വെള്ളാപ്പള്ളി പറയുന്ന മുഴുവൻ കാര്യങ്ങളോടും സിപിഎമ്മിന് യോജിപ്പില്ല -പാലോളി മുഹമ്മദ് കുട്ടി; ‘ബി.ഡി.ജെ.എസ് വിഷയത്തിൽ സിപിഎം നിലപാട് വളരെ വ്യക്തം’

മലപ്പുറം: വെള്ളാപ്പള്ളി നടേശനെ പ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ അല്ലാതെ മൊത്തത്തിൽ അനുകൂലിക്കാനും എതിർക്കാനും തങ്ങളില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് പാലോളി മുഹമ്മദ് കുട്ടി. ‘അവർ പറഞ്ഞ ചില കാര്യങ്ങളെ ശക്തിയായി എതിർക്കാറുണ്ട്. ചിലതിനെ അനുകൂലിക്കാറുണ്ട്. അത് ആ വിഷയം ഏതാണ് എന്നുള്ളതിനെ ആസ്പദിച്ചിരിക്കും. ബി.ഡി.ജെ.എസിനെ സംബന്ധിച്ചിടത്തോളം സിപിഎമ്മിന്റെ നിലപാട് വളരെ വ്യക്തമാണ്. അതും വെള്ളാപ്പള്ളിയും രണ്ടും രണ്ടാണ്. വെള്ളാപ്പള്ളി അതിന്റെ അനുകൂലിയാണെങ്കിലും അതിന്റെ വക്താവായിട്ടല്ല അയാൾ സംസാരിക്കാറുള്ളത്. വെള്ളാപ്പള്ളി പറയുന്ന മുഴുവൻ കാര്യങ്ങളോടും സിപിഎമ്മിന് യോജിപ്പില്ല. ചില പ്രശ്നങ്ങളിൽ അയാൾ ഉയർത്തുന്നത് ശരി വെക്കാറുണ്ട്’ -പാലോളി മുഹമ്മദ് കുട്ടി പറഞ്ഞു.

മുമ്പ് തെരഞ്ഞെടുപ്പുകളിൽ ജമാഅത്തെ ഇസ്‍ലാമിയുമായി സി.പി.എം സഹകരിച്ചിരുന്നുവെന്നും പാലോളി പറഞ്ഞു. കോൺഗ്രസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സംഘടന ആയതിനാലാണ് ജമാഅത്തുമായി സഹകരിച്ചതെന്നും അദ്ദേഹം മീഡിയവണ്ണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ‘സി.പി.എം പൊതുരാഷ്ട്രീയ രംഗത്ത് സ്വീകരിക്കുന്ന നിലപാട് തന്നെയാണ് അവർക്കും (ജമാഅത്തെ ഇസ്‍ലാമിക്കും) അന്നുണ്ടായിരുന്നത്. ആ യോജിപ്പിന്റെ അടിസ്ഥാനത്തിലാണ് അവരുമായി സഹകരിച്ചത്. കോൺഗ്രസിന്റെ അന്നത്തെ നിലപാടിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ച പാർട്ടിയാണ് ജമാഅത്തെ ഇസ്‍ലാമി. സിപിഎമ്മും അതേ ലക്ഷ്യത്തിലാണ് അന്ന് പോരാടിയത്. ആ പ്രശ്നത്തോടുള്ള യോജിപ്പിന്റെ അടിസ്ഥാനത്തിലുള്ളതല്ലാതെ ഒരു രാഷ്ട്രീയ സഖ്യത്തിന് വേണ്ടി രണ്ടുകൂട്ടരും തയ്യാറായിട്ടില്ല.

അന്ന് അവർ എടുത്ത നിലപാടും ഞങ്ങൾക്ക് കേന്ദ്ര ഗവൺമെന്റിന്റെ നയത്തോടുള്ള നിലപാടും ഒരുപോലെയായിരുന്നു. അവരും എതിർക്കുന്നു, ഞങ്ങളും എതിർക്കുന്നുണ്ട്. ആ എതിർപ്പിലുള്ള ഐക്യമാണ് ഉണ്ടായത്’ -പാലോളി പറഞ്ഞു.

സി.പി.എം ജമാഅത്തെ ഇസ്‍ലാമിയുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്നത് മുമ്പും പാലോളി മുഹമ്മദ് കുട്ടി തുറന്നുപറഞ്ഞിരുന്നു. പരസ്പരം മനസ്സിലാക്കിത്തന്നെയാണ് ബന്ധം സ്ഥാപിച്ചിരുന്നതെന്നും മുഖ്യശത്രുവിനെ നേരിടുകയായിരുന്നു ലക്ഷ്യമെന്നും സഭാ ടിവിക്ക് നൽകിയ അഭിമുഖത്തിൽ അന്ന് പാലോളി മുഹമ്മദ് കുട്ടി വെളിപ്പെടുത്തിയിരുന്നു.

ജമാഅത്തെ ഇസ്‍ലാമിയുമായുള്ള സഹകരണത്തെ വർഗീയവാദമായി ചിത്രീകരിച്ച് സി.പി.എം രാഷ്ട്രീയ പ്രചാരണം നടത്തുന്നതിനിടയിലാണ് കേന്ദ്ര കമ്മിറ്റി അംഗമായിരുന്ന മുതിര്‍ന്ന നേതാവ് പാലോളി മുഹമ്മദ്കുട്ടി പഴയ ബന്ധം സ്ഥിരീകരിച്ചത്. നേരത്തെ പല തെരഞ്ഞടുപ്പുകളിലും സി.പി.എം ജമാഅത്തെ ഇസ്‍ലാമിയുമായി യോജിച്ചു പോയിരുന്നതായി അദ്ദേഹം പറഞ്ഞു. ‘ഞങ്ങളെ ജമാഅത്ത് മനസ്സിലാക്കാത്തതുകൊണ്ടോ ഞങ്ങള്‍ ജമാഅത്തിനെ മനസ്സിലാക്കാത്തതുകൊണ്ടോ പറ്റിയ അബദ്ധമല്ല അത്. അക്കാലത്ത് രണ്ടുകൂട്ടര്‍ക്കും ഒരു പൊതുവായ ശത്രുവുണ്ടായിരുന്നു. അതിനെ നേരിടണമെന്നുള്ള താത്പര്യം അവര്‍ക്കും ഞങ്ങള്‍ക്കുമുണ്ടായിരുന്നു’ -പാലോളി പറഞ്ഞു.

Full View

Tags:    
News Summary - paloli mohammed kutty velleppalli natesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.