കൽപറ്റ: വയനാട്ടിലെ കൽപറ്റ നഗരസഭ ചെയർമാനായി പി. വിശ്വനാഥൻ ചുമതലയേറ്റതോടെ, ഒരു ചരിത്രംകൂടി പിറന്നു. രാജ്യത്ത് ആദ്യമായി പണിയ വിഭാഗത്തിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന നഗരസഭ ചെയർമാനായി ഇദ്ദേഹം. ഇത്തവണ കൽപറ്റ നഗരസഭ ചെയർമാൻ പദവി പട്ടികവർഗ സംവരണമായിരുന്നു. സി.പി.എം കൽപറ്റ ഏരിയ കമ്മിറ്റി അംഗമായ വിശ്വനാഥൻ എടഗുനി കുരുന്തൻ ഉന്നതിയിലാണ് താമസിക്കുന്നത്.
ആദിവാസി ക്ഷേമസമിതി (എ.കെ.എസ്) ജില്ല പ്രസിഡന്റ് കൂടിയാണ് ഈ നാൽപതുകാരൻ. ഡി.വൈ.എഫ്.ഐയിലൂടെ രാഷ്ട്രീയത്തിലെത്തിയ വിശ്വനാഥൻ രണ്ടാം തവണയാണ് കൗൺസിലറായി വിജയിക്കുന്നത്. എടഗുനിയിലെ ജനറൽ സീറ്റിൽ നിന്ന് ഏറ്റവും ഉയർന്ന ഭൂരിപക്ഷം നേടിയാണ് ഇത്തവണ വിജയിച്ചത്. 17 വോട്ടുകൾ നേടിയാണ് നഗരസഭ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടത്.
യു.ഡി.എഫ് ഭരിച്ചിരുന്ന നഗരസഭ, 30 ൽ 17 ഡിവിഷനുകളും നേടിയാണ് എൽ.ഡി.എഫ് ഇത്തവണ പിടിച്ചെടുത്തത്. കിളി-രാധ ദമ്പതികളുടെ മകനാണ്. സുനിതയാണ് ഭാര്യ. മക്കൾ: വൈഷ്ണ, വൈഷ്ണവി. നാടൻപാട്ട് കലാകാരനുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.