പാലക്കാട് ശ്രീനിവാസൻ വധം: മൂന്ന് പി.എഫ്.ഐ പ്രവർത്തകർക്ക് ജാമ്യം; പ്രത്യയശാസ്ത്രത്തിന്‍റെ പേരിൽ ഒരാളെ ദീർഘനാൾ ജയിലിലിടാൻ കഴിയില്ലെന്ന് സുപ്രീംകോടതി

പാലക്കാട് ആര്‍.എസ്.എസ് നേതാവ് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസിൽ മൂന്ന് പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, അബ്ദുൽ സത്താർ, യഹിയ കോയ തങ്ങൾ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രത്യയശാസ്ത്രത്തിന്‍റെ പേരിൽ ഒരാളെ ദീർഘനാൾ ജയിലിലിടാൻ കഴിയില്ലെന്ന് വിധിയിൽ സുപ്രീംകോടതി വ്യക്തമാക്കി.

ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഹൈകോടതി ജാമ്യം അനുവദിച്ച പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍.ഐ.എ വാദം.

പോപ്പുലർ ഫ്രണ്ട് നേതാവായിരുന്ന സുബൈറിനെ കൊലപ്പെടുത്തിയതിന് പ്രതികാരമായാണ് 2022 ഏപ്രിൽ 16ന് ശ്രീനിവാസനെ കൊലപ്പെടുത്തിയതെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള കാരണങ്ങളിൽ ശ്രീനിവാസൻ വധത്തെ ഒരു പ്രധാന കാരണമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.

ഇതിന് പിന്നാലെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു. എലപ്പുള്ളി സ്വദേശിയും എസ്‍.ഡി.പി.ഐ ഭാരവാഹിയുമായിരുന്ന സുബൈര്‍ കൊല്ലപ്പെട്ടതിന്‍റെ പിറ്റേദിവസമാണ് ശ്രീനിവാസന്‍ കൊല്ലപ്പെട്ടത്.

Tags:    
News Summary - Palakkad Sreenivasan Murder Case: Supreme Court granted bail to Three PFI activists

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.