കോഴിക്കോട്: സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിലുണ്ടാകുന്ന വീഴ്ചകൾക്ക് പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, ബി.ഡി.ഒ എന്നിവരും ഉത്തരവാദികളാണെന്ന് അപ്പലറ്റ് അതോറിറ്റി ഉത്തരവ്. തൊഴിലുറപ്പ് പദ്ധതി സംബന്ധിച്ച് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ ഓംബുഡ്സ്മാനിൽ നിലനിൽക്കുന്ന പരാതികൾക്കുകൂടി ഉത്തരവ് ബാധകമാണ്.
മലപ്പുറം ജില്ലയിലെ എടക്കര ഗ്രാമപഞ്ചായത്തിലെ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ല ഓംബുഡ്സ്മാൻ സി. അബ്ദുൽ റഷീദിന്റെ ഉത്തരവിനെതിരെ നിലമ്പൂർ ബി.ഡി.ഒ എ.ജെ. സന്തോഷ് ഫയൽ ചെയ്ത അപ്പീൽ നിരാകരിച്ചാണ് അപ്പലറ്റ് അതോറിറ്റി ചെയർമാൻ ഡോ. ബി.എസ്. തിരുമേനി, മെംബർമാരായ ഡോ. കെ.എം. സീതി, എൻ. വിനോദിനി എന്നിവർ ഈ ഉത്തരവിട്ടത്.
എടക്കര ഗ്രാമപഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ നടത്തിപ്പിലെ അപാകതകൾക്ക് ഉത്തരവാദിയായ എൻജിനീയർ അഫീഫ് റഹ്മാനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എടക്കര ഗ്രാമപഞ്ചായത്ത് അംഗം സന്തോഷ് കുമാർ സമർപ്പിച്ച പരാതിയിൽ, വീഴ്ചക്ക് കാരണക്കാരൻ എൻജിനീയർ മാത്രമല്ലെന്നും പഞ്ചായത്ത് സെക്രട്ടറി, അസി. സെക്രട്ടറി, നിലമ്പൂർ ബി.ഡി.ഒ, ജോ. ബി.ഡി.ഒ, ബ്ലോക്ക് എൻജിനീയർ തുടങ്ങിയവരും ഉത്തരവാദികളാണെന്നും ഇക്കാര്യത്തിൽ സ്വീകരിക്കുന്ന നടപടികൾ വിവേചനപരമാകരുതെന്നും മലപ്പുറം ജില്ല ഓംബുഡ്സ്മാൻ സി. അബ്ദുൽ റഷീദ് ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് നിലമ്പൂർ ബി.ഡി.ഒ സന്തോഷ് അപ്പീൽ നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.