ചികിത്സ പിഴവ്; രോഗിയുടെ കാൽ മുറിച്ചുമാറ്റി

പറവൂർ: കഠിനമായ കാല് വേദനയുമായി പറവൂർ താലൂക്ക് ഗവ. ആശുപത്രിയിലെത്തിയ രോഗിക്ക് ചികിത്സപിഴവ് മൂലം കാൽ മുറിച്ച്മാറ്റേണ്ടി വന്നതായി പരാതി. കുന്നുകര വയൽക്കര ആറ്റുവേപ്പിൽ അബ്ദുൽ ജബ്ബാറിനാണ് (56) വലതുകാലിന്‍റെ മുട്ടിന് താഴെ മുറിച്ച് കളയേണ്ട ദുരവസ്ഥയുണ്ടായത്. ജൂലൈ 26ന് വൈകീട്ട് ഏഴോടെയാണ് വലതുകാലിന് കഠിനമായ വേദന തുടങ്ങിയത്.

പറവൂർ താലൂക്ക് ഗവ.ആശുപത്രി അത്യാഹിത വിഭാഗത്തിൽ ഡോക്ടർ പരിശോധിച്ചശേഷം വേദന സംഹാരികളും കുത്തിവെപ്പും നൽകിയിട്ടും വേദന കുറഞ്ഞില്ല. പിറ്റേന്ന് സർജനെ കണ്ടപ്പോഴാണ് കാലിനുണ്ടായ സ്ട്രോക്കാണ് വേദനക്ക് കാരണമെന്ന് സ്ഥിരീകരിച്ചു. കഠിനമായ വേദന തുടങ്ങി എട്ട് മണിക്കൂറിനകം ശസ്ത്രക്രിയ ചെയ്യേണ്ടതായിരുന്നുവെന്നും ഇനി മുട്ടിന് താഴെ മുറിച്ചുമാറ്റാതെ നിർവാഹമില്ലെന്നും സർജൻ പറഞ്ഞു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോകാൻ നിർദേശിച്ചെങ്കിലും പെട്ടെന്നുള്ള ചികിത്സക്കായി അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിലെത്തി.

അവിടെ സർജനെ കണ്ടപ്പോഴും മുട്ടിനുതാഴെ മുറിച്ചുമാറ്റണമെന്നാണ് നിർദേശിച്ചത്. സാമ്പത്തിക ബുദ്ധിമുട്ട് മൂലം കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ ചെയ്യാൻ തീരുമാനിച്ചു. അവിടുത്തെ ഡോക്ടറും ചികിത്സപിഴവ് സ്ഥിരീകരിച്ചു. വലതുകാൽമുട്ടിന് താഴെ മുറിച്ച് മാറ്റിയെന്നും ജീവിതം വഴിമുട്ടിയ അവസ്ഥയായെന്നും അബ്ദുൽ ജബ്ബാർ പറയുന്നു. മാസങ്ങൾ നീണ്ട ചികിത്സക്കും വിശ്രമത്തിനും ശേഷം പരസഹായത്തോടെയാണ് പുറത്തിറങ്ങാനായത്. പലവട്ടം ആശുപത്രി സൂപ്രണ്ടിനെ കണ്ട് സംസാരിച്ചിരുന്നു. എന്നാൽ തുടർ നടപടിഉണ്ടായില്ലെന്നാണ് പരാതി.

കുറ്റക്കാർക്കെതിരെ നടപടി വേണം -സി.പി.എം

ചികിത്സാപിഴവ് സംബന്ധിച്ച് നടപടി വേണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച രാവിലെ അബ്ദുൽ ജബ്ബാർ കുടുംബാംഗങ്ങൾക്കും, സി.പി.എം നേതാക്കൾക്കുമൊപ്പം ആശുപത്രിയിലെത്തി സൂപ്രണ്ടുമായി ചർച്ച നടത്തി. അന്വേഷണം നടത്തണമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നുംഏരിയ സെക്രട്ടറി ടി.വി. നിധിൻ ആവശ്യപ്പെട്ടു.

താലൂക്ക് ആശുപത്രിയിൽ മതിയായ ചികിത്സ നൽകാൻ സാധിക്കില്ലെങ്കിൽ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്യണമായിരുന്നു. അങ്ങനെ ഉണ്ടാകാതിരുന്നതാണ് അബ്ദുൽ ജബ്ബാറിന് കാൽ നഷ്ടമാകാൻ കാരണമായതെന്നും നിധിൻ പറഞ്ഞു. അന്വേഷണ റിപ്പോർട്ട് അടുത്ത ദിവസം തയാറാകുമെന്നും നടപടി കൈക്കൊള്ളുമെന്നും സൂപ്രണ്ട് ഡോ. ആഷ കെ. ജോൺ ഉറപ്പു നൽകി. നിരപരാധിയായ ഒരാളുടെ കാൽ മുട്ടിന് താഴെ മുറിച്ച് മാറ്റേണ്ടി വന്നത് ദൗർഭാഗ്യകരമായ സംഭവമാണെന്ന് നഗരസഭ ചെയർമാൻ രമേഷ് ഡി. കുറുപ്പ് പറഞ്ഞു.  

Tags:    
News Summary - Patient loses leg after treatment delay

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.