പി.സി. ചാക്കോ
തിരുവനന്തപുരം: സംസ്ഥാനത്ത് മന്ത്രിമാറ്റം നടക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് എൻ.സി.പി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോ. തിരുവനന്തപുരം ജില്ല കമ്മിറ്റി യോഗത്തിനിടെ പി.സി. ചാക്കോ മുഖ്യമന്ത്രിക്കു നേരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നതിന്റെ ശബ്ദരേഖയാണ് പുറത്തുവന്നത്. മന്ത്രിമാറ്റത്തിന് തയാറാകാതിരുന്ന മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി കുറിക്കു കൊള്ളുന്ന വിധം തനിക്ക് സംസാരിക്കാൻ അറിയാമെന്നാണ് പി.സി. ചാക്കോ പറഞ്ഞത്.
ജനുവരി 27ന് തിരുവനന്തപുരത്ത് ചേർന്ന എൻ.സി.പി യോഗമാണ് അലങ്കോലമായത്. ഈ യോഗത്തിലായിരുന്നു മന്ത്രിമാറ്റത്തിൽ മുഖ്യമന്ത്രിയോടുള്ള അതൃപ്തി പി.സി. ചാക്കോ പരസ്യമാക്കിയത്. മുഖ്യമന്ത്രിയെ കണ്ട് സംസാരിച്ചപ്പോള്‍ ഇപ്പോള്‍ ഒരു ചേയ്ഞ്ച് വേണോയെന്നാണ് ചോദിച്ചതെന്നാണ് ശബ്ദരേഖയിൽ പി.സി. ചാക്കോ പറയുന്നത്. നിങ്ങള്‍ അതിൽ നിര്‍ബന്ധം പിടിക്കരുതെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.
ശരത് പവാറിന്‍റെ നേതൃത്വത്തിൽ എടുത്ത തീരുമാനം ആണെന്ന് താൻ മറുപടി നൽകി. പാര്‍ട്ടിയുടെ തീരുമാനമാണെന്നും പറഞ്ഞു. അങ്ങ് അത് നടപ്പാക്കണമെന്നും ആവശ്യപ്പെട്ടു. അതിനപ്പുറത്തോട്ട് ഒന്നും താൻ പറഞ്ഞില്ല. പലതും പറയാമായിരുന്നുവെന്നും ഇടതുപക്ഷ മുന്നണിയിൽ ഇക്കാര്യം ഉന്നയിക്കാമായിരുന്നെന്നും പി.സി. ചാക്കോ പറയുന്നുണ്ട്. അങ്ങനെ ചെയ്താൽ നല്ല പബ്ലിസിറ്റി കിട്ടും. തനിക്ക് നല്ല കുറിക്ക് കൊള്ളുന്നത് പോലെ മുഖ്യമന്ത്രിയുടെ നെഞ്ചത്ത് നോക്കി സംസാരിക്കാമെന്നും അല്ലെങ്കിൽ കൊള്ളുന്ന പോലെ ചെയ്യാമെന്നും ശബ്ദരേഖയിൽ പി.സി. ചാക്കോ പറയുന്നുണ്ട്.
എൽ.ഡി.എഫ് വിടുമെന്ന സൂചനയും ചാക്കോ യോഗത്തിൽ നൽകിയെന്നും എതിർ ചേരിയിലുള്ളവർ പറയുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.