സമ്പദ്ഘടനയിൽ ഫിഷറീസ് മേഖലയുടെ പങ്ക് വലുതെന്ന് പി.രാജീവ്‌

തിരുവനന്തപുരം : സമ്പദ്ഘടനയിൽ ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന മേഖലകളിൽ ഒന്നാണ് ഫിഷറീസ് മേഖലയെന്ന് മന്ത്രി പി. രാജീവ്. ഫിഷറീസ് വകുപ്പിന്റെ സംസ്ഥാനതല പരിശീലന കേന്ദ്രമായ നിഫാമിന്റെ( നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് അഡ്മിനിസ്ട്രേഷൻ ആന്റ് മാനേജ്മെന്റ് )ഗസ്റ്റ് ഹൗസിന്റെയും, നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായ ഓഫീസ്, ഹോസ്റ്റൽ ബ്ലോക്കുകൾ, ഔദ്യോഗിക വെബ്സൈറ്റ്, മൊബൈൽ ആപ്ലിക്കേഷൻ എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യബന്ധന മേഖലയിൽ ആധുനിക കാലഘട്ടത്തിനനുസൃതമായ വികസനമാണ് സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ഫിഷറീസ് മേഖലയുമായി ബന്ധപ്പെട്ട പ്രവർത്തിക്കുന്ന നൂറിലധികം കമ്പനികളുടെ സംഗമം നടത്തിയിരുന്നു. നിലവിലുള്ള രീതികൾ ഒഴിവാക്കി റഡാർ തുടങ്ങിയ അത്യാധുനിക സാങ്കേതികവിദ്യകൾ ഉപയോഗിച്ചുകൊണ്ട് ആഴക്കടൽ മത്സ്യബന്ധനം നടപ്പിലാക്കാനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്.

ഭക്ഷ്യസംസ്കരണ മേഖലയിൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഇ.യു ( യൂറോപ്യൻ യൂനിയൻ) സർട്ടിഫൈഡ് കമ്പനികളുള്ള സംസ്ഥാനമാണ് കേരളം. ഫിഷറീസ് മേഖലയിലാണ് ഏറ്റവും കൂടുതൽ കയറ്റുമതി നടക്കുന്നത്. കയറ്റുമതി മേഖലയിൽ വലിയ സാധ്യതകളാണുള്ളത്. കൂടുതൽ ഭക്ഷ്യ സംസ്കരണ യൂനിറ്റുളും, മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപാദനവും അനിവാര്യമാണ്. ഈ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താനും മത്സ്യസമ്പത്ത് വർദ്ധിപ്പിക്കാനുമുള്ള പ്രവർത്തനങ്ങൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

അടിസ്ഥാന സൗകര്യ വികസനത്തിലൂടെ നിഫാമിനെ ദേശീയ നിലവാരത്തിലുള്ള പരിശീലന കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ആധുനിക സെമിനാർ ഹാൾ, താമസമുറികൾ എന്നിവ ഉൾപ്പെടുന്ന ഗസ്റ്റ് ഹൗസ്, അഡ്മിനിസ്ട്രിവ് ഓഫീസ്, ട്രെയിനിങ് ഹാളുകൾ, ഹോസ്റ്റൽ മുറികൾ എന്നിവയാണ് സജ്ജമാക്കിയിരിക്കുന്നത്.

വിവരസാങ്കേതിക മേഖലയിലെ നൂതന സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മത്സ്യമേഖലയിൽ നൂതന ആശയങ്ങൾ നടപ്പിലാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിഫാമിന്റെ ഔദ്യോഗിക വെബ്സൈറ്റും, മൊബൈൽ ആപ്ലിക്കേഷനും സജ്ജമാക്കിയിരിക്കുന്നത്. ചടങ്ങിൽ ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് അധ്യക്ഷത വഹിച്ചു.

Tags:    
News Summary - P. Rajeev said that the role of fisheries sector in the economy is big

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.