കെ.സി.എച്ച്.ആർ ചെയർമാൻ: ചരടുവലിച്ചത് ഡയറക്ടർ പദവി ലക്ഷ്യമിടുന്ന അധ്യാപകൻ
തിരുവനന്തപുരം: സെർച്ച് കമ്മിറ്റി നിർദേശിച്ച പേരുകൾ വെട്ടി കേരള ചരിത്ര ഗവേഷണ കൗൺസിൽ (കെ.സി.എച്ച്.ആർ) ചെയർമാനെ നിയമിച്ചതിന് പിന്നിൽ ഡയറക്ടർ പദവി ലക്ഷ്യമിടുന്നയാളുടെ ഇടപെടലുമുണ്ടെന്ന് സൂചനകൾ.
ഡൽഹി ജെ.എൻ.യുവിൽ അസിസ്റ്റന്റ് പ്രഫസർ തസ്തികയിൽ ജോലി ചെയ്യുന്നയാളാണ് ഡയറക്ടർ പദവി ലക്ഷ്യമിട്ട് കരുക്കൾ നീക്കുന്നത്. ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായുള്ള ഇദ്ദേഹത്തിന്റെ അടുപ്പമാണ് ചെയർമാൻ നിയമനത്തിൽ പ്രതിഫലിച്ചതെന്നാണ് സൂചന. കെ.സി.എച്ച്.ആർ അധ്യക്ഷ പദവിയിലേക്ക് പ്രമുഖ ചരിത്രകാരൻമാരുടെ പേരുകൾ സെർച്ച് കമ്മിറ്റി നിർദേശിച്ചിരുന്നു. പ്രഫ. രാജൻ ഗുരുക്കൾ, പ്രഫ. പയസ് മേലേക്കണ്ടത്തിൽ, പ്രഫ. സെൽവകുമാർ, പ്രഫ. ദിലീപ് എം. മേനോൻ തുടങ്ങിയവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ നിർദേശിക്കപ്പെട്ടത്.
ഇതിൽ പയസ് മേലേക്കണ്ടത്തിലിന്റെയും ദിലീപ് മേനോന്റെയും പേരുകൾ സർക്കാറിന് സ്വീകാര്യമായെങ്കിലും ഡയറക്ടർ പദവി ലക്ഷ്യമിട്ടുള്ളയാളുടെ നീക്കത്തിൽ തള്ളിപ്പോയി. ജെ.എൻ.യുവിലെ മുൻ പ്രഫസറും അറിയപ്പെടുന്ന ചരിത്രകാരനുമായ പയസ് മേലേകണ്ടത്തിലിനെ നിയമിക്കുന്നതിന് തടസ്സമായതാകട്ടെ, ഡയറക്ടർ പദവി ലക്ഷ്യമിടുന്നയാളും കൃസ്ത്യൻ വിഭാഗത്തിൽ നിന്നായതാണ്.
ഇതോടെയാണ് രണ്ടാംഘട്ട യോഗത്തിൽ കൂടുതൽ പേരുകൾ ഉയർന്നുവരികയും പ്രഫ. കെ.എസ്. മാധവൻ (കാലിക്കറ്റ് സർവകലാശാല), പ്രഫ. ജെ. ദേവിക (സെന്റർ ഫോർ ഡവലപ്മെന്റൽ സ്റ്റഡീസ്), പ്രഫ. റയ്മണ്ട് (സംസ്ഥാന ആർക്കൈവ്സ് മുൻ ഡയറക്ടർ) എന്നീ പേരുകൾ സെർച്ച് കമ്മിറ്റി നിർദേശിക്കുകയും ചെയ്തത്.
ഇതിൽ കെ.എസ്. മാധവനെ അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന നിർദേശം മുസ്ലിം ലീഗ് കേന്ദ്രങ്ങൾ മുന്നോട്ടുവെക്കുകയും ചെയ്തു.
എന്നാൽ, സെർച് കമ്മിറ്റി നിർദേശിച്ച മൂന്ന് പേരുകളും വെട്ടി, ഒരുഘട്ടത്തിലും ചർച്ചയിൽ വരാത്ത എറണാകുളം മഹാരാജാസ് കോളജ് അധ്യാപകൻ പ്രഫ. വിനോദ്കുമാർ കല്ലോലിക്കലിനെ ചെയർമാനാക്കുകയാണ് സർക്കാർ ചെയ്തത്. സെർച്ച് കമ്മിറ്റിയുടെ നടപടികൾ കമ്മിറ്റി അംഗം മാത്രമായ ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് ഇടപെട്ട് അട്ടിമറിച്ചെന്നാണ് അംഗം പ്രഫ. സനൽ മോഹൻ നൽകിയ കത്തിലൂടെ തുറന്നടിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.