണൂരിലെ കൊലപാതകങ്ങളില്‍ ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ മുഖ്യമന്ത്രി യോഗംവിളിക്കണമെന്നും നാദാപുരത്തും വേളത്തും ലീഗ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ കേസിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടതായി ചെന്നിത്തല പിന്നീട് വാര്‍ത്താസമ്മേനത്തില്‍ പറഞ്ഞു. വ്യക്തിനിയമങ്ങള്‍ പരിഷ്കരിക്കുമ്പോള്‍ ആ സമുദായത്തിന്‍െറ അഭിപ്രായം കണക്കിലെടുക്കുന്നതാണ് മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്‍െറ കാലം മുതല്‍ സ്വീകരിച്ച നിലപാട്. ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്‍െറ പശ്ചാത്തലത്തില്‍ ചര്‍ച്ചകള്‍ കൂടാതെ എകീകൃത സിവില്‍ കോഡ് നടപ്പാക്കാനുള്ള നീക്കത്തില്‍ പ്രതിഷേധമുണ്ട്. മുഖ്യമന്ത്രിക്കും സര്‍ക്കാറിനും ഇതേ നിലപാടാണുള്ളത്.

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന തീവ്രവാദ പ്രവര്‍ത്തനങ്ങളെ ശക്തമായി നേരിടണം. എന്നാല്‍, ഇതിന്‍െറ പേരില്‍ മുസ്ലീം സംഘടനകള്‍ക്കോ വ്യക്തികള്‍ക്കോ എതിരെ പരിശോധനയില്ലാതെ നടപടി സ്വീകരിക്കുന്നത് ശരിയല്ല. ഉന്നയിച്ച വിഷയങ്ങളില്‍ മുഖ്യമന്ത്രി അനുകൂലമായാണ് പ്രതികരിച്ചതെന്ന് ചെന്നിത്തല പറഞ്ഞു. സിലബസുമായി ബന്ധപ്പെട്ട് ചില വിദ്യാലയങ്ങളില്‍ പൊലീസ് നടപടിയുണ്ടായിട്ടുണ്ട്. സിലബസ് പരിശോധിക്കാന്‍ വിദ്യാഭ്യാസവകുപ്പിന് ചുമതല നല്‍കണം. സ്കൂളുകളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നത് ശരിയല്ളെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് യുവാക്കള്‍ തീവ്രവാദത്തിന് വശംവദരാകുന്ന സ്ഥിതി ഗൗരവമായി അന്വേഷിക്കണമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ചില സ്കൂളുകളിലെ പാഠപുസ്തകങ്ങളില്‍ തീവ്രവാദം പ്രതിഫലിക്കുന്നുവെന്നത് വ്യാഖ്യാനമാണ്. സിലബസില്‍ പിഴവുണ്ടെങ്കില്‍ അത് പിന്‍വലിക്കാന്‍ ആവശ്യപ്പെടണം. അല്ലാതെ കിട്ടിയ അവസരം മുതലാക്കി യു.എ.പി.എ ഉപയോഗപ്പെടുത്തി ഒന്നുമറിയാത്തവരുടെ പേരില്‍ കേസെടുക്കുകയല്ല വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Tags:    
News Summary - peace school uniform civil code ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.