പത്തനംതിട്ട: മെഴുവേലി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ ചുമതല വഹിക്കുന്ന ഹെഡ് ക്ലർക്കിന്റെ കൈയും കാലും തല്ലിയൊടിക്കുമെന്നും വേണ്ടിവന്നാൽ കൊല്ലുമെന്നും മുൻ എം.എൽ.എ ഭീഷണി മുഴക്കിയെന്ന് പരാതി.
ആറന്മുള മുൻ എം.എൽ.എയും സി.പി.എമ്മിന്‍റെ മുതിർന്ന നേതാവുമായ കെ.സി. രാജഗോപാലനെതിരെ മെഴുവേലി പഞ്ചായത്ത് ഹെഡ് ക്ലർക്ക് എസ്. ഷാജിയാണ് പരാതി നൽകിയത്. എന്നാൽ, ജോലി ചെയ്യാൻ സംരക്ഷണം ആവശ്യപ്പെട്ടുള്ള പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന നിലപാടിലാണ് പൊലീസ്.
പഞ്ചായത്തിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങൾ ഉന്നയിച്ച് യൂത്ത് കോൺഗ്രസ് നേതാവ് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ഇത് ഷാജി തയാറാക്കി നൽകിയതാണെന്ന് ആരോപിച്ചായിരുന്നു ഭീഷണി. കഴിഞ്ഞ ഒന്നിന് തൊഴിലുറപ്പ് വിഭാഗം കരാർ ജീവനക്കാരൻ ഹെഡ് ക്ലർക്കിനെ ചോദ്യം ചെയ്യുകയും അസഭ്യം വിളിക്കുകയും ചെയ്തിരുന്നു. രണ്ടാം തീയതിയാണ് രാജഗോപാൽ ഫോണിൽ വിളിച്ച് ഭീഷണി മുഴക്കിയത്.
സെക്രട്ടറിയെ വിളിച്ച് സംസാരിച്ചിരുന്നെന്നും എന്നാൽ, ഭീഷണിപ്പെടുത്തിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും കെ.സി. രാജഗോപാലൻ പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മെഴുവേലി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ധർണ നടത്തി. മുൻ എം.എൽ.എ കെ. ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.