‘പല വഴിക്ക് സഹായം കിട്ടിയിട്ടും ഭൂരിപക്ഷം ഇത്രമാത്രം’; യു.ഡി.എഫിന്‍റേത് നാണംകെട്ട ജയമെന്ന് പദ്മജ വേണുഗോപാൽ

കോഴിക്കോട്: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് പലവഴിക്ക് സഹായം കിട്ടിയിട്ടും ഭൂരിപക്ഷം ചെറുതാണെന്നും നാണംകെട്ട ജയമാണ് മുന്നണിയുടേതെന്നും ബി.ജെ.പി നേതാവ് പദ്മജ വേണുഗോപാൽ. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടൻതന്നെ യു.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കിയെന്ന് അൻവർ പറഞ്ഞു. ന്യൂനപക്ഷ വോട്ടുകൾ നേടാൻ പലവഴി നോക്കി. മുള്ള് , മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവൻ വോട്ടുകളും പോക്കറ്റിലാക്കാൻ നോക്കിയിട്ടും യു.ഡി.എഫിന്റെ ഭൂരിപക്ഷം 11,077 എന്ന സംഖ്യയിൽ ഒതുങ്ങി.

സി.പി.എമ്മിന്റെ വോട്ടും ചോർന്നു. ഇരുമുന്നണികളെയും ജനത്തിന് മടുത്തെന്നും പരമ്പരാഗത യു.ഡി.എഫ് മണ്ഡലത്തിൽ ബി.ജെ.പിക്ക് വോട്ടുയർത്താനായെന്നും പദ്മജ ഫേസ്ബുക്കിൽ കുറിച്ചു. അതേസമയം തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി അഡ്വ. മോഹൻ രാജിന് 8,648 വോട്ടുകൾ മാത്രമാണ് നേടാനായത്. 19,760 വോട്ടുകൾ സ്വന്തമാക്കിയ പി.വി. അൻവറിനും പിന്നിൽ നാലാമതാണ് ബി.ജെ.പി. യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് 77,737 വോട്ടും എൽ.ഡി.എഫിന്‍റെ എം. സ്വരാജ് 66,660 വോട്ടുകളും നേടി.

പദ്മജയുടെ കുറിപ്പിന്‍റെ പൂർണരൂപം

കേരള രാഷ്ട്രീയത്തിലെങ്കിലും ഞങ്ങളിതാ തിരിച്ചുവരവ് നടത്തുകയാണേ എന്ന ആർപ്പ് വിളിയാണ് പ്രത്യക്ഷത്തിൽ കോൺഗ്രസ് ക്യാമ്പിലേത്. എന്നാൽ സ്വയം നടത്തുന്ന വിലയിരുത്തലിൽ വി.ഡി. സതീശന് കാര്യങ്ങൾ ബോധ്യമായിട്ടുണ്ട്. ജമാഅത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള വർഗീയ പാർട്ടികളുടെ വോട്ട് നേടിയാണ് ആര്യാടൻ ഷൗക്കത്തിന്റെ വിജയം. കൂടാതെ ന്യൂനപക്ഷ വോട്ടുകൾ ഏകീകരിപ്പിക്കാനുള്ള വർഗീയ പൊടിക്കൈകളുമായി ന്യൂ ജനറേഷൻ കോൺഗ്രസ് നേതാക്കളും സജീവമായിരുന്നു നിലമ്പൂരിൽ.

മുള്ള് , മുരിക്ക്, പാമ്പ്, പഴുതാര തുടങ്ങി മുഴുവൻ വോട്ടുകളും പോക്കറ്റിലാക്കാൻ നോക്കിയിട്ടും യു.ഡി.എഫിന്റെ ഭൂരിപക്ഷം 11,077 എന്ന സംഖ്യയിൽ ഒതുങ്ങി, കൂടാതെ പി.വി. അൻവർ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടനെതന്നെ നടത്തിയ പ്രസ്താവനയുടെ സാരാംശം ‘ഞാൻ എൽ.ഡി.എഫിന്റെ വോട്ട് പിടിച്ച് യു.ഡി.എഫിന്റെ വിജയത്തിന് വഴിയൊരുക്കി’ എന്നത് കൂടിയാണ്. അപ്പോൾ പല വഴിക്കുള്ള ഇത്തരം സഹായങ്ങൾ കൂടി കിട്ടിയിട്ടും ഭൂരിപക്ഷം ഇത്ര മാത്രം ആണെങ്കിൽ ഈ വിജയത്തെ നാണംകെട്ട ജയം എന്നുകൂടി പറയേണ്ടി വരും.

സി.പി.എമ്മും എല്ലാവിധ സന്നാഹങ്ങളോടും കൂടി അവരുടെ മികച്ച സ്ഥാനാർഥിയെ രംഗത്തിറക്കിയെങ്കിലും വോട്ട് ബാങ്ക് ചോർന്നുപോയി എന്നത് ജനം ഇരു മുന്നണികളെയും മടുത്തു എന്നതിന്റെ സൂചന ആണ്. അതേസമയം ഈ തെരഞ്ഞെടുപ്പിൽ വോട്ടിന്റെ എണ്ണം പരമ്പരാഗത യു.ഡി.എഫ് മണ്ഡലത്തിൽ ഉയർത്താൻ ബി.ജെ.പിക്ക് കഴിഞ്ഞെങ്കിൽ ബി.ജെ.പി മുന്നോട്ടുവയ്ക്കുന്ന വികസന മുദ്രാവാക്യത്തെ കേരളം ഏറ്റെടുക്കാൻ തുടങ്ങി എന്നതിന്റെ സൂചന കൂടിയാണ്.

രണ്ട് തവണ കൈവിട്ട സീറ്റാണ് ഷൗക്കത്തിലൂടെ യു.ഡി.എഫ് തിരിച്ചുപിടിച്ചത്. വഴിക്കടവ്, മൂത്തേടം, എടക്കര, പോത്തുകല്‍, ചുങ്കത്തറ, കരുളായി, അമരമ്പലം പ​ഞ്ചാ​യ​ത്തു​ക​ളിലും നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭയും ലീഡ് നേടാൻ യു.ഡി.എഫ് സ്ഥാനാർഥിക്ക് കഴിഞ്ഞു. പ്രതീക്ഷ പു​ല​ർ​ത്തിയ നിലമ്പൂർ നഗരസഭയിലും ക​രു​ളാ​യി, അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തു​കളിലും എൽ.ഡി.എഫ് തിരിച്ചടി നേരിട്ടു. ഇവിടെയും ഷൗക്കത്ത് മുന്നേറ്റം നടത്തി. വോട്ട് നില സംബന്ധിച്ച അന്തിമ കണക്ക് പുറത്തുവരാനുണ്ട്. മ​ണ്ഡ​ല​ത്തി​ലെ ആകെയുള്ള 2,32,057 വോ​ട്ട​ർ​മാ​രിൽ 1,76,069 പേരാണ് ഇത്തവണ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തിയത്.

Tags:    
News Summary - Padmaja Venugopal says UDF's victory in Nilambur Bypoll is shameful

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.